സച്ചിനല്ല, ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരം അവനാണ്. ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി ഹാരി ബ്രുക്ക്.

sachin and virat

ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരമാണ് സച്ചിൻ ടെണ്ടുൽക്കർ. ഏകദിന ക്രിക്കറ്റിൽ സച്ചിൻ നേടിയ പല റെക്കോർഡുകളും മറ്റു താരങ്ങൾക്ക് സ്വപ്നം കാണാൻ പോലും സാധിക്കാത്തതാണ്. 15,921 റൺസാണ് സച്ചിൻ തന്റെ ഏകദിന കരിയറിൽ മാത്രമായി സ്വന്തമാക്കിയത്. 49 ഏകദിന സെഞ്ചുറികളും സച്ചിന്റെ പേരിലുണ്ട്.

അതിനാൽ തന്നെ ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച കളിക്കാരൻ സച്ചിനാണ് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് താരം ഹാരി ബ്രുക്ക്. വിരാട് കോഹ്ലിയാണ് ലോക ക്രിക്കറ്റ് കണ്ടതിൽ ഏറ്റവും മികച്ച താരം എന്ന് ഹാരി ബ്രുക്ക് പറയുന്നു.

വിരാട് ഇന്നിംഗ്സുകൾ കെട്ടിപ്പൊക്കുന്ന രീതിയും വിക്കറ്റിനിടയിലൂടെയുള്ള ഓട്ടവുമൊക്കെ കണക്കിലെടുത്താണ് ഹാരി ബ്രുക്കിന്റെ ഈ പ്രസ്താവന. “നിലവിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ വിരാട് കോഹ്ലിയാണ്. കോഹ്ലിയുടെ മൈതാനത്തെ പ്രകടനങ്ങൾ വളരെ മികച്ചതാണ്. വിക്കറ്റിനിടയിലൂടെ നന്നായി ഓടി റൺസ് കണ്ടെത്താൻ വിരാട് ശ്രമിക്കാറുണ്ട്.

എല്ലാംകൊണ്ടും അയാൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ്. വിരാട് തന്റെ ഇന്നിംഗ്സ് കെട്ടിപ്പൊക്കുന്നത് കണ്ടാൽ തന്നെ ഇക്കാര്യം മനസ്സിലാകും. വിരാട്ടിന്റെ ചില ഇന്നിംഗ്സുകൾ അവിശ്വസനീയം തന്നെയാണ്.”- ഹാരി ബ്രുക്ക് പറഞ്ഞു.

Read Also -  മൂന്നാം നമ്പറിൽ കോഹ്ലിയ്ക്ക് പകരം സഞ്ജു, ഗില്ലും ജയസ്വാളും ഓപ്പണിങ്. ആദ്യ ട്വന്റി20യിലെ സാധ്യത ടീം.

2023 ഏകദിന ലോകകപ്പ് വിരാട് കോഹ്ലിയെ സംബന്ധിച്ച് ഒരു സ്വപ്ന ടൂർണമെന്റായിരുന്നു. ഓസ്ട്രേലിയക്കെതിരായ ഫൈനൽ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിലുടനീളം മികവ് കാട്ടാൻ കോഹ്ലിക്ക് സാധിച്ചിരുന്നു. 765 റൺസാണ് കോഹ്ലി ഏകദിന ലോകകപ്പിൽ നേടിയത്.

ഒരു ഏകദിന ലോകകപ്പ് എഡിഷനിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡും കോഹ്ലി പേരിൽ ചേർത്തു. സച്ചിനെ മറികടന്നായിരുന്നു കോഹ്ലിയുടെ ഈ നേട്ടം. മാത്രമല്ല ന്യൂസിലാൻഡിനെതിരെ സെമിഫൈനൽ മത്സരത്തിൽ തന്റെ 50ആം സെഞ്ചുറി സ്വന്തമാക്കാനും കോഹ്ലിക്ക് സാധിച്ചിരുന്നു. ഈ റെക്കോർഡിലും സച്ചിനെയാണ് കോഹ്ലി മറികടന്നത്.

ഇതിന് ശേഷം സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്ലിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തുകയുണ്ടായി. ആദ്യമായി താൻ കോഹ്ലിയെ കണ്ട നിമിഷം പങ്കുവെച്ചു കൊണ്ടാണ് മാസ്റ്റർ ബ്ലാസ്റ്റർ കോഹ്ലിയുടെ സന്തോഷത്തിൽ പങ്കുചേർന്നത്. ഇനിയും കോഹ്ലി ഒരുപാട് റെക്കോർഡുകൾ തകർക്കുമെന്നാണ് താൻ കരുതുന്നത് എന്നും സച്ചിൻ പറയുകയുണ്ടായി.

ഇതേ സമയം സച്ചിൻ ടെണ്ടുൽക്കർ എന്ന ബാറ്റർ തന്നെക്കാൾ ഒരുപാട് ഉയരത്തിലാണ് എന്നാണ് കോഹ്ലി പറഞ്ഞത്. എല്ലായിപ്പോഴും ഒരു ഹീറോയായാണ് സച്ചിനെ കാണുന്നത് എന്നും കോഹ്ലി പറയുകയുണ്ടായി.

Scroll to Top