ശക്തരായ താരങ്ങളെ ടീമിൽ എത്തിക്കുന്നതിൽ ബാംഗ്ലൂർ പരാജയപ്പെട്ടു. വിമർശനവുമായി കുംബ്ലെ.

rcb 2023

ലോക ക്രിക്കറ്റ് പൂർണമായും ഉറ്റുനോക്കിയിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മിനി ലേലം അവസാനിച്ചിരിക്കുകയാണ്. എല്ലാ ഫ്രാഞ്ചൈസികളും തങ്ങൾക്ക് ആവശ്യമായ കളിക്കാരെ വളരെ മികച്ച രീതിയിൽ തന്നെ ടീമുകളിൽ എത്തിക്കാൻ പരിശ്രമിച്ചിട്ടുണ്ട്.

ചില വമ്പൻ താരങ്ങൾ ഒരുപാട് വിലയ്ക്ക് ടീമുകളിലേക്ക് ചേക്കേറിയപ്പോൾ, ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മികവ് പുലർത്തിയ താരങ്ങൾക്കും വലിയ അവസരം തന്നെ ലഭിച്ചിട്ടുണ്ട്. എല്ലാ ഐപിഎൽ ലേലത്തിലും ശക്തമായ കളിക്കാരെ തങ്ങളുടെ ടീമിലെത്തിക്കുന്ന ഫ്രാഞ്ചൈസിയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. എന്നാൽ 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ കൃത്യമായി താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ബാംഗ്ലൂർ ടീം പരാജയപ്പെട്ടു എന്നാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ പറഞ്ഞിരിക്കുന്നത്.

ജിയോ സിനിമയോട് സംസാരിക്കവെയാണ് അനിൽ കുംബ്ലെ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ബാംഗ്ലൂരിന്റെ ലേലത്തിലെ സെലക്ഷന് 10ൽ എത്ര മാർക്ക് കൊടുക്കും എന്ന് ചോദിച്ചപ്പോൾ കുംബ്ലെ പറഞ്ഞത് 7 മാർക്ക് താൻ കൊടുക്കും എന്നാണ്. ലേലത്തിന് മുൻപ് റിലീസ് ചെയ്ത താരങ്ങൾക്ക് കൃത്യമായി പകരക്കാരെ കണ്ടെത്തുന്നതിൽ ബാംഗ്ലൂർ പരാജയപ്പെട്ടു എന്ന് കുംബ്ലെ പറയുന്നു. ലേലത്തിന് മുമ്പായി ഹസരംഗ, ഹേസല്‍വുഡ്, ഹർഷൽ പട്ടേൽ, ഫിൻ അലൻ, മൈക്കിൾ ബ്രേസ്‌വെൽ, ഡേവിഡ് വില്ലി, വെയിൻ പാർണൽ, കേദാർ ജാദവ് തുടങ്ങിയ കളിക്കാരെ ബാംഗ്ലൂർ ഒഴിവാക്കിയിരുന്നു. എന്നാൽ ഇവർക്ക് പകരക്കാരായി ശക്തരായ താരങ്ങളെ ടീമിൽ എത്തിക്കുന്നതിൽ ബാംഗ്ലൂർ പരാജയപ്പെട്ടു എന്ന് കുംബ്ലെ പറയുന്നു.

“10ൽ 7 മാർക്കിൽ കൂടുതൽ റേറ്റിംഗ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് നൽകാൻ സാധിക്കില്ല. എന്തെന്നാൽ നമ്മൾ ലേലത്തിലേക്ക് കടന്നുവരുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ശക്തരായ കളിക്കാരെ തിരഞ്ഞെടുക്കാനാണ്. ടീമുകൾ റിലീസ് ചെയ്ത താരങ്ങളെക്കാൾ മികച്ച കളിക്കാരെ വേണം ലേലത്തിലൂടെ തിരഞ്ഞെടുക്കാൻ.

See also  സിറാജ് ഷോ 🔥 ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 126 റൺസിന്റെ ലീഡ്.

അവർ 2024 ഐപിഎല്ലിന് മുന്നോടിയായി റിലീസ് ചെയ്തത് മൂന്ന് ബോളർമാരെയാണ്. ഹസരംഗ, ഹെസൽവുഡ്, ഹർഷൽ പട്ടേൽ. എന്നാൽ ഈ ബോളർമാരെക്കാൾ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.”- കുംബ്ലെ പറയുന്നു. തങ്ങളുടെ ടീമിലേക്ക് ബോളർമാരായി 5 കോടി രൂപയ്ക്ക് ദയാലിനെയും, 11.5 കോടി രൂപയ്ക്ക് അൾസാരി ജോസഫിനെയും, 1.5 കോടി രൂപയ്ക്ക് ടോം കരനെയും, 2 കോടി രൂപയ്ക്ക് ലോക്കി ഫെർഗ്യുസനെയുമാണ് ബാംഗ്ലൂർ എത്തിച്ചിരിക്കുന്നത്.

“ബാംഗ്ലൂരിന് ഇപ്പോഴും മികച്ച ഒരു സ്പിന്നറുടെ കുറവുണ്ട്. അവർക്ക് ഒരു സ്പിന്നർ ഇല്ല. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നതെങ്കിലും, വിക്കറ്റ് എടുക്കാൻ സാധിക്കുന്ന സ്പിന്നർമാർക്ക് മികവ് പുലർത്താൻ കഴിയും. എന്നാൽ അവർക്ക് അങ്ങനെ ഒരു സ്പിന്നറില്ല. അവർ നിർബന്ധിതമായി കരൺ ശർമയിലേക്ക് പോകേണ്ടിവരും. കഴിഞ്ഞ സീസണിൽ പൂർണമായും കരൻ ശർമ കളിച്ചിരുന്നില്ല.

അവരുടെ ഇമ്പാക്ട് താരമായിരുന്നു കരൻ ശർമ. എന്നാൽ ഒരു മത്സരത്തിൽ പോലും കരണ് കളിക്കാൻ സാധിച്ചില്ല. അതുകൊണ്ടുതന്നെ അവർക്കു മുൻപിലുള്ളത് വലിയ വെല്ലുവിളിയാണ്. ഒരു സ്പിന്നർ ഇല്ലാതെ മത്സരം വിജയിക്കുക എന്നത് ബുദ്ധിമുട്ടാണ്. ലേലത്തിൽ അവർ വിചാരിച്ച കാര്യങ്ങൾ നടന്നുവെന്ന് ഞാൻ കരുതുന്നുമില്ല.”- കുംബ്ലെ കൂട്ടിച്ചേർത്തു.

Scroll to Top