വീണ്ടും സച്ചിൻ ബേബി ഷോ. ഛത്തീസ്ഗഡിനെ സമനിലയിൽ തളച്ച് കേരളം.

9709149315906212419

ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ സമനില കണ്ടെത്തി കേരളം. മത്സരത്തിന്റെ അവസാന ദിവസം സച്ചിൻ ബേബിയുടെ കിടിലൻ ബാറ്റിംഗ് പ്രകടനമാണ് കേരളത്തിന് മികച്ച ഒരു സ്കോർ നൽകി മത്സരം സമനിലയിൽ എത്തിച്ചത്.

മത്സരത്തിന്റെ മൂന്നു ദിവസവും കേരളം കൃത്യമായി ആധിപത്യം സ്ഥാപിച്ചിരുന്നു. ആദ്യ ഇന്നിംഗ്സിൽ ലീഡ് കണ്ടെത്തിയ കേരളം രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗിൽ തിളങ്ങുകയുണ്ടായി. എന്നാൽ നാലാം ദിവസം ചത്തീസ്ഗഡും ബാറ്റിംഗിൽ മികവ് പുലർത്തിയപ്പോൾ കേരളം സമനില വഴങ്ങുകയായിരുന്നു. എന്നിരുന്നാലും ആദ്യ ഇന്നിങ്സ് ലീഡ് കേരളത്തിന് ഗുണം ചെയ്തിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഛത്തീസ്ഗഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തത് സച്ചിൻ ബേബിയാണ്. ഇന്നിംഗ്സിൽ 91 റൺസ് സച്ചിൻ നേടി. ഒപ്പം 85 റൺസ് നേടിയ വിക്കറ്റ് കീപ്പർ അസറുദ്ദീനും തിളങ്ങിയപ്പോൾ കേരളം ആദ്യ ഇനിങ്സിൽ 350 എന്ന ശക്തമായ സ്കോർ കണ്ടെത്തുകയായിരുന്നു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ചത്തീസ്ഗഡ് വളരെ കരുതലോടെയാണ് തുടങ്ങിയത്. ഛത്തീസ്ഗഡിനായി മധ്യനിര ബാറ്റർ ഏകനാദ് തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കി. 214 പന്തുകളിൽ 118 റൺസാണ് ഏകനാദ് നേടിയത്. ഇതോടെ ഛത്തീസ്ഗഡ് ആദ്യ ഇന്നിങ്സിൽ 312 എന്ന സ്കോറിലെത്തി.

Read Also -  ആവേശപോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് വീണ്ടും തോൽവി.. ബംഗ്ലാദേശിന് മുമ്പിൽ മുട്ടുമടക്കിയത് 2 വിക്കറ്റുകൾക്ക്..

ആദ്യ ഇന്നിങ്സിൽ 38 റൺസിന്റെ ലീഡാണ് കേരളത്തിന് ലഭിച്ചത്. ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച കേരളത്തിനായി സച്ചിൻ ബേബി വീണ്ടും തീയായി മാറി. മത്സരത്തിന്റെ നാലാം ദിവസം ശക്തമായ പ്രകടനമാണ് സച്ചിൻ കാഴ്ചവച്ചത്. 128 പന്തുകളിൽ 6 ബൗണ്ടറികളും ഒരു സിക്സറുമടക്കം 94 റൺസ് സച്ചിൻ നേടി.

ഒപ്പം വിക്കറ്റ് കീപ്പർ അസറുദ്ദീൻ അർഥ സെഞ്ചുറിയുമായി തിളങ്ങിയതോടെ കേരളം 251ന് 5 എന്ന നിലയിൽ എത്തി. ഈ സ്കോറിൽ കേരളം ഡിക്ലയർ ചെയ്തു. 290 എന്ന വിജയലക്ഷ്യത്തിലേക്കാണ് ഛത്തീസ്ഗഡ് ബാറ്റ് വീശിയത്. കേരളത്തിനെതിരെ തങ്ങളുടെ രണ്ടാം ഇന്നിങ്ൽ വളരെ കരുതലോടെയാണ് ഛത്തീസ്ഗഡ് കളിച്ചത്.

എങ്ങനെയെങ്കിലും മത്സരം സമനിലയിൽ എത്തിക്കുക എന്ന ഉദ്ദേശത്തിൽ പ്രതിരോധാത്മക സമീപനം ഛത്തീസ്ഗഡിന്റെ ബാറ്റർമാർ സ്വീകരിച്ചു. ഇതോടെ കേരളം മത്സരത്തിൽ സമനില വഴങ്ങുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഛത്തീസ്ഗഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 79 റൺസാണ് നേടിയത്.

എന്നിരുന്നാലും ആദ്യ ഇന്നിങ്സിൽ ലീഡ് കണ്ടെത്തിയതിനാൽ തന്നെ കേരളത്തിന് ആശ്വാസകരമായ ഫലമാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും ഇത്തവണത്തെ രഞ്ജി ട്രോഫിയിൽ ഒരു മത്സരത്തിൽ പോലും വിജയം സ്വന്തമാക്കാൻ കേരളത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

Scroll to Top