വിമർശനങ്ങൾ ഞാൻ ശ്രദ്ധിക്കാറില്ല, പ്രതീക്ഷകളെ പറ്റി വേവലാതിയില്ല. പ്രതികരണവുമായി ഗിൽ.

gill 1

ഇന്ത്യൻ ടീമിൽ ഫോമിനായി ഒരുപാട് പൊരുതിയ താരമാണ് ശുഭമാൻ ഗിൽ. കഴിഞ്ഞ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിന് ശേഷം ഇന്ത്യക്കായി മികവ് പുലർത്താൻ ഗില്ലിന് സാധിച്ചിരുന്നില്ല. പിന്നീട് കളിച്ച 6 മത്സരങ്ങളിൽ ഒരു അർത്ഥ സെഞ്ച്വറി പോലും ഗിൽ സ്വന്തമാക്കിയിരുന്നില്ല.

ശേഷമാണ് വിശാഖപട്ടണത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടി ഗിൽ തിരിച്ചുവരവ് നടത്തിയത്. ഗില്ലിന്റെ ഈ വെടിക്കെട്ടിന്റെ ബലത്തിലായിരുന്നു മത്സരത്തിൽ ഇന്ത്യ 106 റൺസിന്റെ വിജയം സ്വന്തമാക്കിയത്. രാജ്കോട്ടിൽ നടന്ന മൂന്നാമത്തെ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ പൂജ്യനായി ഗില്‍ മടങ്ങി.

എന്നാൽ രണ്ടാം ഇന്നിങ്സിൽ 91 റൺസിന്റെ മികച്ച പ്രകടനം ഗിൽ പുറത്തെടുത്തു. ഈ സാഹചര്യത്തിൽ നാലാം ടെസ്റ്റ് മത്സരത്തിലെ ഗില്ലിന്റെ പ്രകടനത്തെ പറ്റിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

എന്നാൽ മറ്റുള്ളവരുടെ പ്രതീക്ഷകൾ തന്നെ യാതൊരു തരത്തിലും ബാധിക്കുന്നില്ല എന്നാണ് ഗിൽ മത്സരത്തിന് മുൻപ് പത്രസമ്മേളനത്തിൽ പറഞ്ഞത്. എല്ലാവരുടെയും പ്രതീക്ഷകൾ കാത്തുസൂക്ഷിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ് എന്ന് ഗിൽ കരുതുന്നു. മറ്റുള്ള കാര്യങ്ങൾ മാറ്റിവെച്ച് തനിക്ക് മുമ്പിൽ വരുന്ന ബോളിനെ എങ്ങനെ നേരിടാം എന്നാണ് താൻ ശ്രദ്ധിക്കുന്നത് എന്ന് ഗിൽ കൂട്ടിച്ചേർത്തു.

“ഒരുപാട് കാര്യങ്ങൾ നമ്മൾ ചിന്തിക്കാൻ തുടങ്ങിയാൽ കാര്യങ്ങൾ കൂടുതൽ പ്രയാസകരമാവും. പുറത്തു നിന്നുള്ള ഒരുപാട് പ്രതീക്ഷകളെ പറ്റി ഞാൻ അധികം വേവലാതിപ്പെടാറില്ല. എന്നിരുന്നാലും എന്റെ സ്വന്തം പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ലെങ്കിൽ എനിക്ക് എല്ലായിപ്പോഴും നിരാശ ഉണ്ടാവാറുണ്ട്.”- ഗിൽ പറയുന്നു.

Read Also -  "അവരാണ് ഭാവിയിലെ കോഹ്ലിയും രോഹിതും " ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം.

“മത്സരങ്ങളിൽ രണ്ടാമതൊരു അവസരം ലഭിക്കുക എന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം. എന്താണോ ആ സാഹചര്യത്തിൽ നടക്കുന്നത് അതിലേക്ക് നമ്മൾ ശ്രദ്ധ തിരിക്കണം. നമുക്ക് മുമ്പിൽ എത്തുന്ന പന്തിനെ അതിന്റേതായ രീതിയിൽ കളിക്കാനാണ് ശ്രമിക്കേണ്ടത്.”

“വലിയ താരങ്ങളും ശരാശരി താരങ്ങളും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. വലിയ താരങ്ങൾ മുൻപ് നടന്ന എല്ലാ കാര്യങ്ങളും മറക്കുകയും, കൃത്യമായി വർത്തമാനകാലത്ത് ശ്രദ്ധിക്കുകയും ചെയ്യുന്നു.”- ഗിൽ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇതുവരെ തരക്കേടില്ലാത്ത പ്രകടനം തന്നെയാണ് ഗിൽ കാഴ്ച വെച്ചിട്ടുള്ളത്. 3 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 252 റൺസ് സ്വന്തമാക്കാൻ ഗില്ലിന് സാധിച്ചു. 42 റൺസ് ശരാശരിയിലാണ് ഗില്ലിന്റെ പ്രകടനം. പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് നിലവിൽ ഗിൽ നിൽക്കുന്നത്.

പരമ്പരയിൽ 545 റൺസ് നേടിയ ജയസ്വാൾ ഒന്നാം സ്ഥാനത്തും, 288 റൺസ് നേടിയ ഇംഗ്ലണ്ട് താരം ഡക്കറ്റ് രണ്ടാം സ്ഥാനത്തും, 285 റൺസ് നേടിയ ഒലി പോപ്പ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ശേഷമാണ് ഗിൽ ലിസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. നാലാം മത്സരത്തിൽ ഗിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top