ലോകകപ്പ് കൊണ്ട് ഒന്നും തീരുന്നില്ല. ഇനി ഞങ്ങളുടെ തിരിച്ചുവരവിന്റെ സമയമാണ്. പ്രതികാര സൂചന നൽകി ഗിൽ.

gill vs bangladesh

2023 ഏകദിന ലോകകപ്പ് ഫൈനലിൽ പരാജയമറിഞ്ഞെങ്കിലും കിടിലൻ പ്രകടനങ്ങളുമായി തങ്ങൾ തിരിച്ചുവരും എന്ന സൂചന നൽകി ഇന്ത്യൻ യുവതാരം ശുഭമാൻ ഗിൽ. ലോകകപ്പിന്റെ ഫൈനലിലെ പരാജയം തങ്ങളെ വലിയ രീതിയിൽ നിരാശരാക്കിയിട്ടുണ്ടെന്നും, എന്നിരുന്നാലും ശക്തമായ തിരിച്ചുവരവിനാണ് ശ്രമിക്കുന്നതെന്നും ഗിൽ ഒരു പ്രമുഖ മാധ്യമത്തിനോട് പറയുകയുണ്ടായി. ഈ ലോകകപ്പ് നഷ്ടപ്പെട്ടെങ്കിലും അടുത്തവർഷം വലിയൊരു ലോകകപ്പ് മുൻപിലുണ്ട് എന്ന് ഗിൽ പറയുന്നു.

അതിൽ വിജയിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ഗിൽ കൂട്ടിച്ചേർത്തു. ഒപ്പം ദക്ഷിണാഫ്രിക്കക്കും ഓസ്ട്രേലിയക്കുമെതിരെ വരാനിരിക്കുന്ന പരമ്പരകളും വളരെ നിർണായകമാണ് എന്ന് ഗിൽ പറയുകയുണ്ടായി.

അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പിലാണ് തങ്ങളുടെ പൂർണ്ണമായ ശ്രദ്ധ എന്നാണ് ഗിൽ സൂചിപ്പിച്ചിരിക്കുന്നത്. “എന്നെ സംബന്ധിച്ച് 2023 എന്നത് വലിയ ഒരു വർഷം തന്നെയായിരുന്നു. പക്ഷേ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ പരാജയമറിയേണ്ടി വന്നത് ഞങ്ങളുടെ മൂഡിനെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. അതൊരു നിർഭാഗ്യം തന്നെയാണ്. എന്നിരുന്നാലും അടുത്തവർഷം ഞങ്ങൾക്ക് മുൻപിലേക്ക് മറ്റൊരു ലോകകപ്പ് വരുന്നുണ്ട്. ഞങ്ങളെല്ലാവരും അതിലേക്ക് തന്നെയാണ് ഉറ്റു നോക്കുന്നത്.”- ശുഭ്മാൻ ഗിൽ പറഞ്ഞു.

Read Also -  "സഞ്ജുവിന് വയസായി. 2026 ട്വന്റി20 ലോകകപ്പ് ഒന്നും കളിക്കാൻ സാധിക്കില്ല"- അമിത് മിശ്ര.

“അടുത്തവർഷം ഞങ്ങൾക്ക് മറ്റൊരു ലോകകപ്പ് എത്തുന്നുണ്ട്. മാത്രമല്ല ഓസ്ട്രേലിയയിൽ ഞങ്ങൾ നിർണായകമായ ഒരു ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്. ഈ വർഷവും അവസാനിച്ചിട്ടില്ല. ഈ വർഷവും ഞങ്ങൾക്ക് മുൻപിൽ ടെസ്റ്റ് പരമ്പരയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഞങ്ങൾ ടെസ്റ്റ് പരമ്പര കളിക്കുന്നു. എന്നെ സംബന്ധിച്ച് ഓസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കെതിരെയും കളിക്കുന്ന ടെസ്റ്റ് പരമ്പരകൾ വളരെ വലുത് തന്നെയാണ്. ഇപ്പോൾ ഞാൻ പ്രധാനമായും ഉറ്റു നോക്കുന്നത് ഈ രണ്ടു പരമ്പരകളിലേക്കാണ്.”- ശുഭ്മാൻ ഗിൽ കൂട്ടിച്ചേർത്തു.

ഒപ്പം 2024 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ നായകനായി ചുമതലയേറ്റതിനെപ്പറ്റിയും ഗിൽ പറഞ്ഞു. “ഗുജറാത്ത് ടീമിന്റെ നായകനായി ചുമതലയേൽക്കാൻ സാധിച്ചതിൽ വലിയ ആവേശമുണ്ട്. വലിയൊരു വെല്ലുവിളി തന്നെയാണ് എന്റെ മുൻപിലുള്ളത്. അത് കൂടുതൽ പഠനങ്ങൾക്കും അനുഭവ സമ്പത്തിനും കാരണമാകും എന്ന് ഞാൻ കരുതുന്നു. ഐപിഎല്ലിൽ നിന്നുള്ള പഠനങ്ങൾ എന്നെ സംബന്ധിച്ച് ഒരുപാട് പുരോഗതിക്ക് വഴി വച്ചേക്കും. അത്തരം കാര്യങ്ങൾ എനിക്ക് വരും വർഷങ്ങളിലും വലിയ രീതിയിൽ സഹായകരമാവും എന്നാണ് കരുതുന്നത്.”- ഗിൽ പറഞ്ഞു വെക്കുന്നു.

Scroll to Top