റുതുരാജിന്‍റെ സെഞ്ചുറിക്ക് സ്റ്റോണിസിന്‍റെ സെഞ്ചുറി മറുപടി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ലക്നൗ

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഒരു ത്രില്ലിംഗ് വിജയം സ്വന്തമാക്കി ലക്നൗ. ആവേശം നിറഞ്ഞ മത്സരത്തിൽ സ്റ്റോയിനിസിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ലക്നൗവിനെ വിജയത്തിൽ എത്തിച്ചത്.

മത്സരത്തിൽ 62 പന്തുകൾ നേരിട്ട സ്റ്റോയിനിസ് 12 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 120 റൺസാണ് നേടിയത്. അവസാന ഓവറിൽ 17 റൺസായിരുന്നു ലക്നൗവിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ സ്റ്റോയിനിസ് ടീമിനെ വിജയത്തിലെത്തിച്ചു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ചെന്നൈയ്ക്ക് തങ്ങളുടെ ഓപ്പണർ രഹാനെയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ നായകൻ ഋതുരാജ് ക്രീസിലുറച്ചത് ചെന്നൈയ്ക്ക് വലിയ പ്രതീക്ഷ നൽകി. പതിവിന് വിപരീതമായി പവർപ്ലേ ഓവറുകളിൽ കൃത്യമായി ബൗണ്ടറികൾ കണ്ടെത്താൻ ഋതുരാജിന് സാധിച്ചു.

മറുവശത്ത് ബാറ്റർമാർ ബുദ്ധിമുട്ടിയപ്പോഴും ഒരു വശത്ത് ക്ലാസിക് ഷോട്ടുകളുമായി ഋതുരാജ് ക്രീസിൽ ഉറയ്ക്കുകയായിരുന്നു. മത്സരത്തിൽ 28 പന്തുകളിൽ നിന്നാണ് ഋതുരാജ് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിന് ശേഷവും നായകൻ ചെന്നൈക്കായി മികവ് പുലർത്തുകയുണ്ടായി.

ഋതുരാജിനൊപ്പം ശിവം ദുബയും കൂടി അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്തപ്പോൾ ചെന്നൈയുടെ സ്കോർ കുതിക്കുകയായിരുന്നു. മത്സരത്തിൽ 56 പന്തുകളിൽ നിന്നാണ് ഋതുരാജ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഐപിഎല്ലിലെ തന്റെ രണ്ടാം സെഞ്ച്വറിയാണ് ഋതുരാജ് നേടിയത്. അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്ത ശിവം ദുബെ 27 പന്തുകളിൽ 66 റൺസ് നേടി.

3 ബൗണ്ടറികളും 7 സിക്സറുകളുമാണ് ദുബയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഇതോടെ ചെന്നൈ നിശ്ചിത 20 ഓവറുകളിൽ 210 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി പാറ്റിങ് ആരംഭിച്ച ലക്നൗവിന് തങ്ങളുടെ ഓപ്പണർ ക്വിന്റൻ ഡികോക്കിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി.

ശേഷം കെഎൽ രാഹുലും പുറത്തായതോടെ ലക്നൗ പതറി. പക്ഷേ മൂന്നാമനായി ക്രീസിലെത്തിയ മർക്കസ് സ്റ്റോവിനിസ് വെടിക്കെട്ട് തീർത്തത് ലക്നൗവിന് ആശ്വാസമേകി. മധ്യ ഓവറുകളിലടക്കം ചെന്നൈ ബോളർമാർക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ സ്റ്റോയിനിസിന് സാധിച്ചു.

ഒപ്പം 15 പന്തുകളിൽ 34 റൺസ് നേടിയ പൂരനും പിന്തുണ നൽകിയതോടെ സ്റ്റോയിനിസ് ലക്നൗവിനെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. പക്ഷേ കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ സ്വന്തമാക്കി പതിരാന ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുകയുണ്ടായി. മത്സരത്തിൽ 56 പന്തുകളിലായിരുന്നു സ്റ്റോയിനിസ് തന്റെ ഐപിഎൽ സെഞ്ച്വറി സ്വന്തമാക്കിയത്.

അവസാന 2 ഓവറുകളിൽ 32 റൺസ് ആയിരുന്നു ലക്നൗവിന് വിജയിക്കാൻ വേണ്ടിയിരുന്നത്. പത്തൊമ്പതാം ഓവറിൽ പതിരാനയ്ക്കെതിരെ സ്റ്റോയിനിസും ഹൂഡയും ആക്രമണം അഴിച്ചുവിട്ടു. ഓവറിൽ 15 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഇതോടെ അവസാന ഓവറിൽ ലക്നൗവിന്റെ വിജയലക്ഷ്യം 17 റൺസായി മാറി. അവസാന ഓവറിലെ ആദ്യ പന്തിൽ മുസ്തഫിസൂറിനെതിരെ സിക്സർ നേടാൻ സ്റ്റോയിനിസിന് സാധിച്ചു. തൊട്ടടുത്ത പന്തിൽ സ്റ്റോയിനിസ് ബൗണ്ടറി കൂടി നേടിയതോടെ ലക്നൗവിന്റെ വിജയലക്ഷം 4 പന്തുകളിൽ 7 റൺസായി മാറി. അടുത്ത പന്തിലും സ്റ്റോയിനിസ് ബൗണ്ടറി നേടിയതോടെ ലക്നൗ വിജയത്തിലേക്ക് എത്തുകയായിരുന്നു.