റിങ്കു സിംഗ് അല്ല, കൊൽക്കത്തയുടെ ഇത്തവണത്തെ X ഫാക്ടർ അവനാണ്. തുറന്ന് പറഞ്ഞ് ഗംഭീർ.

Gautam Gambhir Crictoday 1

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ റെക്കോർഡ് തുകയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ തങ്ങളുടെ ടീമിലെത്തിച്ചത്. ഗുജറാത്ത് ടൈറ്റൻസുമായി വമ്പൻ ലേലത്തിന് ഒടുവിൽ 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത സ്റ്റാർക്കിനെ സ്വന്തമാക്കുകയായിരുന്നു.

9 വർഷങ്ങൾക്ക് ശേഷമാണ് സ്റ്റാർക് നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ ഒരുങ്ങുന്നത്. അതിനാൽ തന്നെ 2024 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ടീമിലെ പ്രധാന ഘടകമായി സ്റ്റാർക്ക് മാറുമെന്നാണ് കൊൽക്കത്തയുടെ മെന്റർ ഗൗതം ഗംഭീർ ഇപ്പോൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇത്ര വലിയ തുകയ്ക്ക് ലേലം കൊണ്ടതിനാൽ തന്നെ സ്റ്റാർക്കിന്റെ മുകളിൽ വലിയ സമ്മർദ്ദമുണ്ടാകും എന്ന് മുൻ താരങ്ങളടക്കം പ്രസ്താവിച്ചിരുന്നു. എന്നാൽ ഇത്തരം സമ്മർദ്ദങ്ങൾ സ്റ്റാർക്കിനെ ബാധിക്കില്ല എന്ന് ഗംഭീർ വിശ്വസിക്കുന്നു.

“ഒരു കാരണവശാലും ലേലത്തുക എന്നത് മിച്ചൽ സ്റ്റാർക്കിനെ പോലെ ഒരു താരത്തിന് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കില്ല എന്നാണ് ഞാൻ കരുതുന്നത്. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്ട്രേലിയക്കായി എത്ര മികച്ച രീതിയിലാണോ അവൻ കളിക്കുന്നത് അതേപോലെതന്നെ കൊൽക്കത്തക്കായും അവന് കളിക്കാൻ സാധിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- ഗൗതം ഗംഭീർ പറഞ്ഞു.

Read Also -  2025 ഐപിഎല്ലിൽ ഗുജറാത്തിന്റെ കോച്ചായി യുവരാജ് സിംഗ് എത്തുന്നു. മാറ്റങ്ങൾക്കൊരുങ്ങി ഐപിഎൽ.

ഒപ്പം കൊൽക്കത്ത ടീമിനോടുള്ള തന്റെ വികാരത്തെപ്പറ്റിയും ഗംഭീർ സംസാരിക്കുകയുണ്ടായി. കൊൽക്കത്തയെ താൻ വെറുമൊരു ടീമായി മാത്രമല്ല കാണുന്നത് എന്നാണ് ഗംഭീർ പറഞ്ഞത്. “കൊൽക്കത്ത എന്നെ സംബന്ധിച്ച് കേവലം ഒരു ഫ്രാഞ്ചൈസി മാത്രമല്ല എന്ന കാര്യം ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.”

”എനിക്ക് കൊൽക്കത്ത എന്നത് ഒരു വികാരം തന്നെയാണ്. അതുകൊണ്ടുതന്നെ കൊൽക്കത്തയ്ക്കൊപ്പം തിരികെയെത്താൻ സാധിച്ചത് എനിക്ക് വലിയ സന്തോഷം നൽകുന്നു. വലിയ പ്രതീക്ഷകൾ തന്നെ ഇവിടെയുണ്ട് എന്ന് എനിക്കറിയാം. ആ പ്രതീക്ഷകൾക്കൊപ്പം ഇത്തവണ ടീമിന് വരാൻ സാധിക്കുമെന്നും ആരാധകരെ സംതൃപ്തരാക്കാൻ സാധിക്കും എന്നുമാണ് ഞാൻ വിശ്വസിക്കുന്നത്.”- ഗംഭീർ കൂട്ടിച്ചേർത്തു.

മാർച്ച് 23നാണ് കൊൽക്കത്ത തങ്ങളുടെ ക്യാമ്പയിൻ ആരംഭിക്കുന്നത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. 2024 ഐപിഎല്ലിന്റെ ആദ്യപാദത്തിൽ മൂന്നു മത്സരങ്ങൾ മാത്രമാണ് കൊൽക്കത്തയ്ക്ക് മുൻപിൽ ഉള്ളത്. എന്നാൽ ഈ 3 മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി ടൂർണമെന്റിൽ വലിയ ചലനം സൃഷ്ടിക്കുക എന്നത് കൊൽക്കത്തയെ സംബന്ധിച്ച് വളരെ നിർണായകമാണ്.

Scroll to Top