രോഹിതിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയത് ഇക്കാരണങ്ങൾ കൊണ്ട്. മുംബൈ കോച്ച് പറയുന്നു.

Mumbai indians captain rohit sharma 2022 scaled

2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് മുൻപ് ഒരുപാട് നാടകീയ രംഗങ്ങൾ അരങ്ങേറിയ ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യൻസ്. ഇത്തവണത്തെ ട്രേഡിലൂടെ ഐപിഎല്ലിലെ ചരിത്രം തന്നെ മാറ്റിയെടുത്തിരിക്കുകയാണ് മുംബൈ. ഗുജറാത്ത് ടൈറ്റൻസിന്റെ മുൻ നായകനായ ഹർദിക് പാണ്ട്യയെ ട്രേഡിലൂടെ മുംബൈ സ്വന്തമാക്കുകയുണ്ടായി.

ഇതിന് പിന്നാലെ മുംബൈ തങ്ങളുടെ നായകനായ രോഹിത് ശർമയെ ക്യാപ്റ്റൻസിൽ നിന്ന് മാറ്റുകയും പകരം ഹാർദിക്കിനെ അവരോധിക്കുകയും ചെയ്തു. ഇക്കാരണത്താൽ ഒരുപാട് വിമർശനങ്ങളും ഫ്രാഞ്ചൈസി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് മുംബൈ ഇത്രയധികം വിജയങ്ങളിലെത്തിച്ച രോഹിത് ശർമയെ മാറ്റി ഹർദിക്കിനെ നായകനായി പരിഗണിച്ചത് എന്നതിനെപ്പറ്റി മുംബൈ ഇന്ത്യൻസ് ഹെഡ് കോച്ച് മാർക്ക് ബൗച്ചർ പറയുകയുണ്ടായി.

രോഹിത്തിനെ മാറ്റി ഹർദിക്കിനെ നായകനാക്കാനുള്ള മുംബൈ ഇന്ത്യൻസിന്റെ നീക്കം വൈകാരികത ഒഴിച്ചു നിർത്തിയുള്ള ഒരു വലിയ തീരുമാനമായാണ് താൻ കാണുന്നത് എന്ന് മാർക് ബൗച്ചർ പറഞ്ഞു. “ഇത് പൂർണ്ണമായും ഒരു ക്രിക്കറ്റിങ് തീരുമാനമായാണ് ഞാൻ കണക്കാക്കുന്നത്. ഹർദിക്കിനെ തിരികെ ടീമിലേക്ക് എത്തിക്കാനുള്ള സമയക്രമം ഞങ്ങൾ കൃത്യമായി അന്വേഷിച്ചിരുന്നു. ശേഷം വലിയൊരു മാറ്റമാണ് ഞങ്ങൾ കണ്ടത്.

ഹർദിക്കിനെ നായകനാക്കി മാറ്റാനുള്ള തീരുമാനം ഇന്ത്യയിലെ പല ആളുകളും കൃത്യമായി മനസ്സിലാക്കിയിട്ടില്ല. പലരും അതി വൈകാരികമായാണ് അതിനോട് പ്രതികരിച്ചത്. പക്ഷേ ഇത്തരം സാഹചര്യങ്ങളിൽ വൈകാരികതയെ മാറ്റിനിർത്തേണ്ടതുണ്ട്. കൂടുതലായി ഇതൊരു ക്രിക്കറ്റിങ് തീരുമാനമായാണ് ഞാൻ കരുതുന്നത്.

ഒരു കളിക്കാരൻ എന്ന നിലയിൽ രോഹത്തിൽ നിന്ന് ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തു വരാനും ഇത് സഹായകരമാവും എന്ന് ഞാൻ കരുതുന്നു. രോഹിത്തിനെ കുറച്ചുകൂടി ഫ്രീയാക്കാനും അവന് ആസ്വദിച്ച് റൺസ് കണ്ടെത്താനുമുള്ള ഒരു അവസരം കൂടിയാണിത്.”- ബൗച്ചർ പറഞ്ഞു.

Read Also -  "അവർ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ചവർ, അവരുടെ നഷ്ടം ഇന്ത്യയെ ബാധിക്കും"- സനത് ജയസൂര്യ.

“രോഹിത്തിന്റെ ഒരു കാര്യം പറയാതിരിക്കാൻ സാധിക്കില്ല. അവൻ ഒരു അവിശ്വസനീയ ക്രിക്കറ്റർ തന്നെയാണ്. ഒരുപാട് നാളുകളായി അവൻ ക്യാപ്റ്റനായി തന്നെ തുടരുകയാണ്. മുംബൈ ഇന്ത്യൻസിനായി വളരെ മികച്ച പ്രകടനങ്ങളുമാണ് രോഹിത് കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോൾ ഇന്ത്യൻ ടീമിനെയും രോഹിത് നയിക്കുന്നു.

അതിനാൽ നായകൻ എന്ന നിലയിൽ ഒരുപാട് തിരക്ക് രോഹിത്തിന് ഇപ്പോഴുണ്ട്. മാത്രമല്ല മുംബൈ ഇന്ത്യൻസിനായി ബാറ്റിംഗിൽ ഒരുപാട് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞ സീസണുകളിൽ രോഹിത്തിന് സാധിച്ചിട്ടുമില്ല. എന്നാൽ നായകൻ എന്ന നിലയിൽ രോഹിത് മിന്നിത്തിളങ്ങി.”- ബൗച്ചർ കൂട്ടിച്ചേർക്കുന്നു.

“മുംബൈ ഇന്ത്യൻസ് എന്ന ടീമിനെ പൂർണമായും കണക്കിലെടുക്കുമ്പോൾ ഇത് രോഹിത്തിന് വലിയൊരു അവസരം തന്നെയാണ്. കളിക്കാരൻ എന്ന നിലയിൽ തന്നെ അവസരം ഏറ്റവും നന്നായി ഉപയോഗിക്കാൻ രോഹിത്തിന് സാധിക്കും. മറ്റു യാതൊരുവിധ ഹൈപ്പും ഇല്ലാതെ മൈതാനത്തിറങ്ങി ഒരുപാട് റൺസ് കണ്ടെത്തുകയും, തന്റെ ടീമിനായി വലിയ സംഭാവനകൾ നൽകാൻ ശ്രമിക്കുകയുമാണ് അവൻ ചെയ്യേണ്ടത്.

ഇപ്പോഴും അവൻ ഇന്ത്യൻ ടീമിന്റെ നായകനായി തന്നെയാണ് തുടരുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ രോഹിത്തിന് കുറച്ച് സമ്മർദ്ദം ഒഴിഞ്ഞു കിട്ടും. അതിനാൽ തന്നെ രോഹിത്തിൽ നിന്ന് ഏറ്റവും മികച്ചത് ഞങ്ങൾക്ക് ലഭിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. എപ്പോഴും രോഹിത് ഒരു ചിരിയോടെ മൈതാനത്ത് കളിക്കുന്നതാണ് ഞങ്ങൾക്ക് കാണാൻ ആഗ്രഹം.”- ബൗച്ചർ പറഞ്ഞു വയ്ക്കുന്നു.

Scroll to Top