രഞ്ജി ട്രോഫി കളിക്കാത്തവർ ഇനി ഐപിഎല്ലും കളിക്കേണ്ട. നിലപാട് കടുപ്പിച്ച് ബിസിസിഐ.

ishan kishan krunal pandya and shreyas iyer

ഇന്ത്യൻ പ്രീമിയർ ലീഗിൽ യുവതാരങ്ങൾക്ക് കടിഞ്ഞാണിടാൻ ബിസിസിഐ. ഇന്ത്യയുടെ ആഭ്യന്തര ടെസ്റ്റ് ടൂർണമെന്റ്കളിൽ കളിക്കാതെ നേരിട്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രം കളിക്കുന്ന താരങ്ങളെ ലക്ഷ്യം വെച്ചാണ് ബിസിസിഐ പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങുന്നത്. ഒരു നിശ്ചിത നമ്പർ രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് മാത്രമേ ഇനി ഇന്ത്യൻ പ്രീമിയർ ലീഗിലും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലത്തിലും പങ്കെടുക്കാൻ സാധിക്കൂ എന്ന നിയമമാണ് ബിസിസിഐ പ്രാവർത്തികമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

നിലവിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ വിവാദ സംഭവങ്ങളിൽ ഏർപ്പെട്ട സമയത്താണ് ബിസിസിഐ ഇത്തരം ഒരു നീക്കത്തിന് തയ്യാറാവുന്നത്. കഴിഞ്ഞ സമയങ്ങളിൽ ഇഷാനോട് ഇന്ത്യൻ ടീം മാനേജ്മെന്റ് രഞ്ജി ട്രോഫിയിൽ ജാർഖണ്ഡ് ടീമിനായി കളിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇഷാൻ അതിന് തയ്യാറാവാതിരിക്കുകയും ഐപിഎല്ലിലൂടെ തിരികെ ടീമിലെത്താൻ ശ്രമം നടത്തുകയും ആരംഭിച്ചിരിക്കുകയാണ്. ഇതിന് ശേഷമാണ് വലിയൊരു മാറ്റത്തിന് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

ഇതേസമയം ഇഷാൻ കിഷനോട് ജാർഖണ്ഡിന്റെ രാജസ്ഥാനെതിരെ നടക്കുന്ന അവസാന രഞ്ജി ട്രോഫി ലീഗ് സ്റ്റേജ് മത്സരത്തിൽ കളിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇനി ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവാതിരിക്കാനാണ് ഇത്തരം ഒരു തീരുമാനം ബിസിസിഐ കൈക്കൊള്ളുന്നത്. “ചില താരങ്ങൾ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലെ ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുന്നില്ല എന്ന കാര്യം ബിസിസിഐ വിലയിരുത്തിയിട്ടുണ്ട്.

ഇങ്ങനെയുള്ള താരങ്ങൾ ഇന്ത്യൻ ടീമിന് പുറത്താവുന്ന സമയത്ത് നേരിട്ട് മുസ്താഖ് അലി ട്വന്റി20 മത്സരങ്ങളിലും മറ്റും കളിക്കുകയും ടീമിൽ തിരിച്ചെത്താൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. അതേസമയം ടെസ്റ്റ് ക്രിക്കറ്റിന്റെ സമയത്ത് തങ്ങളുടെ സംസ്ഥാനത്തിനായി റിപ്പോർട്ട് ചെയ്യുകയുമില്ല.”- ഒരു ബിസിസിഐ ഔദ്യോഗിക വൃത്തം അറിയിച്ചു.

Read Also -  "സ്പിന്നർമാരാണ് ലോകകപ്പിൽ ഞങ്ങളെ രക്ഷിച്ചത്, ഒരാളെങ്കിലും കുറവായിരുന്നെങ്കിൽ.."- പരസ് മാമ്പ്രെ..

“ഇത്തരം കളിക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ചില നിയമങ്ങൾ ബിസിസിഐ മുൻപിലേക്ക് വയ്ക്കുകയാണ്. 3-4 രഞ്ജി ട്രോഫി മത്സരങ്ങളിൽ കളിച്ചാൽ മാത്രമേ ഇനി ഇത്തരം താരങ്ങൾക്ക് ഐപിഎല്ലിലേക്ക് അവസരം ലഭിക്കൂ. അല്ലാത്തപക്ഷം അവർക്ക് ഐപിഎൽ കളിക്കാനോ ഐപിഎൽ ലേലത്തിൽ പങ്കെടുക്കാനോ സാധിക്കുകയില്ല.”

“ഫ്രാഞ്ചൈസികൾ റിലീസ് ചെയ്ത താരങ്ങൾക്ക് മാത്രമാണ് ഇത് ബാധകം. പല സമയത്തും ചില താരങ്ങൾ രഞ്ജി ട്രോഫി പോലെയുള്ള ടൂർണമെന്റുകൾ നിസ്സാരമായി തള്ളിക്കളയുന്നതായും ബിസിസിഐയ്ക്ക് തോന്നിയിട്ടുണ്ട്.”- ഔദ്യോഗിക വൃത്തം കൂട്ടിച്ചേർത്തു.

എന്നാൽ ഇതേസമയം ഹർദിക് പാണ്ട്യയെ പോലെയുള്ള ചില താരങ്ങൾ രഞ്ജി ട്രോഫിയിൽ പങ്കെടുക്കാത്തതിനെ ബിസിസിഐ പിന്തുണയ്ക്കുകയും ചെയ്തു. “ഹർദിക് പാണ്ട്യയുടെ കാര്യം നമുക്ക് കൃത്യമായി അറിയാം. അയാളുടെ ശരീരം ടെസ്റ്റ് മത്സരങ്ങൾക്ക് ഇപ്പോൾ അനുയോജ്യമല്ല. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിന്റെ ജോലി ഭാരം ഹർദിക്കിലേക്ക് അടിച്ചേൽപ്പിക്കാനും സാധിക്കില്ല.

വരുന്ന ഐസിസി ഇവന്റുകളിൽ ഹർദിക്ക് ഫിറ്റായി തന്നെ ഇന്ത്യൻ ടീമിലെത്തണം. എന്നാൽ മറ്റു ചില യുവതാരങ്ങൾ പലകാരണങ്ങൾ പറഞ്ഞ് രഞ്ജി ട്രോഫി പോലുള്ള ടൂർണമെന്റുകളിൽ നിന്നും മാറി നിൽക്കുകയാണ്. അങ്ങനെയുള്ളവരെയാണ് ഈ നിയമം ലക്ഷ്യം വയ്ക്കുന്നത്.”- ഔദ്യോഗിക വൃത്തം പറഞ്ഞു വയ്ക്കുന്നു..

Scroll to Top