“യുവതാരങ്ങൾക്ക് കോഹ്ലി കൃത്യമായ റോൾമോഡലാണ്. അവനെ കണ്ടുപഠിക്കണം “- മുഹമ്മദ്‌ ഷാമി പറയുന്നു.

virat kohli bowling

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയ്ക്കായി തട്ടുപൊളിപ്പൻ പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരമാണ് വിരാട് കോഹ്‌ലി. അതിനാൽ തന്നെ ഇത്തവണത്തെ ട്വന്റി20 ലോകകപ്പിലും ഇന്ത്യയെ പ്രതിനിധീകരിക്കാൻ വിരാട് കോഹ്ലിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായി മികച്ച പ്രകടനം ബാറ്റിംഗിൽ കാഴ്ചവയ്ക്കാൻ കോഹ്ലിയ്ക്ക് സാധിക്കുന്നുണ്ട്.

ഓറഞ്ച് ക്യാപ്പ് പട്ടികയിൽ ഇപ്പോൾ കോഹ്ലി ഒന്നാം സ്ഥാനത്താണ്. ഈ സാഹചര്യത്തിൽ കോഹ്ലിയുടെ ടീമിനോടുള്ള ആത്മാർത്ഥതയെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷാമി. വരുന്ന തലമുറയ്ക്ക് കോഹ്ലി വലിയ റോൾ മോഡൽ തന്നെയാണ് എന്ന് ഷാമി പറയുകയുണ്ടായി.

എല്ലാ കാര്യത്തിലും കൃത്യമായി വ്യക്തത കാത്തുസൂക്ഷിക്കുന്ന താരമാണ് വിരാട് കോഹ്ലി എന്ന് ഷാമി പറഞ്ഞു. “ബാറ്റിംഗിലായാലും ഫിറ്റ്നസിന്റെ കാര്യത്തിലായാലും കോഹ്ലിയ്ക്ക് തന്റെ ലക്ഷ്യത്തെക്കുറിച്ച് പൂർണമായ വ്യക്തതയുണ്ട്. ബാറ്ററായ കോഹ്ലിയുടെ കയ്യിലേക്ക് ഒരു ബോൾ നൽകിയാലും, അവൻ തനിക്കാവുംവിധം ബോൾ ചെയ്യുകയും, അതിൽ പൂർണ്ണത കണ്ടെത്തുകയും ചെയ്യും.”

“എല്ലാ കാര്യത്തിലും കൃത്യമായി ഏകാഗ്രത പുലർത്താൻ കോഹ്ലിയ്ക്ക് സാധിക്കുന്നുണ്ട്. എവിടെയൊക്കെ പോയാലും അവിടെ തന്റെ മൂല്യം തെളിയിക്കാൻ കോഹ്ലിയ്ക്ക് സാധിക്കുന്നു.”- ഷാമി പറയുന്നു.

Read Also -  "സിറാജ് ചെയ്തത് വലിയ തെറ്റ്, ക്ഷമിക്കാനാവില്ല"- വീണ്ടും ഗവാസ്‌കറുടെ വിമർശനം.

“വളർന്നു വരുന്ന യുവതലമുറയ്ക്ക് നല്ല കഴിവും ഫിറ്റ്നസും മറ്റുകാര്യങ്ങളിൽ മികവുമുള്ള ഒരു റോൾ മോഡലിനെയാണ് ആവശ്യം. അങ്ങനെ ചിന്തിക്കുമ്പോൾ വിരാട് കോഹ്ലി അവർക്ക് അനുയോജ്യമായ താരമാണ്. തന്റെ ആത്മാർത്ഥത അങ്ങേയറ്റം പുറത്തു കാണിക്കാൻ കോഹ്ലിയ്ക്ക് സാധിക്കുന്നു. എല്ലാ മേഖലകളിലും നമുക്ക് അത് കാണാൻ സാധിക്കും.”

“ഒരു റോൾമോഡൽ എന്ന നിലയ്ക്ക് യുവതാരങ്ങൾക്ക് മാതൃകയാക്കാൻ സാധിക്കുന്ന വ്യക്തിത്വം തന്നെയാണ് കോഹ്ലിയുടേത്.”- മുഹമ്മദ് ഷാമി കൂട്ടിച്ചേർക്കുകയുണ്ടായി. മുൻപ് ഇന്ത്യൻ പ്രീമിയർ ലീഗിലെ സ്ട്രൈക്ക് റേറ്റിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കോഹ്ലി നേരിട്ടിരുന്നു. പക്ഷേ ഇപ്പോൾ അക്കാര്യത്തിലും മികവ് പുലർത്തി കോഹ്ലി മുൻപിലേക്ക് വന്നിട്ടുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കോഹ്ലി പുലർത്തുന്ന ഫോം പലരെയും അത്ഭുതപ്പെടുത്തുകയാണ്. 2024 ട്വന്റി20 ലോകകപ്പിലും ഈ ഫോം കോഹ്ലി തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബാംഗ്ലൂരിന്റെ പഞ്ചാബിനെതിരായ അവസാന മത്സരത്തിൽ 47 പന്തുകൾ നേരിട്ട കോഹ്ലി 92 റൺസാണ് നേടിയത്. കോഹ്ലിയുടെ ഈ മികച്ച ഇന്നിങ്സിന്റെ ബലത്തിലായിരുന്നു ബാംഗ്ലൂർ മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. ഇന്ത്യൻ ടീം വെസ്റ്റിൻഡീസിലും അമേരിക്കയിലും കോഹ്ലിയിൽ നിന്ന് ഇത്തരം മികച്ച പ്രകടനങ്ങളാണ് പ്രതീക്ഷിക്കുന്നത്.

Scroll to Top