യാതൊരു ഈഗോയുമില്ലാതെ അവൻ ടീമിനെ നയിക്കുന്നു. സഞ്ജുവിനെ പ്രശംസിച്ച് ആരോൺ ഫിഞ്ച്.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്താണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് മുൻപോട്ട് വന്നിരിക്കുന്നത്. ഇതുവരെ 8 മത്സരങ്ങൾ ഈ ഐപിഎല്ലിൽ കളിച്ച രാജസ്ഥാൻ 7 മത്സരങ്ങളിൽ വിജയം നേടുകയുണ്ടായി.

അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെയാണ് 9 വിക്കറ്റുകളുടെ വലിയ വിജയം രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിലെ രാജസ്ഥാന്റെ വിജയത്തിന് ശേഷം രാജസ്ഥാൻ നായകൻ സഞ്ജു സാംസനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ആരോൺ ഫിഞ്ച്.

സഞ്ജു സാംസൺ യാതൊരു തര ഈഗോയുമില്ലാത്ത ക്രിക്കറ്ററാണെന്നും, അത് രാജസ്ഥാന് ടൂർണമെന്റിൽ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ടന്നും ഫിഞ്ച് പറയുകയുണ്ടായി. പല സമയത്തും നായകൻ എന്ന നിലയിൽ സഞ്ജുവിന് ടീമിൽ പക്വത പുലർത്താൻ സാധിക്കുന്നുണ്ട് എന്നും ഫിഞ്ച് കൂട്ടിച്ചേർത്തു.

സഞ്ജുവിന്റെ നായകത്വത്തിന് കീഴിൽ രാജസ്ഥാൻ ടീം എല്ലായിപ്പോഴും ശാന്തമായാണ് പ്രകടനം പുറത്തെടുക്കുന്നത് എന്ന് ഫിഞ്ച് വിലയിരുത്തുന്നു. ട്വന്റി20 ക്രിക്കറ്റിൽ ഇത് വളരെ നിർണായകമാണ് എന്നും ഫിഞ്ച് പറഞ്ഞു. നിർണായക സമ്മർദ്ദ സാഹചര്യങ്ങളിൽ രാജസ്ഥാൻ പുറത്തെടുക്കുന്ന മികച്ച പ്രകടനങ്ങളിൽ സഞ്ജു സാംസൺ ഒരുപാട് ക്രെഡിറ്റ് അർഹിക്കുന്നു എന്നാണ് ഫിഞ്ചിന്റെ വിലയിരുത്തൽ.

“സഞ്ജു സാംസൺ മത്സരങ്ങളിൽ വളരെ പക്വതയാർന്ന ഇന്നിങ്സുകളാണ് കളിക്കുന്നത്. അതാണ് ഒരു ടീമിന് ഇത്തരം സാഹചര്യങ്ങളിൽ ആവശ്യം. ട്വന്റി20 ക്രിക്കറ്റിൽ പലതവണയും ബാറ്റർമാരുടെ ഈഗോയും മറ്റും ടീമുകളെ വലിയ രീതിയിൽ ബാധിക്കാറുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

എന്നാൽ എല്ലാ സാഹചര്യത്തിലും ടീമിന് ആവശ്യമായ രീതിയിൽ യാതൊരു ഈഗോയും ഇല്ലാതെ കളിക്കാൻ സഞ്ജു സാംസന് സാധിക്കുന്നു.”- സ്റ്റാർ സ്പോർട്സിൽ സംസാരിക്കുന്ന സമയത്ത് ആരോൺ ഫിഞ്ച് പറയുകയുണ്ടായി.

“നിലവിൽ രാജസ്ഥാൻ ടീമിനെ അവിശ്വസനീയമായി നയിക്കാൻ സഞ്ജു സാംസണ് സാധിക്കുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്. അവന്റെ നായകത്വത്തിന് കീഴിൽ ഏത് സമ്മർദ്ദ സാഹചര്യത്തിലും വളരെ ശാന്തമായി കളിക്കാൻ രാജസ്ഥാൻ റോയൽസ് ടീമിന് സാധിക്കുന്നുണ്ട്.

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മാത്രമാണ് രാജസ്ഥാന് അല്പം പിഴവ് പറ്റിയത് എന്ന് ഞാൻ ചിന്തിക്കുന്നു. അതിനുശേഷം ആ പിഴവിൽ നിന്ന് നന്നായി തിരിച്ചുവരാനും രാജസ്ഥാന് സാധിച്ചിട്ടുണ്ട്. ശേഷം ഐപിഎല്ലിൽ ഇതുവരെ മികവാർന്ന പ്രകടനങ്ങളാണ് രാജസ്ഥാൻ കാഴ്ച വച്ചിരിക്കുന്നത്. ഇതിൽ പ്രധാന ക്രെഡിറ്റ് നൽകേണ്ടത് സഞ്ജു സാംസന് തന്നെയാണ്.”- ഫിഞ്ച് കൂട്ടിച്ചേർത്തു.