മുംബൈയുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു. ഹർദിക്കിനെ നായകനാക്കിയത് നന്നായി എന്ന് മോർഗൻ.

20231219 101418

രോഹിത് ശർമയ്ക്ക് പകരം ഹർദിക് പാണ്ട്യയെ നായകനായി നിയമിച്ചു കൊണ്ടുള്ള മുംബൈ ഇന്ത്യൻസിന്റെ നീക്കത്തെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ രംഗത്ത്. മുംബൈ കാര്യങ്ങളെ വളരെ പ്രായോഗികമായി കാണുന്നുവെന്നും വൈകാരികമായി ചിന്തിക്കുന്നില്ല എന്നുമാണ് മോർഗൻ പറഞ്ഞത്.

ഇത്തരത്തിലുള്ള ചിന്തകൾ വരും നാളുകളിൽ മറ്റ് ഐപിഎൽ ഫ്രാഞ്ചൈസികൾക്കും വലിയൊരു പ്രചോദനമാവുമെന്ന് മോർഗൻ കരുതുന്നു. രോഹിത് ശർമയെ നായക സ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷം മുംബൈ ഇന്ത്യൻസ് ആരാധകർ പോലും ടീമിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മോർഗന്റെ പ്രതികരണം.

മുംബൈ എപ്പോഴും മത്സരഫലങ്ങളെ ആശ്രയിക്കുകയും, അതിനായി ചിന്തിക്കുകയും ചെയ്യുന്ന ടീമാണ് എന്ന് മോർഗൺ ടൈംസ് ഓഫ് ഇന്ത്യയോട് പറയുകയുണ്ടായി തീരുമാനങ്ങളെ വൈകാരികത ബാധിക്കാതിരിക്കാനുള്ള എല്ലാ കാര്യങ്ങളും മുംബൈ ചെയ്തിട്ടുണ്ട് എന്നും മോർഗൻ പറഞ്ഞു. “നിങ്ങൾ മുംബൈ എന്ന ടീമിനെ പരിശോധിക്കുക.

അവർ എല്ലായിപ്പോഴും മുൻപോട്ട് ചിന്തിക്കുന്ന ടീമാണ്. യുക്തിയെ പറ്റി ചിന്തിക്കുന്നു. ഭാവിയെ സംബന്ധിച്ച് പ്രായോഗികമായ ഒരു പ്ലാൻ എല്ലായിപ്പോഴും മുംബൈ ഇന്ത്യൻസ് ടീമിനുണ്ട്. ഇത്തരത്തിലുള്ള തീരുമാനം മുംബൈ പോലൊരു ഫ്രാഞ്ചൈസിയെ ശക്തിപ്പെടുത്താൻ കാരണമാവും.”- മോർഗൺ പറയുന്നു.

Read Also -  ലോകകപ്പ് സെലക്ഷൻ കിട്ടിയപ്പോളും സഞ്ജു പറഞ്ഞത് കേരള ടീം വിജയിക്കണമെന്നാണ്. ബിജു ജോർജ് പറയുന്നു.

“ഇത് മുംബൈയെ സംബന്ധിച്ച് വളരെ പ്രയാസമേറിയ ഒരു തീരുമാനം തന്നെയായിരുന്നു. എന്നിരുന്നാലും വരും വർഷങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണ മുംബൈയ്ക്കുണ്ട്. വരും വർഷങ്ങളിൽ മുംബൈയ്ക്ക് കിരീടങ്ങൾ ഉയർത്തണമെങ്കിൽ ഇത്തരമൊരു തീരുമാനം അനിവാര്യമായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ ധൈര്യം നമ്മൾ സമ്മതിച്ചു കൊടുക്കേണ്ടതുണ്ട്. മറ്റു പല ടീമുകൾക്കും ഇല്ലാത്ത ധൈര്യമാണ് മുംബൈ ഇന്ത്യൻസ് ഇവിടെ കാട്ടിയിരിക്കുന്നത്.”- മോർഗൻ കൂട്ടിച്ചേർക്കുന്നു.

എന്നിരുന്നാലും സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വിമർശനമാണ് മുംബൈ ഇന്ത്യൻസിന്റെ ഈ തീരുമാനത്തിനെതിരെ ഉയർന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമായി വലിയൊരു വിഭാഗം മുംബൈ ഇന്ത്യൻസ് ആരാധകർ ഈ തീരുമാനത്തിന് പിന്നാലെ തങ്ങളുടെ ടീമിനോടുള്ള പിന്തുണ പിൻവലിച്ചിട്ടുണ്ട്.

എന്നിരുന്നാലും പല എക്സ്പേർട്ടുകളും ഈ തീരുമാനത്തെ അഭിനന്ദിച്ചാണ് രംഗത്ത് എത്തിയിരിക്കുന്നത്. വരും വർഷങ്ങളിലെ മുംബൈ ഇന്ത്യൻസിന്റെ മികച്ച പ്രകടനത്തിന് ഇത്തരം തീരുമാനങ്ങൾ വലിയ സഹായകരമായി മാറും എന്ന് പല മുൻ താരങ്ങളും അറിയിക്കുകയുണ്ടായി.

Scroll to Top