മാക്സ്വെല്ലിനെതിരെ തന്ത്രം പാളി. സഹതാരങ്ങളുടെ പ്രകടനത്തിൽ അഭിമാനമുണ്ട് എന്ന് സൂര്യകുമാർ.

ishan and wade

ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ദയനീയമായ ഒരു പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഋതുരാജിന്റെ സെഞ്ചുറിയുടെ മികവിൽ നിശ്ചിത 20 ഓവറുകളിൽ 222 റൺസ് എന്ന കൂറ്റൻ സ്കോറിൽ എത്തുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ പതർച്ചയോടെയാണ് തുടങ്ങിയത്. എന്നാൽ മാക്സ്വെല്ലിന്റെ കിടിലൻ സെഞ്ചുറിയുടെ ബലത്തിൽ അവസാന പന്തിൽ ഓസ്ട്രേലിയ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യൻ ബോളിങ്ങിന്റെ അപാകതകൾ വളരെയധികം ദൃശ്യമായിരുന്നു. മത്സരശേഷം മത്സരത്തിലെ പ്രകടനത്തെപ്പറ്റി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.

മത്സരത്തിൽ കൃത്യമായ സമയത്ത് മാക്സ്വെല്ലിനെ പുറത്താക്കാൻ സാധിക്കാതെ വന്നതാണ് മത്സരത്തിൽ പരാജയം നേരിടാനുള്ള പ്രധാന കാരണമായി എന്ന് സൂര്യകുമാർ പറഞ്ഞു. “ക്രീസിലെത്തിയ ഉടൻ തന്നെ മാക്സ്വെല്ലിനെ പുറത്താക്കുക എന്ന പദ്ധതിയാണ് ഞങ്ങൾ ശ്രമിച്ചത്. എന്നാൽ 222 എന്ന സ്കോർ മഞ്ഞുതുള്ളികളുടെ സാന്നിധ്യത്തിൽ ഈ പിച്ചിൽ പ്രതിരോധിക്കാൻ ബോളർമാരിൽ നിന്ന് വലിയ സഹായങ്ങൾ ആവശ്യമായിരുന്നു. ഓസ്ട്രേലിയ എല്ലായിപ്പോഴും മത്സരത്തിൽ സജീവമായിരുന്നു.

മാക്സ്വെല്ലിനെ എത്രയും വേഗം പുറത്താക്കാൻ നമുക്ക് ശ്രമിക്കാം എന്നാണ് ഞാൻ സഹതാരങ്ങളോട് പറഞ്ഞത്. പക്ഷേ അത് സംഭവിച്ചില്ല. അക്ഷർ പട്ടേൽ വളരെ പരിചയസമ്പന്നനായ ബോളറാണ്. അതുകൊണ്ടാണ് അക്ഷറിന് 19ആം ഓവർ നൽകിയത്. സ്പിന്നറാണെങ്കിൽ തന്നെ അവസാന ഓവറുകളിൽ പരിചയ സമ്പന്നത പലപ്പോഴും രക്ഷിക്കാറുണ്ട്. എന്തായാലും ഞാൻ എന്റെ സഹതാരങ്ങളിൽ അഭിമാനം കൊള്ളുന്നു.”- സൂര്യകുമാർ പറഞ്ഞു.

Read Also -  5 വർഷം കൂടുമ്പോൾ മാത്രം മെഗാലേലം, 6 താരങ്ങളെ നിലനിർത്താം. മാറ്റങ്ങൾക്ക് ഒരുങ്ങി ഐപിഎൽ.

മത്സരത്തിലെ തന്റെ ബാറ്റിംഗ് പ്രകടനത്തെപ്പറ്റി മാക്സ്വെല്ലും സംസാരിക്കുകയുണ്ടായി. “ഇതെല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്. ഇത്രയും മഞ്ഞുതുള്ളികൾ ഉള്ളപ്പോൾ യോർക്കർ എറിയുക എന്നത് ഇന്ത്യൻ ബോളർമാരെ സംബന്ധിച്ച് അല്പം കഠിനമായ കാര്യം തന്നെയായിരുന്നു. ഞങ്ങൾക്ക് മനസ്സിൽ ഒരു നമ്പർ ഉണ്ടായിരുന്നില്ല. അവസാന ഓവറുകളിലേക്ക് എത്താൻ സാധിച്ചാൽ മത്സരം ഞങ്ങളുടെ കയ്യിലെത്തും എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. അവസാന സമയത്ത് അക്ഷറിന് ഒരു ഓവർ അവശേഷിച്ചിരുന്നു. മാത്യു വെയ്ഡ് തകർക്കുമെന്ന് പ്രതീക്ഷിച്ചു. അങ്ങനെ നടന്നു. വെയ്ഡ് ക്രീസിൽ ചെലവഴിച്ച സമയത്തൊക്കെയും എനിക്ക് വളരെ സഹായകരമായിരുന്നു.”- മാക്സ്വെൽ പറഞ്ഞു.

മത്സരത്തിലെ വിജയത്തിൽ ഓസ്ട്രേലിയൻ നായകൻ മാത്യു വെയ്ഡും വലിയ സന്തോഷം തന്നെ പ്രകടിപ്പിക്കുകയുണ്ടായി. തന്റെ നൂറാം മത്സരത്തിൽ 100 റൺസ് പൂർത്തീകരിച്ച മാക്സ്വെല്ലിനെ മാത്യു വെയ്ഡ് അഭിനന്ദിക്കുകയും ചെയ്തു. മത്സരത്തിലെ വിജയം തങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട് എന്നാണ് മാത്യു വെയ്ഡ് പറഞ്ഞത്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വലിയൊരു തിരിച്ചടി തന്നെയാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. അവസാന ഓവറിൽ 21 റൺസായിരുന്നു ഓസ്ട്രേലിയക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ പ്രസീദ് കൃഷ്ണയുടെ മോശം ബോളിംഗ് പ്രകടനവും ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറി.

Scroll to Top