മലയാളികളുടെ അഭിമാനമായി ആശാ ശോഭന. ഇന്ത്യക്കായുള്ള അരങ്ങേറ്റത്തിൽ തകർപ്പൻ റെക്കോർഡും.

ezgif 7 67c8f79c52

തന്റെ 33ആം വയസ്സിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളി താരം ആശ ശോഭന. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിലാണ് താരം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. മാത്രമല്ല മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കാനും ആശാ ശോഭനയ്ക്ക് സാധിച്ചു.

കഴിഞ്ഞ വനിതാ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങളുമായി ആശാ ശോഭന ശ്രദ്ധ നേടിയിരുന്നു. ശേഷമാണ് ഇന്ത്യൻ ടീമിൽ കളിക്കാൻ താരത്തിന് അവസരം ലഭിച്ചത്. അത് നന്നായി തന്നെ താരം വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

മത്സരത്തിൽ 3 ഓവറുകൾ പന്തറിയാനുള്ള അവസരം ആശാ ശോഭനയ്ക്ക് ലഭിച്ചു. ഇതിൽ നിന്ന് 18 റൺസ് മാത്രമാണ് ആശ വിട്ടു നൽകിയത്. മാത്രമല്ല 2 വിക്കറ്റുകൾ മത്സരത്തിൽ ആശ നേടുകയും ചെയ്തു. ആശാ ശോഭനയെ സംബന്ധിച്ച് വളരെ മികച്ച തുടക്കമാണ് തന്റെ അന്താരാഷ്ട്ര കരിയറിന് ലഭിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഒരു വലിയ റെക്കോർഡും ആശ ശോഭന സ്വന്തമാക്കുകയുണ്ടായി. വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായമേറിയ താരമായി ആശാ ശോഭന മാറിയിട്ടുണ്ട്.

Read Also -  ചരിത്രം സൃഷ്ടിച്ച് അമേരിക്ക. സൂപ്പര്‍ ഓവറില്‍ പാക്ക് പടയെ അട്ടിമറിച്ചു. പാക്കിസ്ഥാന് ഞെട്ടിക്കുന്ന പരാജയം.

33 വയസ്സും 53 ദിവസവുമാണ് ആശാ ശോഭനയുടെ പ്രായം. മുൻ ഇന്ത്യൻ വനിതാ താരം സീമ പൂജാരയുടെ റെക്കോർഡ് ആണ് ആശാ ശോഭന മറികടന്നിരിക്കുന്നത്. 2008 ൽ ശ്രീലങ്കക്കെതിരായ ഏകദിന മത്സരത്തിലായിരുന്നു സീമാ പൂജാര ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഈ രണ്ടു താരങ്ങളല്ലാതെ മറ്റാരും 30 വയസിന് ശേഷം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല.

കഴിഞ്ഞ വനിതാ പ്രീമിയർ ലീഗിൽ കിരീടം ചൂടിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിന്റെ വജ്രായുധമായിരുന്നു ആശ ശോഭന. വനിതാ പ്രീമിയർ ലീഗിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ രണ്ടാം താരമായി മാറാനും ആശയ്ക്ക് സാധിച്ചിരുന്നു. വനിതാ പ്രീമിയർ ലീഗിൽ 13 വിക്കറ്റുകൾ നേടിയ ശ്രീയങ്ക പാട്ടിൽ ആയിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയത്. ശേഷമാണ് 12 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്ത് ആശ എത്തിയത്

മത്സരത്തിലേക്ക് കടന്നു വന്നാൽ ബംഗ്ലാദേശിനെതിരെ 56 റൺസിന്റെ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റുകളുടെ നഷ്ടത്തിൽ 122 റൺസാണ് മത്സരത്തിൽ നേടിയത്. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 7 വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എടുത്തു നിൽക്കുന്ന സമയത്ത് മഴയെത്തുകയായിരുന്നു.

ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 4-0 എന്ന നിലയിൽ മുന്നിട്ടു നിൽക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

Scroll to Top