മറ്റു ബാറ്റർമാർ ഞെട്ടി നിന്നപ്പോളാണ് ജയസ്വാളിന്‍റെ ഈ പ്രകടനം. പ്രശംസകളുമായി ഗവാസ്കർ.

jaiswal century against england

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യയുടെ യുവതാരം ജയസ്വാൾ കാഴ്ചവെച്ചത്. മത്സരത്തിൽ ഒരു തകർപ്പൻ ഇരട്ട സെഞ്ച്വറിയിലൂടെ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ ജയിസ്വാളിന് സാധിച്ചു. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഭേദപ്പെട്ട ബാറ്റിംഗ് ജയസ്വാൾ കാഴ്ച വച്ചിരുന്നു.

ഇന്നിംഗ്സിൽ 74 പന്തുകളിൽ 80 റൺസ് സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചു. എന്നാൽ സെഞ്ച്വറി പൂർത്തീകരിക്കാൻ യുവതാരത്തിന് കഴിഞ്ഞില്ല. പിന്നീടാണ് 290 പന്തുകൾ നേരിട്ട് രണ്ടാം ടെസ്റ്റ് മത്സരത്തിൽ 209 റൺസ് ജയസ്വാൾ സ്വന്തമാക്കിയത്. ജയസ്വാളിന്റെ ഈ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.

മത്സരത്തിൽ മറ്റ് ഇന്ത്യൻ ബാറ്റർമാർ അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിഞ്ഞപ്പോൾ ജയസ്വാൾ ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി മാറി എന്ന് ഗവാസ്കർ പറയുന്നു. ആദ്യ മത്സരത്തിൽ സെഞ്ച്വറി നഷ്ടമായ ജയസ്വാൾ അതിൽ നിന്ന് ശക്തമായി തിരിച്ചുവരികയാണ് ഉണ്ടായത് എന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.

“അവൻ പെട്ടെന്ന് തന്നെ പഠനങ്ങൾ ഉൾക്കൊള്ളുന്ന താരമാണ് എന്ന് തെളിയിച്ചു കഴിഞ്ഞു. ആദ്യ മത്സരത്തിൽ അവന് ഒരു സെഞ്ച്വറി നഷ്ടമായിരുന്നു. എന്നാൽ രണ്ടാമത്തെ ടെസ്റ്റിൽ ഒരു തകർപ്പൻ ഇരട്ട സെഞ്ചുറിയുമായി അവിശ്വസനീയ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാൻ ജയസ്വാളിന് സാധിച്ചു.”- ഗവാസ്കർ പറഞ്ഞു.

Read Also -  കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നത് മണ്ടത്തരം. വിമർശനവുമായി പാക് താരം.

“മത്സരത്തിൽ ഇന്ത്യയ്ക്ക് തങ്ങളുടെ ഇന്നിംഗ്സ് ഇത്തരത്തിൽ പിടിച്ചുനിർത്താൻ സാധിക്കുന്ന ഒരു ബാറ്ററെയായിരുന്നു ആവശ്യം. ഒരു വലിയ സെഞ്ച്വറിലൂടെ ഇന്ത്യൻ ഇന്നിങ്സിനെ പിടിച്ചു നിർത്താൻ ജയസ്വാളിന് സാധിച്ചു. എന്നാൽ മറ്റു ബാറ്റർമാർ അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിയുകയാണ് ചെയ്തത്. ആദ്യ ടെസ്റ്റ് മത്സരത്തിലും അവർ അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിഞ്ഞിരുന്നു.”- ഗവാസ്കർ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇതുവരെ ഏറ്റവുമധികം റൺസ് നേടിയിട്ടുള്ള താരമാണ് ജയസ്വാൾ. ഈ ഇടംകയ്യൻ ബാറ്റർ 2 മത്സരങ്ങളിൽ നിന്നും 321 റൺസ് സ്വന്തമാക്കുകയുണ്ടായി. 80.25 എന്ന ഉയർന്ന ശരാശരിയിലാണ് ജയസ്വാളിന്റെ ഈ പ്രകടനം.

മറ്റെല്ലാ ഇന്ത്യൻ ബാറ്റർമാരും പരമ്പരയിലൂടനീളം റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ വളരെ പോസിറ്റീവായാണ് ജയസ്വാൾ കളിച്ചത്. അതിനാൽ വരും മത്സരത്തിലും ഇത്തരത്തിൽ ജയസ്വാൾ മികവ് പുലർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ടാം മത്സരത്തിൽ 106 റൺസിന്റെ വിജയം സ്വന്തമാക്കിയതോടെ ഇന്ത്യ പരമ്പര സമനിലയിൽ എത്തിച്ചിട്ടുണ്ട്. ഫെബ്രുവരി 15ന് രാജക്കോട്ടിലാണ് മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയം നേടി പരമ്പരയിൽ മുൻപിൽ എത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

Scroll to Top