ഭരത് പഠിച്ചു വളരുകയാണ്. ഇനിയും നമ്മൾ അവസരങ്ങൾ നൽകണം. പിന്തുണച്ച് രാഹുൽ ദ്രാവിഡ്.

ks bharat

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു വിക്കറ്റ് കീപ്പർ കെഎസ് ഭരത് കാഴ്ചവച്ചത്. വിശാഖപട്ടണത്തിൽ നടന്ന രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 6 റൺസും, രണ്ടാം ഇന്നിംഗ്സിൽ 17 റൺസുമാണ് ഭരത് നേടിയത്. ആദ്യ മത്സരത്തിലും അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ ഭരതിന് സാധിച്ചിരുന്നില്ല.

മാത്രമല്ല പല സമയത്തും വിക്കറ്റിന് പിന്നിലും ഭരത് മോശം പ്രകടനം ആവർത്തിക്കുകയുണ്ടായി. അതിനാൽ തന്നെ വരും ടെസ്റ്റ് മത്സരത്തിൽ നിന്ന് ഭരതിനെ ഇന്ത്യ മാറ്റി നിർത്തണം എന്ന രീതിയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പകരക്കാരായി ഇഷാൻ കിഷനെയോ ധ്രുവ് ജൂറലിനെയോ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തണം എന്നും ആരാധകർ പറയുന്നു. എന്നാൽ ഇതിനുള്ള മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്.

ഭരതിനെ പോലെയുള്ള യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകേണ്ടതുണ്ട് എന്നാണ് ദ്രാവിഡ് പറഞ്ഞത്. “ഭരതിന്റെ കാര്യത്തിൽ നിരാശ എന്ന വാക്ക് ഞാൻ ഉപയോഗിച്ചാൽ അത് അല്പം പ്രയാസമേറിയതാവും. കാരണം 2 മത്സരങ്ങളിലും ഭരത് നിരാശ സമ്മാനിച്ചു എന്ന് പറയാൻ എനിക്ക് സാധിക്കില്ല. ഒരു യുവതാരം എന്ന നിലയ്ക്ക് അവന് ഇനിയും നമ്മൾ സമയം നൽകേണ്ടതുണ്ട്.”

“അവർ സ്വയം വളരുന്ന കളിക്കാരാണ്. ടീമിലെത്തുന്ന എല്ലാ യുവതാരങ്ങളും മികച്ച പ്രകടനം പുറത്തെടുക്കുകയും, തങ്ങൾക്ക് ലഭിക്കുന്ന അവസരം അങ്ങേയറ്റം വിനിയോഗിക്കുകയും ചെയ്യണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനാൽ അവന് സമയം ആവശ്യമാണ്. മാത്രമല്ല അവന്റെ ഒരു പഠന കാലയളവാണിത്.”- രാഹുൽ ദ്രാവിഡ് പറഞ്ഞു.

Read Also -  അവന്റെ കയ്യിൽ ഇന്ത്യൻ ടീം സുരക്ഷിതമായിരിക്കും, വമ്പൻ പ്രസ്താവന നടത്തി ബ്രെറ്റ് ലീ

“സത്യസന്ധമായി പറഞ്ഞാൽ ഭരത് 2 ടെസ്റ്റ് മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനം തന്നെയാണ് കീപ്പിങ്ങിൽ കാഴ്ചവച്ചത്. വരും മത്സരങ്ങളിൽ ബാറ്റർ എന്ന നിലയിലും മികച്ച പ്രകടനം ഭരതിന് പുറത്തെടുക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. പലതരം പിച്ചുകളിൽ അവൻ കളിച്ചിട്ടുണ്ട്. ഒരുപാട് വലിയ സംഭാവനകൾ നൽകിയിട്ടുമുണ്ട്.”

“ബാറ്റിംഗ് എന്നത് ഒരു പ്രധാനപ്പെട്ട മേഖല തന്നെയാണ്. ഇന്ത്യ എ ടീമിനൊപ്പം സെഞ്ച്വറികൾ നേടിയാണ് അവൻ ഇന്ത്യയുടെ ദേശീയ ടീമിലേക്ക് എത്തിയത് എന്ന കാര്യം നമ്മൾ ഓർക്കണം. ഇംഗ്ലണ്ട് ലയൻസിനെതിരായ മത്സരത്തിൽ വെടിക്കെട്ട് സെഞ്ചറി തന്നെയാണ് ഭാരത് നേടിയത്. പക്ഷേ ഈ രണ്ടു മത്സരങ്ങളിൽ വളരെ മികച്ച പ്രകടനം അവന് പുറത്തെടുക്കാൻ സാധിച്ചില്ല.”- ദ്രാവിഡ് കൂട്ടിച്ചേർക്കുന്നു.

ഇതേസമയം ഇന്ത്യൻ ടീമിലേക്കുള്ള ഇഷാൻ കിഷന്റെ മടങ്ങിവരവിനെപ്പറ്റിയും ദ്രാവിഡ് സംസാരിക്കുകയുണ്ടായി. “ഞങ്ങൾ ആരെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ആർക്കും എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം. കിഷൻ ഒരു ഇടവേള എടുക്കുകയാണ് ചെയ്തത്. അങ്ങനെയൊരു ഇടവേള നൽകിയതിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ല. ഇഷാനുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ വിശദീകരിക്കാൻ ഞാനിപ്പോൾ ശ്രമിക്കുന്നില്ല.”

“ഇക്കാര്യം നേരത്തെ തന്നെ സംസാരിച്ചതാണ്. സ്ഥിരമായി അവൻ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമേന്ന ആവശ്യം ഞാൻ മുൻപിലേക്ക് വെച്ചിട്ടില്ല. എപ്പോഴാണോ അവൻ തയ്യാറാവുന്നത് ആ സമയത്ത് അവൻ മത്സരങ്ങൾ കളിച്ചത് ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരണം. ഇക്കാര്യങ്ങളിലൊക്കെയും അവന്റെ തീരുമാനം തന്നെയാണ് പ്രധാനം .”- ദ്രാവിഡ്‌ പറഞ്ഞുവെക്കുന്നു.

Scroll to Top