“ഭയമില്ലാത്ത പോരാളിയാണ് ജിതേഷ്.. വെടിക്കെട്ട്‌ മനോഭാവം അത്ഭുതപ്പെടുത്തി” എന്ന് മുൻ ഇന്ത്യൻ താരം.

jitesh sharma

ഓസ്ട്രേലിയക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ വിജയം കണ്ടതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യയ്ക്ക് വളരെയധികം സഹായകരമായി മാറിയത് റിങ്കൂ സിങ്ങിന്‍റെയും ജിതേഷ് ശർമയുടെയും മധ്യ ഓവറുകളിലെ ഭയരഹിതമായ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു. ഇന്ത്യയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായ സമയത്തായിരുന്നു ജിതേഷ് ശർമയും റിങ്കു സിംഗും ക്രീസിൽ എത്തിയത്.

എന്നാൽ ഇരുവരും തെല്ലും ഭയമില്ലാതെ ഓസ്ട്രേലിയൻ ബോളർമാരെ നേരിടുകയുണ്ടായി. മത്സരത്തിൽ റിങ്കു സിംഗ് 29 പന്തുകളിൽ 46 റൺസ് നേടിയപ്പോൾ, ജിതേഷ് ശർമ 19 പന്തുകളിൽ 35 റൺസാണ് നേടിയത്. ഇരുവരും അഞ്ചാം വിക്കറ്റിൽ 28 പന്തുകളിൽ നിന്നായിരുന്നു 50 റൺസ് കൂട്ടിച്ചേർത്തത്. ഇത് ഇന്ത്യയ്ക്ക് മത്സരത്തിൽ വലിയ സഹായകരമായി.

ശേഷം ജിതേഷ് ശർമയുടെ ഭയരഹിതമായ ബാറ്റിംഗിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അഭിഷേക് നായർ. “ജിതേഷ് ശർമ അവിശ്വസനീയമായ രീതിയിലാണ് ഇന്ന് കളിച്ചത്. മത്സരത്തിന് മുൻപ് ഞാൻ ജിതേഷുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭയമില്ലാത്ത മനോഭാവത്തെ കുറിച്ചാണ് ഞാൻ കൂടുതലായി സംസാരിച്ചത്. അത് മത്സരത്തിലുടനീളം കാണാനും സാധിച്ചു.”- അഭിഷേക് നായർ ജിയോ സിനിമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇത്തരം നിർണായകമായ ഒരു സമയത്ത് ജിതേഷ് ശർമയും റിങ്കുവും ഇത്തരത്തിൽ വെടിക്കെട്ട് തീർക്കുമെന്ന് താൻ പ്രതീക്ഷിച്ചില്ല എന്നും അഭിഷേക് പറയുകയുണ്ടായി.

Read Also -  സഞ്ജുവിനെ അവഗണിക്കുന്നത് ആദ്യമായല്ലല്ലോ, ഇനിയും അത് തുടരും. തുറന്നടിച്ച് ഉത്തപ്പ.

“ഇന്ത്യക്ക് നിർണായകമായ വിക്കറ്റുകൾ നഷ്ടമായ സമയത്താണ് ജിതേഷ് ശർമ ക്രീസിലെത്തിയത്. അവിടെനിന്ന് ജിതേഷ് ശർമ അല്പം പന്തുകൾ നേരിട്ട് ക്രീസിൽ സെറ്റാവും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ക്രിസ് ഗ്രീൻ ബോൾ ചെയ്യാൻ വന്നതോടുകൂടി ജിതേഷ് ശർമ ആക്രമിച്ചു കളിക്കാനും ആരംഭിച്ചു. ഗ്രീനിനെതിരെ വലിയ രീതിയിൽ ഷോട്ടുകൾ കളിക്കാൻ ജിതേഷിന് സാധിച്ചു. അത് ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു.

മത്സരത്തിന്റെ മോമെന്റം പൂർണ്ണമായും ഇന്ത്യയുടെ കൈകളിലേക്ക് എത്തി. ജിതേഷിന് ഇത്തരത്തിൽ മികച്ച കഴിവുണ്ട് എന്ന് നമുക്കെല്ലാവർക്കും അറിയാം. അയാൾ എല്ലായിപ്പോഴും പ്രതിഭയുള്ള താരമാണ്. എന്നിരുന്നാലും ഇന്ന് അയാൾ മൈതാനത്ത് കാട്ടിയ മനോഭാവം വളരെയധികം ആകർഷണീയമാണ്.”- അഭിഷേക് കൂട്ടിച്ചേർത്തു.

മത്സരത്തിൽ വലിയൊരു പങ്കു തന്നെയാണ് ജിതേഷ് ശർമ വഹിച്ചത്. മുൻപ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനായി കളിച്ച പരിചയം മാത്രമേ ജിതേഷിന് ഉണ്ടായിരുന്നുള്ളൂ. ഓസ്ട്രേലിയക്കെതിരായ ട്വന്റി20 മത്സരത്തിൽ തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം വിനിയോഗിക്കാൻ ജിതേഷിന് സാധിച്ചു.

അടുത്ത മത്സരത്തിലും ജിതേഷ് ഇത്തരത്തിൽ മികവ് പുലർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മറുവശത്ത് സഞ്ജു സാംസൺ, ഇഷാൻ അടക്കമുള്ള വിക്കറ്റ് കീപ്പർമാർക്ക് വലിയ ഭീഷണിയാണ് ജിതേഷ് ശർമയുടെ ഈ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം.

Scroll to Top