“ബാസ്ബോൾ ഒന്നും ഇന്ത്യൻ പിച്ചിൽ നടക്കില്ല. ഇംഗ്ലണ്ട് വിയർക്കും”. സൂചന നൽകി മുൻ ഇന്ത്യൻ താരം.

Ben Stokes and bairstow

ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയർത്താൻ പോകുന്ന ടെസ്റ്റ്‌ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ ജനുവരി 25ന് ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിലെ ഏറ്റവും നിർണായകമായ പരമ്പര തന്നെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കാൻ ഒരുങ്ങുന്നത്. സമീപ സമയങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റിൽ വളരെ വലിയ മാറ്റം കൊണ്ടുവന്ന ടീമാണ് ഇംഗ്ലണ്ട്.

അതിനാൽ തന്നെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ വിജയം സ്വന്തമാക്കാൻ സാധിച്ചാൽ അത് ഇന്ത്യയെ സംബന്ധിച്ച് വലിയ മേൽക്കോയ്മ തന്നെയാവും. എന്നാൽ കഴിഞ്ഞ സമയങ്ങളിൽ ബാസ് ബോൾ രീതിയാണ് ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ പുലർത്തിയിട്ടുള്ളത്. ഏകദിന ശൈലിയിൽ തന്നെ ബാറ്റർമാരൊക്കെയും ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രീതി ഇംഗ്ലണ്ട് ഇപ്പോഴും തുടരുന്നു. ഇന്ത്യൻ പിച്ചുകളിൽ ഇംഗ്ലണ്ടിന്റെ ഈ ബാസ്ബോൾ തന്ത്രം മുതലാവില്ല എന്നാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

നിലവിൽ ഐസിസി റാങ്കിങ്ങിൽ മൂന്നാം നമ്പർ ടീമായാണ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തയ്യാറെടുക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയെ പരാജയപ്പെടുത്തി മുൻപിലെത്തുക എന്ന ലക്ഷ്യം കൂടി ഇംഗ്ലണ്ടിന് മുൻപിലുണ്ട്. പക്ഷേ ഇന്ത്യയിലെ സ്പിൻ പിച്ചുകളിൽ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ തന്ത്രം മുതലാവില്ല എന്ന് ഹർഭജൻ പറയുന്നു.

“ഇന്ത്യൻ പിച്ചുകളിൽ ബാസ്ബോൾ നടക്കില്ല. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഇവിടത്തെ സാഹചര്യങ്ങൾ വളരെ പ്രയാസകരമായിരിക്കും. മത്സരത്തിലെ ആദ്യ പന്ത് മുതൽ കൃത്യമായ ടേൺ ലഭിക്കാൻ സാധ്യതയുണ്ട്. ഇരു ടീമുകളിലെ സ്പിന്നർമാർക്കും പിച്ചിൽ നിന്ന് ആനുകൂല്യം ലഭിക്കും.”- ഹർഭജൻ പറയുന്നു.

Read Also -  ബുമ്രയും മലിംഗയുമല്ല, ലോക ക്രിക്കറ്റിലെ യോർക്കർ വീരൻ ആ താരമാണ്. സ്‌റ്റെയ്‌ൻ തുറന്ന് പറയുന്നു.

മത്സരത്തിൽ ഫ്ളാറ്റ് പിച്ച് ഉണ്ടെങ്കിൽ മാത്രമേ ഇംഗ്ലണ്ടിന് ആധിപത്യം പുലർത്താൻ സാധിക്കൂ എന്നാണ് ഹർഭജന്റെ അഭിപ്രായം. “ഇരു ടീമുകൾക്കും ബാറ്റിംഗിൽ ആധിപത്യം പുലർത്തണമെങ്കിൽ ഫ്ലാറ്റായ പിച്ചുകളാണ് ആവശ്യം. ഇന്ത്യയിലെ ടേണിങ് പിച്ചുകളിൽ ടോസ് വളരെ നിർണായകമായ ഒരു ഘടകമാണ്. സ്പിന്നർമാർക്ക് പിച്ച് യാതൊരുതര സഹായങ്ങളും നൽകിയില്ലെങ്കിൽ മാത്രമേ ഇംഗ്ലണ്ടിന് മത്സരത്തിൽ കൃത്യമായി ആധിപത്യം സ്ഥാപിച്ച് മുൻപിലേക്ക് പോകാൻ സാധിക്കൂ.”- ഹർഭജൻ സിംഗ് കൂട്ടിച്ചേർക്കുന്നു.

ഇംഗ്ലണ്ടിനെതിരെ 14 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 45 വിക്കറ്റുകൾ സ്വന്തമാക്കിയ താരമാണ് ഹർഭജൻ സിംഗ്. അതിനാൽ തന്നെ ഹർഭജന്റെ വിലയിരുത്തലുകൾക്ക് വലിയ പ്രാധാന്യമുണ്ട്.

ഇന്ത്യയെ സംബന്ധിച്ച് വളരെ വലിയ പ്രതീക്ഷയാണ് ഈ പരമ്പരയിലുമുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ 1-1 എന്ന നിലയിൽ ചരിത്രപരമായ സമനില കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ശേഷം മറ്റൊരു വമ്പൻ പ്രകടനത്തിനാണ് ഇന്ത്യ കാത്തിരിക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിലെ ഇംഗ്ലണ്ടിന്റെ രണ്ടാം പാരമ്പരയാണ് ഇന്ത്യക്കെതിരെ നടക്കുന്നത്. ഓസ്ട്രേലിയക്കെതിരെ നടന്ന ആദ്യ പരമ്പരയിൽ 2-2 എന്ന നിലയിൽ സമനില കണ്ടെത്താൻ ഇംഗ്ലണ്ട് ടീമിന് സാധിച്ചിരുന്നു.

Scroll to Top