പലരുടേയും ചീട്ട് കീറണം. ടീമില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ഹര്‍ഭജന്‍ സിങ്ങ്.

2022 ലോകകപ്പില്‍ ഇന്ത്യ ആദ്യ തോല്‍വി വഴങ്ങി. സൗത്താഫ്രിക്കകെതിരെയുള്ള ലോ സ്കോറിങ്ങ് പോരാട്ടത്തില്‍ 5 വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ സൗത്താഫ്രിക്ക മറികടന്നു.

മത്സരത്തില്‍ വന്‍ ബാറ്റിംഗ് തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടത്. ഒരു ഘട്ടത്തില്‍ 49 ന് 5 എന്ന നിലയിലായിരുന്നു ഇന്ത്യ. ഓപ്പണിംഗില്‍ കെല്‍ രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുകയാണ്. ഇപ്പോഴിതാ ടീം ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വേണമെന്ന് പറഞ്ഞിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്ങ്.

“അവർക്ക് ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം, ടീം മുന്നോട്ട് പോകുന്നതിനെക്കുറിച്ച് ചിന്തിക്കണം. രാഹുൽ ഒരു മികച്ച കളിക്കാരനാണ്, നമുക്കെല്ലാവർക്കും അറിയാം, അവൻ ഒരു മാച്ച് വിന്നറാണ്. പക്ഷേ, അദ്ദേഹം തന്റെ മോശം ഫോം തുടരുമ്പോള്‍, നിങ്ങൾ ഋഷഭ് പന്തിനെ കൊണ്ടുവരണമെന്ന് ഞാൻ കരുതുന്നു,” ഹർഭജൻ സ്‌പോർട്‌സ് ടാക്കിൽ പറഞ്ഞു.

FgVCDHKUoAAGt3G

ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിനിടെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന് പരിക്കേറ്റപ്പോള്‍ കീപ്പിങ്ങ് ജോലികള്‍ റിഷഭ് പന്താണ് ചെയ്തത്. പന്തിന് വിക്കറ്റ് കീപ്പറായി തുടരാനാകുമെങ്കിലും ലോവർ മിഡിൽ ഓർഡറിൽ കാർത്തിക്കിന്റെ സ്ഥാനം ഏറ്റെടുക്കാൻ ഇന്ത്യയ്ക്ക് ദീപക് ഹൂഡയെ കൊണ്ടുവരാനാകുമെന്നും അങ്ങനെ ടീമിന് അധിക സ്പിൻ ഓപ്ഷൻ നൽകുമെന്നും ഹർഭജൻ പറഞ്ഞു.

” കാർത്തിക്ക് പരിക്കേറ്റതായി തോന്നുന്നു, അവന്റെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. അവനില്ലെങ്കിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം ഋഷഭ് പന്തിന് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാം. നിങ്ങൾക്ക് ലെഫ്റ്റ് – റൈറ്റ് കോമ്പിനേഷൻ ലഭിക്കും. നിങ്ങൾക്ക് ദീപക് ഹൂഡയെ കൊണ്ടുവരാനും അദ്ദേഹത്തിന് കുറച്ച് ഓവർ എറിയാനും കഴിയും, ”ഹര്‍ഭജന്‍ പറഞ്ഞു.

chahal and rishab

രവിചന്ദ്രൻ അശ്വിന് പകരം യുസ്‌വേന്ദ്ര ചാഹലിനെ ഇന്ത്യ കൊണ്ടുവരേണ്ടതുണ്ടെന്നും ഒഴിവാക്കിയത് തെറ്റായിപ്പോയെന്നും ഹർഭജൻ പറഞ്ഞു. ടൂർണമെന്റിൽ ചാഹൽ ഇതുവരെ ഒരു മത്സരവും കളിച്ചിട്ടില്ല. സൗത്താഫ്രിക്കകെതിരെ അശ്വിൻ തന്റെ നാലോവറിൽ 43 റൺസ് വഴങ്ങി. ചഹല്‍ റണ്‍സ് വഴങ്ങുമെങ്കിലും വിക്കറ്റ് വീഴ്ത്താനായാല്‍ അത് പ്രശ്നമാകില്ലെന്നും ഹര്‍ഭജന്‍ കൂട്ടിചേര്‍ത്തു.