“നിർഭാഗ്യവാൻ എന്ന് എന്നെ എല്ലാവരും വിളിക്കുന്നു. പക്ഷേ” സഞ്ജു സാംസൺ തുറന്ന് പറയുന്നു.

sanju samson

മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും നിരന്തരം ഇന്ത്യൻ ടീമിൽ നിന്നും അവഗണിക്കപ്പെട്ട ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. പലപ്പോഴും ഇന്ത്യക്കായി ത്രസിപ്പിക്കുന്ന പ്രകടനങ്ങൾ തന്നെ സഞ്ജു കാഴ്ച വയ്ക്കുന്നുണ്ട്. എന്നാൽ ഇതുവരെയും സഞ്ജുവിന് സ്ഥിരമായ സ്ഥാനം ടീമിൽ ലഭിച്ചിട്ടില്ല.

ഏഷ്യാകപ്പിലും ഏഷ്യൻ ഗെയിംസിലും ലോകകപ്പിലും ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലുമെല്ലാം സഞ്ജു അവഗണിക്കപ്പെടുകയുണ്ടായി. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ ക്രിക്കറ്റർ സഞ്ജു സാംസണാണ് എന്ന് ആരാധകരടക്കം പറഞ്ഞിട്ടുണ്ട്. ഈ പ്രസ്താവനയെ പറ്റി സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.

താൻ ഒരു നിർഭാഗ്യവാനായ ക്രിക്കറ്ററാണ് എന്ന് എല്ലാവരും പറയുമ്പോഴും താൻ ഇപ്പോൾ നിൽക്കുന്ന നില അഭിമാനം കൊള്ളിക്കുന്നതാണ് എന്നായിരുന്നു സഞ്ജു സാംസൺ പറഞ്ഞത്. “ആളുകൾ എന്നെ വിളിക്കുന്നത് നിർഭാഗ്യവാനായ ക്രിക്കറ്റർ എന്നാണ്. എന്നാൽ ഇപ്പോൾ ഞാൻ എത്തിയിരിക്കുന്ന സ്ഥാനം ഞാൻ ആലോചിച്ചതിലും ഒരുപാട് മുകളിലാണ്.”- സഞ്ജു സാംസൺ ഒരു പ്രമുഖ യൂട്യൂബ് ഇന്റർവ്യൂവിൽ പറയുകയുണ്ടായി.

മാത്രമല്ല മുൻപ് ഇന്ത്യൻ നായകൻ രോഹിത് ശർമയിൽ നിന്ന് തനിക്ക് ലഭിച്ച പ്രശംസകളെ പറ്റിയും സഞ്ജു വാചാലനായി. മുംബൈ ഇന്ത്യൻസിനെതിരായ തന്റെ വെടിക്കെട്ട് പ്രകടനത്തിന് ശേഷം രോഹിത് ശർമ പ്രശംസിച്ചിരുന്നു എന്ന് സഞ്ജു പറയുന്നു.

“രോഹിത് ശർമയാണ് എന്റെ അടുത്ത് വന്ന് എന്നോട് സംസാരിച്ച ഒന്നാമത്തെയൊ രണ്ടാമത്തെയോ വ്യക്തി. ‘സഞ്ജു എന്തൊക്കെയുണ്ട്. നിങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നിങ്ങൾ കുറച്ചധികം സിക്സറുകൾ നേടുകയുണ്ടായി. നിങ്ങൾ വളരെ നന്നായി ബാറ്റ് ചെയ്തു.’ ഇങ്ങനെയാണ് രോഹിത് ശർമ അന്ന് എന്നോട് പറഞ്ഞത്. അദ്ദേഹത്തിൽനിന്ന് ഒരുപാട് പിന്തുണയും എനിക്ക് ലഭിച്ചിട്ടുണ്ട്.”- സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.

Read Also -  5 വർഷം കൂടുമ്പോൾ മാത്രം മെഗാലേലം, 6 താരങ്ങളെ നിലനിർത്താം. മാറ്റങ്ങൾക്ക് ഒരുങ്ങി ഐപിഎൽ.

2021 ലായിരുന്നു സഞ്ജു സാംസൺ തന്റെ ഏകദിന കരിയർ ആരംഭിച്ചത്. 13 ഏകദിന മത്സരങ്ങളാണ് ഇതുവരെ ഇന്ത്യക്കായി സഞ്ജു കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി 390 റൺസ് സ്വന്തമാക്കാൻ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്.

55.7 റൺസാണ് സഞ്ജുവിന്റെ ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിലെ ശരാശരി. മാത്രമല്ല 104 എന്ന മികച്ച സ്ട്രൈക്ക് റേറ്റും സഞ്ജു സാംസണുണ്ട്. എന്നാൽ ഇത്തരം മികച്ച പ്രകടനങ്ങൾ കയ്യിലുണ്ടായിട്ടും സഞ്ജുവിനെ ഇന്ത്യ തുടർച്ചയായി മാറ്റി നിർത്തുകയാണ്. നിലവിൽ 2024 ലെ ട്വന്റി20 ലോകകപ്പിൽ സഞ്ജു ഇന്ത്യൻ ടീമിൽ എത്താനുള്ള എല്ലാ സാധ്യതയുമുണ്ട്.

എന്നാൽ അതിനുള്ള അവസരം ഇന്ത്യൻ ടീമിൽ സഞ്ജുവിന് ലഭിക്കുന്നില്ല എന്നതാണ് വസ്തുത. എന്നിരുന്നാലും സഞ്ജു തങ്ങളുടെ ചോയിസിലുള്ള ഒരു താരം തന്നെയാണ് എന്ന് മുൻപ് പ്രധാന സെലക്ടറായ അജിത്ത് അഗാർക്കർ പറയുകയുണ്ടായി.

Scroll to Top