നിലവിലെ ചാംപ്യന്‍മാര്‍ പുറത്ത്. തുടര്‍ച്ചയായ അഞ്ചാം വിജയവുമായി ഓസ്ട്രേലിയ

adam zampa australia

2023 ഏകദിന ലോകപ്പില്‍ നിന്നും നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് പുറത്ത്. ജീവന്‍ മരണ പോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ 33 റണ്‍സിന്‍റെ പരാജയം വഴങ്ങിയാണ് ഇംഗ്ലണ്ട് പുറത്തായത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 48.1 ഓവറില്‍ 253 റണ്‍സില്‍ എല്ലാവരും പുറത്തായി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു ആദ്യ പന്തില്‍ തന്നെ ബെയര്‍സ്റ്റോയെ (0) നഷ്ടമായി. മലാനും (50) ബെന്‍ സ്റ്റോക്ക്സ് (64) മൊയിന്‍ അലി (42) എന്നിവര്‍ പൊരുതി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ഓസ്ട്രേലിയന്‍ ബോളര്‍മാര്‍ വിക്കറ്റ് വീഴ്ത്തി. അവസാന നിമിഷം ക്രിസ് വോക്സ് (32) ആദില്‍ റഷീദ് (20) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയം അകന്നു നിന്നു.

ഓസ്ട്രേലിയക്കായി ആദം സാംപ 3 വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറില്‍ 286 റണ്‍സില്‍ എല്ലാവരും പുറത്തായി. മര്‍നസ് ലബുഷെയ്ന്‍ (77), സ്റ്റീവന്‍ സ്മിത്ത് (44), കാമറൂണ്‍ ഗ്രീന്‍ (47) എന്നിവരുടെ ഇന്നിംഗ്‌സാണ് ഓസ്ട്രേലിയയെ ഈ സ്കോറില്‍ എത്തിച്ചത്. ക്രിസ് വോക്‌സ് ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍ക്ക് വുഡും ആദില്‍ റഷീദും 2 വിക്കറ്റ് വീതം വീഴ്ത്തി.

Read Also -  കിവികളെ തുരത്തിയടിച്ച് അഫ്ഗാൻ ഫയർ🔥🔥 84 റൺസിന്റെ വമ്പൻ വിജയം
Scroll to Top