“നിന്റെ ഇന്നിങ്സിന്റെ മൂല്യം നിനക്ക് ഇപ്പോൾ അറിയില്ല.. വിരമിക്കുമ്പോൾ മനസിലാവും” – രോഹിത് പന്തിനോട് അന്ന് പറഞ്ഞത്..

Rishabh Pant

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ചരിത്രപരമായ ഒരു വിജയമായിരുന്നു 2021ൽ ഓസ്ട്രേലിയക്കെതിരെ ബ്രിസ്ബെയ്നിൽ ഉണ്ടായത്. 28 വർഷങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യ ഇത്തരമൊരു വിജയം സ്വന്തമാക്കിയത്. ഇതിൽ പ്രധാന പങ്കുവഹിച്ചത് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്താണ്. മത്സരത്തിൽ 328 എന്ന വമ്പൻ വിജയലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയ ഇന്ത്യക്കായി പന്ത് അങ്ങേയറ്റം ആത്മാർത്ഥതയോടെ പൊരുതുകയായിരുന്നു.

എന്നാൽ മത്സരത്തിലെ വിജയ റൺ നേടിയ സമയത്തും താൻ അത്രമാത്രം ആവേശഭരിതനായില്ല എന്നാണ് പന്ത് ഇപ്പോൾ പറയുന്നത്. ശേഷം രോഹിത് ശർമ തന്റെ അടുത്തു വരികയും ഈ വിജയത്തിന്റെ പ്രത്യേകതകൾ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തുവെന്ന് പന്ത് പറയുന്നു.

ആ വിജയത്തിന് ശേഷം പലരും തന്നെ പ്രശംസിച്ച് സംസാരിച്ചെങ്കിലും, രോഹിത് ശർമയുടെ വാക്കുകളാണ് തന്റെ ഹൃദയത്തിൽ തട്ടിയത് എന്ന് പന്ത് പറയുകയുണ്ടായി. “ആ സമയത്ത് രോഹിത് ശർമ എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. ഒരുപാട് ആളുകൾ അന്ന് എന്നോട് പ്രത്യേകതയുള്ള ഒരുപാട് കാര്യങ്ങൾ പറഞ്ഞു.

എന്നാൽ രോഹിതിന്റെ വാക്കുകൾ ഞാൻ എന്നും ഓർക്കുന്നതാണ്. മത്സരം വിജയിച്ചതിന് ശേഷമുള്ള എന്റെ പ്രതികരണം അദ്ദേഹം കണ്ടിരുന്നു. എല്ലാവരും ആ സമയത്ത് വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ അവരുടെയത്ര ആവേശം എനിക്കുണ്ടായിരുന്നില്ല.”- റിഷഭ് പന്ത് പറയുന്നു.

Read Also -  "എന്റെ ട്വന്റി20യിലെ പ്രകടനത്തിൽ ഞാൻ ഇപ്പോളും തൃപ്തനല്ല"- ശുഭ്മാൻ ഗില്ലിന്റെ തുറന്ന് പറച്ചിൽ.

“ആ സമയത്ത് രോഹിത് അടുത്ത് വരികയും എന്നോട് ഇങ്ങനെ പറയുകയും ചെയ്തു. ‘എന്താണ് നീ ഇപ്പോൾ ചെയ്തത് എന്ന് നിനക്ക് കൃത്യമായി മനസ്സിലായിട്ടില്ല’. ഞാനപ്പോൾ രോഹിത്തിന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘എനിക്കറിയാം നമ്മൾ ഒരു മത്സരത്തിൽ വിജയം കണ്ടു. മാത്രമല്ല രണ്ടാം തവണ നമ്മൾ ഓസ്ട്രേലിയയിൽ ഒരു പരമ്പര വിജയിക്കുകയും ചെയ്തു.’ എന്നാൽ അദ്ദേഹം എന്നോട് തിരിച്ചു പറഞ്ഞത് ഇങ്ങനെയാണ്.- ‘നീ ഒരിക്കൽ ക്രിക്കറ്റ് അവസാനിപ്പിക്കുമ്പോൾ, ഈ ഇന്നിംഗ്സിന്റെ പ്രാധാന്യം അന്ന് നിനക്ക് മനസ്സിലാവും. കാരണം ഇന്ന് നീ എത്ര വലിയ കാര്യമാണ് ചെയ്തത് എന്ന് നിനക്കിപ്പോൾ അറിയില്ല'”. – പന്ത് കൂട്ടിച്ചേർക്കുന്നു.

ഇതിന് ശേഷമാണ് ആ വിജയത്തിന്റെ മൂല്യം താൻ മനസ്സിലാക്കിയത് എന്ന് പന്ത് പറയുന്നു. “ആ സമയത്ത് ഏത് രീതിയിൽ പെരുമാറണം എന്നതിനെപ്പറ്റി എനിക്കറിയില്ലായിരുന്നു. ഞാൻ മൈതാനത്തിന്റെ മധ്യത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരുപാട് ആവേശമുണ്ടാവരുത് എന്നതിനെപ്പറ്റി എനിക്ക് ബോധ്യമുണ്ടായിരുന്നു.

പക്ഷേ എനിക്ക് ചുറ്റും ഒരുപാട് സന്തോഷങ്ങൾ നടന്നു. എന്നെ സംബന്ധിച്ച് അത് വളരെ നിർണായകമായ ഒരു മത്സരമായിരുന്നു. കാരണം ആ സമയത്ത് ഞാൻ ഏകദിനങ്ങളിലും ട്വന്റി20കളിലും കളിച്ചിരുന്നില്ല.”- പന്ത് പറഞ്ഞു വെക്കുന്നു.

Scroll to Top