നട്ടെല്ലായി ശ്രെയസ് അയ്യർ, ഗിൽക്രിസ്റ്റിന്റെ ചരിത്ര റെക്കോർഡ് മറികടന്നു. രോഹിതിനും ദ്രാവിഡിനുമൊപ്പം എലൈറ്റ് ക്ലബ്ബിൽ.

F dYOUa0AA fyj

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ സെമിഫൈനൽ മത്സരത്തിൽ വിരാട് കോഹ്ലിയെയും മുഹമ്മദ് ഷാമിയെയും പോലെ പ്രധാന പങ്കുവഹിച്ച ബാറ്ററാണ് ശ്രേയസ് അയ്യർ. മത്സരത്തിൽ ഒരു നിർണായക സമയത്ത് ആയിരുന്നു ശ്രേയസ് അയ്യർ ക്രീസിലെത്തിയത്. ഗിൽ പരിക്ക് മൂലം മടങ്ങിയ സമയത്ത് അയ്യർ ക്രീസിലെത്തുകയും, വിരാട് കോഹ്ലിയുമൊപ്പം ചേർന്ന് ഒരു കിടിലൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയും ചെയ്തു.

മത്സരത്തിൽ ശ്രേയസ് അയ്യര്‍ ഒരു കിടിലൻ സെഞ്ചുറിയാണ് സ്വന്തമാക്കിയത്. 67 പന്തുകളിൽ നിന്നായിരുന്നു അയ്യർ തന്റെ തകർപ്പൻ സെഞ്ചുറി നേടിയത്. ഇതോടെ ഒരുപാട് റെക്കോർഡുകൾ മത്സരത്തിൽ തകർത്തെറിയാനും അയ്യർക്ക് സാധിച്ചു. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ ആദം ഗിൽക്രിസ്റ്റിന്റെ ചരിത്ര റെക്കോർഡാണ് മത്സരത്തിലൂടെ അയ്യർ മറികടന്നത്.

ലോകകപ്പിന്റെ ഒരു നോകൗട്ട് മത്സരത്തിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡണ് അയ്യർ സ്വന്തമാക്കിയത്. 2007 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ശ്രീലങ്കൻ ടീമിനെതിരെ 72 പന്തുകളിലായിരുന്നു ആദം ഗിൽക്രിസ്റ്റ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. എന്നാൽ ന്യൂസിലാൻഡിനെതിരെ 2023 ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ 67 പന്തുകളിൽ സെഞ്ച്വറി നേടി അയ്യർ ആ റെക്കോർഡ് സ്വന്തമാക്കി.

ഒപ്പം ഇന്ത്യയുടെ നിലവിലെ കോച്ചായ രാഹുൽ ദ്രാവിഡിനും നായകൻ രോഹിത് ശർമയ്ക്കുമൊപ്പം ഒരു എലൈറ്റ് ക്ലബ്ബിൽ സ്ഥാനം കണ്ടെത്താനും അയ്യർക്ക് സാധിച്ചു. ഇന്ത്യയ്ക്കായി ലോകകപ്പ് മത്സരങ്ങളിൽ തുടർച്ചയായി സെഞ്ച്വറികൾ നേടുന്ന താരം എന്ന ബഹുമതി നേടിയാണ് അയ്യർ എലൈറ്റ് ക്ലബ്ബിൽ സ്ഥാനം കണ്ടെത്തിയത്.

Read Also -  "സഞ്ജു ഞങ്ങളെ നന്നായി വിഷമിപ്പിച്ചു.. അതുകൊണ്ടാണ്.."- ന്യായീകരണവുമായി ഡൽഹി ഓണർ.

ഇതുവരെ രോഹിത് ശർമയും രാഹുൽ ദ്രാവിഡും മാത്രമാണ് ഇന്ത്യക്കായി ലോകകപ്പിൽ തുടർച്ചയായ മത്സരങ്ങളിൽ സെഞ്ചുറികൾ സ്വന്തമാക്കിയത്. രോഹിത് ശർമ 2019ലായിരുന്നു ഈ നേട്ടം കൊയ്തത്. 2019ൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ സെഞ്ചുറി സ്വന്തമാക്കാൻ നിലവിലെ ഇന്ത്യൻ നായകന് സാധിച്ചിരുന്നു.

മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് 1999 ലോകകപ്പിലാണ് തുടർച്ചയായി സെഞ്ചുറികൾ സ്വന്തമാക്കിയത്. ഇതിനൊപ്പം മറ്റൊരു റെക്കോർഡിൽ സൗരവ് ഗാംഗുലിയെയും യുവരാജ് സിംഗിനെയും മറികടക്കാനും ശ്രേയസ് അയ്യർക്ക് സാധിച്ചു. ഒരു ലോകകപ്പ് ഇന്നിങ്സിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ ബാറ്റർ എന്ന ബഹുമതി നേടിയാണ് അയ്യർ ഇരുവരെയും പിന്തള്ളിയത്.

ഇന്ത്യയ്ക്കായി ഒരു ലോകകപ്പ് ഇന്നിങ്സിൽ 7 വീതം സിക്സറുകൾ സ്വന്തമാക്കാൻ സൗരവ് ഗാംഗുലിക്കും യുവരാജ് സിംഗിനും സാധിച്ചിരുന്നു. എന്നാൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 8 സിക്സറുകൾ കണ്ടെത്തി ഇരുവരെയും അയ്യർ മറി കടന്നിരിക്കുകയാണ്. ഒരുപാട് നാഴികക്കല്ലുകൾ മത്സരത്തിൽ ഉണ്ടായിരുന്നതിനാൽ തന്നെ അയ്യരുടെ ഈ റെക്കോർഡുകൾ പലരും വിട്ടുപോയി എന്നതാണ് സത്യം. മത്സരത്തിൽ വിരാട് കോഹ്ലി തന്റെ ഏകദിന കരിയറിലെ 50ആം സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ഇതാദ്യമായാണ് ഒരു ക്രിക്കറ്റർ ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ പൂർത്തീകരിക്കുന്നത്.

Scroll to Top