ധ്രുവ് ജൂറൽ അടുത്ത ധോണിയായി മാറുമോ? ഉത്തരം നൽകി സൗരവ് ഗാംഗുലി.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിലെ വമ്പൻ പ്രകടനത്തോടെ ശ്രദ്ധ നേടിയിരിക്കുകയാണ് യുവതാരം ധ്രുവ് ജൂറൽ. ആഭ്യന്തര ക്രിക്കറ്റിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ശേഷമാണ് ജൂറലിനെ ഇന്ത്യ തങ്ങളുടെ ടീമിലേക്ക് ക്ഷണിച്ചത്.

പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തിൽ 2 ഇന്നിംഗ്സുകളിലും മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു ജൂറൽ കാഴ്ചവച്ചത്. മത്സരത്തിന്റെ നിർണായ സമയത്ത് ബാറ്റിംഗിനിറങ്ങിയ ജൂറൽ 90 റൺസ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ 39 റൺസ് നേടിയ ജുറൽ പുറത്താവാതെ നിൽക്കുകയും ചെയ്തു. ഇതോടെ മത്സരത്തിലെ താരമായും ജൂറൽ മാറി. ശേഷം ജൂററിനെ ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുമായി താരതമ്യം ചെയ്ത് ഒരുപാട് എക്സ്പേർട്ടുകൾ രംഗത്ത് എത്തിയിരുന്നു.

എന്നാൽ ഇത്തരം ഒരു താരതമ്യത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ധ്രുവ് ജൂറൽ ഒരുപാട് കഴിവുകളുള്ള താരമാണ് എന്ന് ഗാംഗുലി അംഗീകരിക്കുന്നു. എന്നിരുന്നാലും ജുറലിനെ ധോണിയുമായി താരതമ്യം ചെയ്യാൻ ഒരിക്കലും സാധിക്കില്ല എന്നാണ് ഗാംഗുലി പറയുന്നത്.

മഹേന്ദ്ര സിംഗ് ധോണി ഇത്തരം ഒരു പദവി നേടിയെടുക്കാൻ 20 വർഷങ്ങൾ കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ഗാംഗുലി പറയുന്നു. അതിനാൽ ഇപ്പോൾ എല്ലാവരും ചെയ്യേണ്ടത് ജൂറലിനെ മികച്ച പ്രകടനം നടത്താൻ സഹായിക്കുക എന്നതാണ് എന്ന് ഗാംഗുലി വിലയിരുത്തുന്നു.

Read Also -  സാക്ഷാൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ. ദുലീപ് ട്രോഫിയിൽ അഴിഞ്ഞാട്ടം.

“മഹേന്ദ്ര സിംഗ് ധോണി എല്ലാത്തരത്തിലും വ്യത്യസ്തമായ ഒരു ലീഗാണ്. ധ്രുവ് ജൂറൽ ഒരുപാട് കഴിവുകളുള്ള താരമാണ്. അക്കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. പക്ഷേ ധോണിയ്ക്ക് ധോണിയായി മാറാൻ 20 വർഷങ്ങളോളം ആവശ്യമായി വന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് ജൂറലിനെ കളിക്കാൻ സമ്മതിക്കുക എന്നതാണ്.”

“ജൂറലിന്റെ സ്പിന്നിനെതിരെ കളിക്കാനുള്ള കഴിവുകൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. മാത്രമല്ല പേസ് ബോളർമാർക്കെതിരെയും മികച്ച ടെക്നിക്ക് ജൂറലിനുണ്ട്. സമ്മർദ്ദ സാഹചര്യത്തിൽ മികവ് പുലർത്താനും അവന് സാധിക്കുന്നു. ഒരു യുവതാരത്തിൽ നിന്ന് ഇത്തരം കാര്യങ്ങളാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. അതൊക്കെയും അവന്റെ ശൈലിയിലുണ്ട്.”- ഗാംഗുലി പറഞ്ഞു.

2023ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലായിരുന്നു ജൂറൽ വലിയ രീതിയിൽ ശ്രദ്ധ സ്വന്തമാക്കിയത്. ലീഗിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി തട്ടുപൊളിപ്പൻ പ്രകടനങ്ങൾ പുറത്തെടുക്കാൻ ജുറലിന് സാധിച്ചു.

സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 152 റൺസായിരുന്നു ജുറൽ സ്വന്തമാക്കിയത്. 172.73 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് സീസണിൽ ജൂറൽ കളിച്ചത്. നിർണായകമായ സാഹചര്യത്തിൽ സിക്സറുകളും ബൗണ്ടറികളും സ്വന്തമാക്കാനുള്ള കഴിവ് ജൂറലിനുണ്ട്. ഇന്ത്യയ്ക്കായി വരും മത്സരങ്ങളിലും ജൂറൽ മികവ് പുലർത്തുമെന്നാണ് പ്രതീക്ഷ.

Scroll to Top