ധോണി 2025 ഐപിഎല്ലിൽ കളിച്ചാലും അത്ഭുതമില്ല. അയാൾ അങ്ങനാണ്. കുംബ്ലെ പറയുന്നു.

dhoni finish ipl 2023

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും ഉറ്റു നോക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ പ്രകടനമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വളരെക്കാലം മുൻപ് തന്നെ വിരമിച്ച ധോണി ഇപ്പോഴും തന്റെ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം തുടരുകയാണ്.

2023 ഐപിഎല്ലിൽ ചെന്നൈയെ ചാമ്പ്യന്മാരാക്കി മാറ്റാനും മഹേന്ദ്ര സിംഗ് ധോണിക്ക് സാധിച്ചിരുന്നു. ശേഷമാണ് ധോണി അടുത്ത ഐപിഎൽ കിരീടത്തിനായി തയ്യാറെടുക്കുന്നത്. എന്നാൽ ഇത്തവണ ധോണി തന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുമോ എന്ന ചോദ്യം നിലനിൽക്കുന്നു. ഇതിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. ചെന്നൈയ്ക്കായി ധോണി അടുത്ത സീസണുകളിൽ കളി തുടർന്നാലും തനിക്ക് വലിയ അത്ഭുതമാവില്ല എന്നാണ് കുംബ്ലെ പറയുന്നത്.

നിലവിലെ ധോണിയുടെ പ്രകടനങ്ങളും മറ്റും കണക്കിലെടുത്താണ് കുംബ്ലെ ഇക്കാര്യം ബോധിപ്പിച്ചത്. മുൻപ് റാഞ്ചിയിൽ ഒരു പരിശീലന സെഷനിലെ ഉണ്ടായ സംഭവം കൂടി ചേർത്താണ് കുംബ്ലെ സംസാരിച്ചത്.

“ഇന്ത്യൻ പ്രീമിയർ ലീഗിൽ മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം കളിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. എന്നാൽ ഇന്ത്യൻ ടീമിൽ ഞാൻ കളിക്കുന്ന സമയത്ത് ധോണിയായിരുന്നു എന്നെ ഉയർത്തിയ ആദ്യ വ്യക്തി. മറ്റെല്ലാ താരങ്ങളെക്കാളും ശക്തനായിരുന്നു മഹേന്ദ്ര സിംഗ് ധോണി. എന്നെ സംബന്ധിച്ച് ധോണിയോടൊപ്പം ഉള്ളതൊക്കെയും അവിശ്വസനീയ നിമിഷങ്ങൾ തന്നെയായിരുന്നു.”- കുംബ്ലെ പറയുന്നു.

“അന്നുണ്ടായ ഒരു സംഭവം ഞാൻ ഓർക്കുന്നു. ഞാൻ ഇന്ത്യൻ ടീമിന്റെ കോച്ചായിരുന്ന സമയത്ത് ധോണി നായകനായിരുന്നു. ഒരു ഏകദിന മത്സരത്തിനായി അന്ന് ഞങ്ങൾ റാഞ്ചിയിൽ ഉണ്ടായിരുന്നു. അന്നവിടെ നിർബന്ധിതമല്ലാത്ത ഒരു പ്രാക്ടീസ് സെഷൻ നടന്നു. റാഞ്ചി ധോണിയുടെ സ്ഥലമായതിനാൽ തന്നെ അദ്ദേഹത്തിന് അന്ന് ആ പ്രാക്ടീസ് സെഷനിൽ പങ്കെടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം സെഷനായി എത്തി.

Read Also -  "അന്നെനിക്ക് ഫീൽഡ് സെറ്റ് ചെയ്യാൻ പോലും അറിയില്ലായിരുന്നു, രോഹിതാണ് എല്ലാം ചെയ്തിരുന്നത്".

എന്തിനാണ് നിങ്ങൾ വന്നത് എന്ന് ഞാൻ ധോണിയോട് ചോദിച്ചു. കാരണം മത്സരം രണ്ടു ദിവസങ്ങൾക്ക് ശേഷം മാത്രമായിരുന്നു. അപ്പോൾ ധോണി പറഞ്ഞ മറുപടി ഇങ്ങനെയാണ്. ‘എനിക്ക് ഇത്തരത്തിൽ ടീമിനോടൊപ്പം നിൽക്കേണ്ടതുണ്ട്.’ അതാണ് മഹേന്ദ്ര സിംഗ് ധോണി”- കുംബ്ലെ കൂട്ടിച്ചേർക്കുന്നു.

“സച്ചിനും ഇതേ പോലെ തന്നെയായിരുന്നു. മുംബൈ ഇന്ത്യൻസ് ടീമിൽ സച്ചിനൊപ്പം സമയം ചിലവഴിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ആ സമയത്ത് സച്ചിൻ 25-26 വർഷങ്ങളോളം ക്രിക്കറ്റ് കളിച്ചു കഴിഞ്ഞു. പക്ഷേ അന്നും നിർബന്ധിതമല്ലാത്ത ദിവസങ്ങളിൽ പോലും സച്ചിൻ ബസ്സിൽ ടീമിനൊപ്പം ഉണ്ടായിരുന്നു. ഈ രണ്ടു താരങ്ങളും ഇത്തരത്തിലാണ്.”

“അവർ യാതൊരു തരത്തിലും ഇടവേളകൾ എടുക്കാറില്ല. മഹേന്ദ്ര സിംഗ് ധോണി ചെന്നൈക്കായി വരും സീസണുകളിൽ കളിച്ചാലും ഞാൻ അത്ഭുതപ്പെടില്ല. കാരണം ക്രിക്കറ്റ് ധോണിയ്ക്ക് അത്രമാത്രം പ്രിയപ്പെട്ടതാണ്. എല്ലായിപ്പോഴും മൈതാനത്ത് തുടരാനാണ് ധോണി ശ്രമിക്കുന്നത്.”- കുംബ്ലെ പറഞ്ഞു വയ്ക്കുന്നു.

Scroll to Top