ധോണിയുടെ ഒപ്പമെത്താൻ സാധിക്കുന്ന താരമാണ് ജൂറൽ. വലിയ പ്രശംസയുമായി അനിൽ കുംബ്ലെ.

dhruv jurel debut

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വളരെ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ധ്രുവ് ജൂറൽ. വിക്കറ്റിന് മുന്നിലും പിന്നിലും ഒരേ പോലെ മികവ് പുലർത്താൻ ജൂറലിന് സാധിച്ചു. നാലാം മത്സരത്തിലെ താരമായും ജൂറലിനെ തിരഞ്ഞെടുക്കുകയുണ്ടായി.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 90 റൺസാണ് ഈ യുവതാരം നേടിയത്. ഇന്ത്യ മത്സരത്തിൽ തകർച്ചയുടെ പടിവാതിലിൽ നിൽക്കുമ്പോഴാണ് ജൂറൽ ഈ മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ചത്. ശേഷം രണ്ടാം ഇന്നിങ്സിൽ നിർണായകമായ 39 റൺസും ജൂറൽ നേടുകയുണ്ടായി. ഇതിന് ശേഷം ജൂറലിന് വലിയ പ്രശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. ഭാവിയിൽ ഒരു ധോണിയായി മാറാനുള്ള എല്ലാ കഴിവുകളും ജൂറലിനുണ്ട് എന്നാണ് അനിൽ കുംബ്ലെ പറയുന്നത്.

“മഹേന്ദ്ര സിംഗ് ധോണി തന്റെ കരിയറിൽ എത്ര വലിയ നേട്ടങ്ങൾ ഉണ്ടാക്കിയെടുത്തോ അതേ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു താരമായാണ് ജൂറലിനെ ഞാൻ കാണുന്നത്. പ്രതിരോധക രീതിയിൽ മാത്രമല്ല ജൂറൽ കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചത്. തന്റെ ആക്രമണ രീതിയിലും മഹേന്ദ്ര സിംഗ് ധോണിയോട് പലപ്പോഴും ജൂറൽ സാമ്യം പുലർത്തിയിട്ടുണ്ട്. മത്സരത്തിൽ വളരെ പക്വതയോടെയാണ് അവൻ ബാറ്റ് ചെയ്തത്. തുടക്കത്തിൽ പ്രതിരോധിച്ച ശേഷം വലിയ സിക്സറുകൾ സ്വന്തമാക്കിയും ജൂറൽ കളം നിറയുകയുണ്ടായി.”- കുംബ്ലെ പറഞ്ഞു.

Read Also -  "കോഹ്ലിയുടെയും രോഹിതിന്റെയും നിഴലിനടിയിലാണ് അവന്റെ കരിയർ", ഇന്ത്യൻ താരത്തെ പറ്റി ആകാശ് ചോപ്ര.

“വളരെ അവിസ്മരണീയമായ രീതിയിലാണ് ജൂറൽ ബാറ്റ് ചെയ്യുന്നത്. പ്രത്യേകിച്ച് പേസ് ബോളർമാർക്കെതിരെ. വരും നാളുകളിലും ജൂറൽ തന്റെ പ്രകടനത്തിൽ വലിയ പുരോഗതിയുണ്ടാകും. ഇത് ജൂറലിന്റെ കരിയറിലെ കേവലം രണ്ടാം ടെസ്റ്റ് മത്സരം മാത്രമാണ്. ഇനിയും കൂടുതൽ മത്സരങ്ങൾ കളിക്കുമ്പോൾ ജൂറൽ കൂടുതൽ മെച്ചപ്പെടും എന്നാണ് ഞാൻ കരുതുന്നത്.”

“അത് ഇന്ത്യയെ സംബന്ധിച്ച് വലിയ ഗുണമായി മാറുകയും ചെയ്യും. മാത്രമല്ല ഇത്തരം ഒരു താരം സ്ക്വാഡിലുള്ളത് ഇന്ത്യയെ സംബന്ധിച്ച് വലിയ മെച്ചങ്ങളുണ്ടാക്കും. അതുകൊണ്ടുതന്നെ കെഎസ് ഭരതിന് ഇനിയും ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാവുക എന്നത് അല്പം പ്രയാസകരമായിരിക്കും.”- അനിൽ കുംബ്ലെ കൂട്ടിച്ചേർക്കുന്നു.

മുൻപ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറും ജൂറലിനെ ധോണിയുമായി താരതമ്യം ചെയ്തിരുന്നു. മൈതാനത്ത് ജൂറൽ തുടരുന്ന സമയത്ത് മഹേന്ദ്ര സിംഗ് ധോണി ക്രീസിൽ നിൽക്കുന്ന പ്രതിനിധിയാണ് എന്ന് ഗവാസ്കർ പറയുകയുണ്ടായി. മാത്രമല്ല കൃത്യമായി സാഹചര്യങ്ങൾ നോക്കി കളിക്കാനും ജൂറലിന് എല്ലായിപ്പോഴും സാധിക്കുന്നുണ്ട് എന്ന് ഗവാസ്കർ പ്രശംസിച്ചിരുന്നു. ഈ സാഹചര്യത്തിൽ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ജൂറലിൽ നിന്ന് വളരെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

Scroll to Top