ട്വന്റി20 ലോകകപ്പിലും ഇന്ത്യ രോഹിതിനെ നായകനാക്കില്ല. മാറ്റങ്ങളുടെ സൂചന നൽകി സഞ്ജയ്‌ മഞ്ജരേക്കർ.

rohit sharma world cup 2023

2024 ട്വന്റി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. 2007ലെ പ്രാഥമിക ലോകകപ്പിന് ശേഷം ട്വന്റി20 കിരീടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. വിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി20 ടൂർണമെന്റിൽ ഏതു വിധേനയും വിജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

അതിനായി യുവതാരങ്ങൾ അടങ്ങുന്ന ഒരു നിരയെയാണ് ഇന്ത്യ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നത്. എന്നാൽ ലോകകപ്പിലേക്കുള്ള ക്യാപ്റ്റൻസി അടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴും ഇന്ത്യൻ ടീമിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നു. ഇന്ത്യ രോഹിത് ശർമയെ ക്യാപ്റ്റനായി നിയമിക്കുമോ, അതോ ഹർദിക് പാണ്ഡ്യയെ തിരഞ്ഞെടുക്കുമോ എന്നത് വലിയ ചോദ്യം തന്നെയാണ്. ഇതിനുള്ള ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.

നിലവിൽ ഇന്ത്യയുടെ 2024 ട്വന്റി20 ലോകകപ്പിലെ നായകനാവാൻ ഏറ്റവുമധികം സാധ്യതയുള്ള താരം ഹർദിക് പാണ്ട്യയാണ് എന്ന് സഞ്ജയ് മഞ്ജരേക്കർ പറയുന്നു. ഇരുവരും തമ്മിൽ ഒരു മത്സരം ഉണ്ടായാൽ ഉറപ്പായും എല്ലാവരും പാണ്ട്യയെ തിരഞ്ഞെടുക്കുമേന്നാണ് മഞ്ജരേക്കറുടെ പക്ഷം. എന്നാൽ ടീമിന്റെ ഉപനായകനായി രോഹിത് ശർമയെത്താനും സാധ്യതയുണ്ട് എന്ന് മഞ്ജരേക്കർ പറയുന്നു.

“സെലക്ടർമാരും ടീം മാനേജ്മെന്റും എന്താണ് ചിന്തിക്കുന്നത് എന്നതിനെപ്പറ്റി ആർക്കും തന്നെ പൂർണമായ ബോധ്യമില്ല. എന്നാൽ ഹർദിക് പാണ്ട്യ തന്നെ ഇന്ത്യയുടെ നായകനായി ട്വന്റി20 ലോകകപ്പിൽ കളിക്കും എന്നാണ് ഞാൻ കരുതുന്നത്. രോഹിത് ശർമയും ഹർദിക് പാണ്ട്യയും തമ്മിൽ ഒരു മത്സരം നടന്നാൽ ഹാർദിക് തന്നെ നായകനായെത്തും.”- മഞ്ജരേക്കർ പറയുന്നു.

Read Also -  സഞ്ജുവിനെയും അഭിഷേകിനെയും ടീമിലെടുക്കാത്തതിന്റെ കാരണം പറഞ്ഞ് ചീഫ് സെലക്ടര്‍.

“എന്നിരുന്നാലും സൂര്യകുമാർ യാദവിന് പകരം രോഹിത് ശർമ ഉപനായകൻ ആവാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ഫോമിലുള്ള താരങ്ങളെ കൃത്യമായി തിരഞ്ഞെടുക്കേണ്ടത് വളരെ നിർണായകമാണ്. ഇന്ത്യയുടെ ട്വന്റി20 ടീമിലെ ഏറ്റവും മികച്ച താരങ്ങളെ തന്നെ ലോകകപ്പിനായി തിരഞ്ഞെടുക്കണം. നായകനടക്കം ഇത്തരത്തിൽ മികവ് പുലർത്തിയവർ ആയിരിക്കണം.”- സഞ്ജയ് മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

നിലവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ട്വന്റി20 പരമ്പര 1-1 എന്ന നിലയിൽ സമനിലയിലെത്തിക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. ശേഷം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഏകദിന പരമ്പരയാണ് ദക്ഷിണാഫ്രിക്കയിൽ നടക്കുന്നത്. കൂടുതലായും യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ഏകദിന പരമ്പരക്കുള്ള ടീമും അണിയിച്ചൊരുക്കുന്നത്.

സഞ്ജു സാംസൺ, ഋതുരാജ് തുടങ്ങിയ താരങ്ങളെയാണ് ഇന്ത്യ ഏകദിന പരമ്പരക്കുള്ള ടീമിൽ അണിനിരത്തിയിരിക്കുന്നത്. ടെസ്റ്റ് പരമ്പരക്കുള്ള ടീമിലൂടെ ഇന്ത്യയുടെ സീനിയർ താരങ്ങളായ കോഹ്ലി, രോഹിത് തുടങ്ങിയവർ തിരിച്ചുവരും എന്നാണ് വിലയിരുത്തൽ.

Scroll to Top