ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. മുൻനിരയിൽ ഇറങ്ങാനായത് ഗുണം ചെയ്തു. സഞ്ജു സാംസൺ പറയുന്നു.

sanju good batting

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിന മത്സരത്തിൽ സഞ്ജു സാംസനാണ് ഇന്ത്യൻ ടീമിന്റെ നട്ടെല്ലായത്. മത്സരത്തിൽ ഇന്ത്യ ദുർഘട അവസ്ഥയിൽ നിൽക്കുമ്പോളായിരുന്നു സഞ്ജു ക്രീസിലെത്തിയത്. വളരെ പക്വതയോടെയും കരുതലോടെയുമാണ് സഞ്ജു സാംസൺ ബാറ്റ് വീശിയത്. അനാവശ്യ ഷോട്ടുകളിൽ നിന്നും മാറി സിംഗിളുകളും ഡബിള്കളും നേടിയാണ് സഞ്ജു തന്റെ ഇന്നിങ്സ് കെട്ടിപ്പടുത്തത്.

ശേഷം അവസാന ഓവറുകളിൽ സഞ്ജു സാംസൺ വെടിക്കെട്ട് തീർക്കുകയായിരുന്നു. മത്സരത്തിൽ തന്റെ കന്നി സെഞ്ച്വറി സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചു. 114 പന്തുകൾ നേരിട്ട് സഞ്ജു 108 റൺസാണ് മത്സരത്തിൽ നേടിയത്. 6 ബൗണ്ടറികളും 3 സിക്സറുകളും സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. മത്സരത്തിലെ തന്റെ പ്രകടനത്തെപ്പറ്റി സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.

മത്സരത്തിൽ ഇത്ര മികവ് കാട്ടാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ട് എന്നാണ് സഞ്ജു സാംസൺ മത്സരശേഷം പറഞ്ഞത്. “വലിയ അഭിമാനം തന്നെയാണ് തോന്നുന്നത്. പ്രത്യേകിച്ച് മത്സരഫലം ഞങ്ങൾക്ക് അനുകൂലമായി എന്ന് ചിന്തിക്കുമ്പോൾ. കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ ഒരുപാട് കഠിനപ്രയത്നം നടത്തിയിട്ടുണ്ട്. രണ്ടോ മൂന്നോ മാസങ്ങളല്ല, അതിലധികവും ഞാൻ കഠിനപ്രയത്നം നടത്തി. ഏകദിന ഫോർമാറ്റിൽ എല്ലായിപ്പോഴും ബാറ്റർമാർക്ക് വിക്കറ്റിനെ മനസ്സിലാക്കാൻ കുറച്ചധികം സമയം ലഭിക്കാറുണ്ട്. മാത്രമല്ല ബോളർമാരുടെ മാനസികാവസ്ഥയും നമുക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.”- സഞ്ജു സാംസൺ പറഞ്ഞു.

Read Also -  ബംഗ്ലകളെ പറപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ്‌ ഫൈനലിൽ. 10 വിക്കറ്റുകളുടെ കൂറ്റൻ വിജയം.

“മുൻനിരയിൽ ബാറ്റ് ചെയ്യുമ്പോൾ അധികമായി 10-20 പന്തുകൾ നമുക്ക് ലഭിക്കുന്നു. അത് ഗുണകരമാണ്. തിലക് വർമ മുഴുവൻ രാജ്യത്തിന്റെയും അഭിമാനമായി മാറിക്കഴിഞ്ഞു. ഒരുപാട് പ്രതീക്ഷകൾ അയാളിൽ ഇന്ത്യ വയ്ക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ സീനിയർ താരങ്ങൾ എല്ലായിപ്പോഴും ഒരു നിലവാരം പുലർത്തിയിട്ടുണ്ട്. ഇപ്പോൾ ജൂനിയർ താരങ്ങളും അതിലേക്ക് എത്തുകയാണ്. ജോലി ഭംഗിയായി പൂർത്തിയാക്കാൻ ഞങ്ങൾക്കും സാധിക്കുന്നു. അത് അത്ര അനായാസകരമല്ല. മാത്രമല്ല 2-3 ദിവസങ്ങൾക്കുള്ളിൽ മത്സരങ്ങൾ എത്തുന്നുണ്ട്. അതിനിടയിൽ ഉണ്ടാകുന്ന യാത്രകളും മറ്റും കഠിനമാണ്. എന്നിരുന്നാലും മത്സരത്തിൽ ഫലങ്ങൾ ഉണ്ടാക്കാൻ ഞങ്ങൾക്ക് സാധിച്ചു.”- സഞ്ജു കൂട്ടിച്ചേർക്കുന്നു.

രണ്ടാം മത്സരത്തിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല സഞ്ജു സാംസൺ കാഴ്ചവച്ചത്. 23 പന്തുകളിൽ 12 റൺസ് മാത്രമാണ് സഞ്ജുവിന് രണ്ടാം മത്സരത്തിൽ നേടാൻ സാധിച്ചത്. ഇതിനുശേഷം സഞ്ജുവിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാൽ എല്ലാത്തിനുമുള്ള മറുപടി തന്റെ ബാറ്റുകൊണ്ട് നൽകിയിരിക്കുകയാണ് സഞ്ജു ഇപ്പോൾ. ഇത്ര മികച്ച ഇന്നിംഗ്സിന് ശേഷവും സഞ്ജുവിനെ ഇന്ത്യ മാറ്റി നിർത്തില്ല എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇനി ഇന്ത്യക്ക് ദക്ഷിണാഫ്രിക്കക്കെതിരെ അവശേഷിക്കുന്നത് രണ്ട് ടെസ്റ്റ് മത്സരങ്ങളാണ്.

Scroll to Top