ഞങ്ങൾ ഭയമില്ലാതെയാണ് കളിച്ചത്. പക്ഷേ സാഹചര്യങ്ങൾ പ്രതികൂലമായിരുന്നു എന്ന് ദ്രാവിഡ്.

kohli and rahul

2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ വളരെ അവിചാരിതമായ ഒരു പരാജയമായിരുന്നു ഇന്ത്യയെ തേടിയെത്തിയത്. വളരെ വലിയ പ്രതീക്ഷയോടെ ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യ മത്സരത്തിൽ കേവലം 240 റൺസിന് പുറത്താവുകയുണ്ടായി. രോഹിത് ശർമ ഇന്ത്യക്ക് മത്സരത്തിൽ ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും അത് മുതലെടുക്കാൻ മറ്റു ബാറ്റർമാർക്ക് സാധിച്ചില്ല.

മാത്രമല്ല പിച്ച് ബോളിങ്ങിന് അനുകൂലമായി മാറിയതോടെ ഇന്ത്യൻ ബാറ്റർമാർ നന്നേ ബുദ്ധിമുട്ടുന്നതാണ് മത്സരത്തിൽ കണ്ടത്. എന്നാൽ ഇന്ത്യൻ ടീമിനെ മത്സരത്തിൽ സമ്മർദ്ദം ബാധിച്ചോ എന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും മത്സരത്തിൽ തങ്ങൾ യാതൊരു ഭയവുമില്ലാതെയാണ് കളിച്ചത് എന്ന് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.

മത്സരത്തിന്റെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതാണ് തങ്ങളെ ബാധിച്ചത് എന്നായിരുന്നു രാഹുൽ ദ്രാവിഡ് പറഞ്ഞത്. “ഈ ടൂർണമെന്റിലൂടനീളം ഞങ്ങൾ ഭയത്തോടെയാണ് കളിച്ചതെന്ന് പറഞ്ഞാൽ ഞാൻ യാതൊരു തരത്തിലും അത് അംഗീകരിക്കില്ല. ഫൈനലിൽ ആദ്യ 10 ഓവറുകളിൽ 80 റൺസ് സ്വന്തമാക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. എന്നാൽ ഞങ്ങൾക്ക് വിക്കറ്റ് നഷ്ടമായി. ഇത്തരത്തിൽ വിക്കറ്റുകൾ നഷ്ടമാകുമ്പോൾ നമ്മുടെ തന്ത്രങ്ങളിലും പ്ലാനുകളിലും മാറ്റം വരുത്തേണ്ടതുണ്ട്.”

”ഈ ടൂർണമെന്റിലുടനീളം നമ്മൾ അത് കണ്ടു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും ഇത്തരത്തിൽ ആദ്യം കുറച്ചു വിക്കറ്റുകൾ നഷ്ടമായിരുന്നു. ശേഷം മറ്റൊരു വഴിയിലാണ് ഞങ്ങൾ കളിച്ചത്. ഞങ്ങൾ ഫ്രണ്ട് ഫുട്ടിലാണ് തുടങ്ങിയത്. പക്ഷേ ചില സമയങ്ങളിൽ പിന്നിലേക്ക് പോകേണ്ടിവന്നു. ഫൈനൽ മത്സരത്തിലും ഞങ്ങൾ ഭയത്തോടെയല്ല കളിച്ചത്.”- രാഹുൽ ദ്രാവിഡ് പറഞ്ഞു.

Read Also -  "അന്ന് പാകിസ്ഥാൻ ഏറ്റവും ഭയന്നിരുന്നത് സച്ചിനെയാണ് " മുൻ പാക് താരം.

“മധ്യ ഓവറുകളിൽ ഓസ്ട്രേലിയ വളരെ നന്നായി തന്നെ പന്തറിഞ്ഞു. ഞങ്ങൾക്ക് മൂന്ന് വിക്കറ്റുകളോളം മധ്യ ഓവറുകളിൽ നഷ്ടമായി. അത് പരിഹരിക്കാനായി ഞങ്ങൾക്കല്പം സമയം ആവശ്യമായിരുന്നു. ശേഷം വീണ്ടും ഞങ്ങൾ ആക്രമണത്തിനും പോസിറ്റീവ് ക്രിക്കറ്റിനും ശ്രമിക്കുന്ന സമയത്ത് വീണ്ടും വിക്കറ്റുകൾ നഷ്ടമായി. ശേഷം വീണ്ടും ഒരു പുനർനിർമാണം ആവശ്യമായി വന്നു. എപ്പോഴൊക്കെ കൂട്ടുകെട്ടുകൾ നശിച്ചാലും നമുക്ക് കുറച്ചു കരുതലോടെ കളിക്കേണ്ടിവരും.”- രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.

“ഓസ്ട്രേലിയ ബാറ്റ് ചെയ്യുന്ന സമയത്തും നമ്മൾ ഇത് കണ്ടിരുന്നു. മാർനസ്സും ഹെഡും ഒരു മികച്ച കൂട്ടുകെട്ടാണ് അവർക്കായി കെട്ടിപ്പടുത്തത്. പക്ഷേ അതിനിടയ്ക്ക് അവർക്ക് വിക്കറ്റുകൾ നഷ്ടമായില്ല. അതുകൊണ്ട് ആ കൂട്ടുകെട്ട് തുടരാൻ അവർക്ക് സാധിച്ചു.”

”എന്നാൽ അങ്ങനെയുള്ള സമയത്ത് അവർക്ക് വിക്കറ്റുകൾ നഷ്ടമായിരുന്നുവെങ്കിൽ പുനർനിർമാണത്തിനായി അല്പസമയം ക്രീസിൽ ചിലവഴിക്കേണ്ടി വന്നേനെ. അതുകൊണ്ടുതന്നെ ഞങ്ങൾ പ്രതിരോധാത്മകമായാണ് കളിച്ചത് എന്ന് യാതൊരു തരത്തിലും പറയാൻ സാധിക്കില്ല.”- ദ്രാവിഡ് പറഞ്ഞുവെക്കുന്നു.

Scroll to Top