ക്ഷമയോടെ കളിച്ച് സഞ്ജു പൊരുതി നേടിയ സെഞ്ച്വറി. പിന്നിൽ ഒരുപാട് പ്രയത്നമുണ്ടന്ന് സഞ്ജുവിന്റെ കോച്ച്.

GB35G8tWwAA0Sjy 1

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ഏകദിന മത്സരത്തിൽ വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെ പുറത്തെടുക്കാൻ സഞ്ജു സാംസണ് സാധിച്ചിരുന്നു. തന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറി, മത്സരത്തിലൂടെ സഞ്ജു നേടുകയുണ്ടായി. മാത്രമല്ല പ്രതിസന്ധി ഘട്ടത്തിൽ നിന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റി മികച്ച ഒരു സ്കോറിലെത്തിക്കാനും സഞ്ജുവിന് സാധിച്ചു.

മത്സരത്തിൽ 114 പന്തുകളിൽ 108 റൺസായിരുന്നു സഞ്ജു നേടിയത്. ഇന്നിംഗ്സിലുടനീളം വളരെ പക്വതയാർന്ന ബാറ്റിംഗ് പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. പലപ്പോഴും ക്രീസിലെത്തിയ ഉടൻ വമ്പൻ ഷോട്ടുകൾ കളിക്കാൻ സഞ്ജു ശ്രമിക്കാറുണ്ട്. എന്നാൽ മൂന്നാം ഏകദിനത്തിൽ ഇതിന് വിപരീതമായി സഞ്ജു കളിക്കുന്നത് കാണാൻ സാധിച്ചു. സഞ്ജുവിന്റെ മത്സരത്തിലെ തന്ത്രങ്ങളെ പറ്റി പരിശീലകൻ ബിജുമോൻ വെളിപ്പെടുത്തുകയുണ്ടായി.

എങ്ങനെയാണ് ദക്ഷിണാഫ്രിക്കൻ പിച്ചിൽ സഞ്ജു ഇത്ര ക്ഷമയോടെ കളിച്ചത് എന്നാണ് ബിജുമോൻ പറയുന്നത്. “പ്രത്യേക തരത്തിൽ ചിന്താഗതിയുള്ള താരമാണ് സഞ്ജു സാംസൺ. തനിക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത കാര്യങ്ങളെപ്പറ്റി അവൻ ചിന്തിക്കാറു പോലുമില്ല. കൂടുതലായും തന്റെ പ്ലാനുകളിലും പ്രയത്നങ്ങളിലുമാണ് സഞ്ജു വിശ്വസിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയ്ക്ക് മുൻപായി ബാംഗ്ലൂരിൽ സഞ്ജു പ്രത്യേക പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഇതിനായി വ്യത്യസ്തമായ ഒരു പിച്ച് ഒരുക്കാനും സഞ്ജു തയ്യാറായി. ദക്ഷിണാഫ്രിക്കൻ സാഹചര്യത്തിന് ചേരുന്ന തരത്തിലുള്ള പിച്ചാണ് ബാംഗ്ലൂരിൽ സഞ്ജുവിനായി തയ്യാറാക്കിയത്. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങൾ അല്പം വെല്ലുവിളി നിറഞ്ഞതാണെന്ന് സഞ്ജുവിന് അറിയാമായിരുന്നു. അവിടെ പന്തിന് നല്ല രീതിയിൽ ബൗൺസ് ലഭിക്കുമെന്നും സഞ്ജു വിശ്വസിച്ചു.”- ബിജുമോൻ പറയുന്നു.

Read Also -  "ഉയർന്ന നിലവാരമുള്ള ബാറ്ററാണവൻ", രാജസ്ഥാൻ യുവതാരത്തെ പറ്റി സൂര്യകുമാർ യാദവ്.

“അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയിലെ പിച്ചുകൾ വളരെ വ്യത്യസ്ത സാഹചര്യത്തിലുള്ളതാണ്. ആ പിച്ചുകളോട് എത്രയും വേഗം പൊരുത്തപ്പെടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. വലിയ ഇന്നിങ്സുകൾ കളിക്കാൻ സഞ്ജു മാനസികമായി തയ്യാറെടുത്തിരുന്നു. മാത്രമല്ല മത്സരത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ബാറ്റ് ചെയ്യാൻ സഞ്ജു തയ്യാറെടുത്തിരുന്നു. ദക്ഷിണാഫ്രിക്കൻ സാഹചര്യത്തിൽ മൂന്നാം നമ്പറിൽ കളിക്കുക എന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. മാത്രമല്ല ടീമിനെ മികച്ച സ്കോറിലെത്തിക്കാനും ആങ്കറുടെ റോളിൽ കളിക്കാനുമുള്ള അവസരമാണ് സഞ്ജുവിന് വന്നുചേർന്നത്. അത് വളരെ ശാന്തതയോടെ തന്നെ മുതലെടുക്കാൻ സഞ്ജുവിന് സാധിച്ചു.”- ബിജുമോൻ കൂട്ടിച്ചേർക്കുന്നു.

“മധ്യ ഓവറുകളിൽ ചില ഡോട്ട് ബോളുകൾ കളിക്കാൻ സഞ്ജു സാംസൺ തയ്യാറായിരുന്നു. എന്നാൽ ഇന്നിങ്സിന്റെ അവസാന ഭാഗത്ത് വെടിക്കെട്ട് തീർത്ത് ഇന്ത്യയെ മികച്ച ഒരു സ്കോറിലേക്ക് എത്തിച്ച ശേഷമാണ് സഞ്ജു കൂടാരം വിട്ടത്. മത്സരത്തിൽ പൂർണ്ണമായും പിഴവുകൾ മാറ്റിനിർത്തിയാണ് സഞ്ജു കളിച്ചത്.”- ബിജുമോൻ പറഞ്ഞു വെക്കുന്നു. വളരെ നിർണായകമായ ഒരു സെഞ്ച്വറി തന്നെയായിരുന്നു സഞ്ജു സാംസൺ മത്സരത്തിൽ നേടിയത്. തന്റെ ഏകദിന കരിയർ തുലാസിൽ നിൽക്കുന്ന സമയത്താണ് ഈ തട്ടുപൊളിപ്പൻ ഇന്നിംഗ്സ് സഞ്ജു പുറത്തെടുത്തത്. സഞ്ജു ആരാധകരെ സംബന്ധിച്ച് വലിയ ആശ്വാസമാണ് ഈ സെഞ്ച്വറി നൽകിയിരിക്കുന്നത്.

Scroll to Top