കോൺവെ പോയെങ്കിലെന്താ, ചെന്നൈയ്ക്ക് ആ വമ്പൻ താരമുണ്ട്. ആകാശ് ചോപ്രയുടെ പ്രവചനം.

conway

2024ൽ ഏറ്റവും മികച്ച രീതിയിൽ ലേലം നടത്തിയ ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ്. തങ്ങൾക്ക് ആവശ്യമായ ഏറ്റവും മികച്ച താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കാൻ ചെന്നൈക്ക് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും കോൺവെയുടെ സേവനം ചെന്നൈക്ക് തുടക്കത്തിൽ തന്നെ നഷ്ടമായത് തിരിച്ചടി ഉണ്ടാക്കുന്നുണ്ട്.

ഇത്തവണ ലേലത്തിൽ ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്രയെ ബാക്കപ്പായി സ്വന്തമാക്കിയതാണ് ചെന്നൈയ്ക്ക് ആശ്വാസം നൽകുന്നത്. ഈ സാഹചര്യത്തിൽ ചെന്നൈ ടീമിലെ ഏറ്റവും പ്രധാന താരമായി രചിൻ മാറാൻ വലിയ സാധ്യതയുണ്ട് എന്നാണ് ഇന്ത്യൻ താരം ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. 1.8 കോടി രൂപയ്ക്കായിരുന്നു ഇത്തവണത്തെ മിനി ലേലത്തിൽ രചിൻ രവീന്ദ്രയെ ചെന്നൈ സ്വന്തമാക്കിയത്.

rachin raveendra

കോൺവെയെ നഷ്ടമായെങ്കിലും രചിൻ രവീന്ദ്രയുടെ സേവനം ചെന്നൈയ്ക്ക് വലിയ ഗുണം ചെയ്യും എന്നാണ് ആകാശ് ചോപ്ര പറയുന്നത്. “കോൺവെയെ നഷ്ടമായെങ്കിലും ഈ ടീം ഇപ്പോഴും മികച്ചത് തന്നെയാണ്. കാരണം അവർ മികച്ച ഒരു താരത്തെ കണ്ടെത്തിക്കഴിഞ്ഞു. രചിൻ രവീന്ദ്ര എന്ന അവിശ്വസനീയ ക്രിക്കറ്റർ ഇപ്പോഴും ചെന്നൈ സൂപ്പർ കിങ്സിനൊപ്പമുണ്ട്.”

”കോൺവെയ്ക്ക് ബാക്കപ്പായാണ് രചിനെ അവർ ടീമിൽ എത്തിച്ചത്. ലോകകപ്പിൽ വളരെ മികച്ച പ്രകടനമായിരുന്നു രചിൻ നടത്തിയത്. ടെസ്റ്റ് മത്സരങ്ങളിലും മികച്ച സെഞ്ച്വറികൾ രചിൻ സ്വന്തമാക്കിയിരുന്നു. തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് രചിൻ ഇപ്പോൾ.”- ചോപ്ര പറഞ്ഞു.

Read Also -  "ഈ സാഹചര്യമായിരുന്നു എനിക്കാവശ്യം, റിങ്കുവും നിതീഷും കസറി", പ്രശംസകളുമായി സൂര്യകുമാർ യാദവ്.

“എന്നിരുന്നാലും സത്യസന്ധമായി പറഞ്ഞാൽ രചിൻ രവീന്ദ്രയുടെ ട്വന്റി20 റെക്കോർഡുകൾ അത്ര മികച്ചതല്ല. ട്വന്റി20യിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ രചിന് സാധിച്ചിട്ടില്ല. അതിനാൽ തന്നെ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം കളിക്കുന്നത് രചിന് വലിയ ഗുണം ചെയ്യും.”

”രചിന്റെ ട്വന്റി20യിലെ മികച്ച പ്രകടനം ഇത്തവണ നമുക്ക് കാണാൻ സാധിക്കും. ഒരു ഇടംകയ്യൻ ഓപ്പണറായും ഒരു ഇടംകയ്യൻ സ്പിന്നറായും ചെന്നൈക്കായി രചിൻ കളിക്കും. ഇത്തവണത്തെ ഏറ്റവും മൂല്യമുള്ള താരമായി മാറാൻ സാധ്യതയുള്ള കളിക്കാരനാണ് രചിൻ.”- ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

ഇതുവരെ ന്യൂസിലാൻഡിനായി 20 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളാണ് രചിൻ രവീന്ദ്ര കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 214 റൺസ് മാത്രമാണ് രചിന് സ്വന്തമാക്കാൻ സാധിച്ചത്. 16.46 എന്ന ചെറിയ ശരാശരിയാണ് രചിനുള്ളത്. എന്നിരുന്നാലും നിലവിലെ ഫോമിൽ ഇന്ത്യൻ സാഹചര്യത്തിൽ രചിന് മികവ് പുലർത്താൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

എന്നിരുന്നാലും കഴിഞ്ഞ തവണ ചെന്നൈക്കായി വളരെ മികച്ച പ്രകടനം പുറത്തെടുത്ത കോൺവെയുടെ നഷ്ടം ചെന്നൈയെ ബാധിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 672 റൺസ് ആണ് കോൺവെ സ്വന്തമാക്കിയത്.

Scroll to Top