കോഹ്ലിയോട് എല്ലാവർക്കും അസൂയയാണ്. അതുകൊണ്ട് മാത്രം വിമർശിക്കുന്നു. പിന്തുണയുമായി ബ്രയാൻ ലാറ.

virat kohli 2023 scaled

വിരാട് കോഹ്ലിയെ വിമർശിച്ചവർക്ക് ചുട്ട മറുപടി നൽകി വിൻഡിസ് ഇതിഹാസം ബ്രയാൻ ലാറ. 2023 ഏകദിന ലോകകപ്പിൽ ഒരു തകർപ്പൻ പ്രകടനമായിരുന്നു വിരാട് കോഹ്ലി കാഴ്ചവെച്ചത്. 11 മത്സരങ്ങളിൽ നിന്ന് 765 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്. 3 സെഞ്ച്വറികളും 6 അർദ്ധ സെഞ്ച്വറികളും കോഹ്ലിയുടെ ഇത്തവണത്തെ ലോകകപ്പ് ക്യാമ്പയിനിൽ ഉൾപ്പെട്ടിരുന്നു.

എന്നാൽ പല മത്സരങ്ങളിലും കോഹ്ലി സെഞ്ച്വറിക്കായി കളിക്കുന്നു എന്ന് തരത്തിൽ വിമർശനങ്ങളും വരുകയുണ്ടായി. പലപ്പോഴും കോഹ്ലി സ്വാർത്ഥനാണ് എന്ന് പല ക്രിക്കറ്റ് എക്സ്പേർട്ടുകളും വിലയിരുത്തിയിരുന്നു. ഇതിനൊക്കെയുള്ള മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറ.

കോഹ്ലിയോടുള്ള അസൂയകൊണ്ട് മാത്രമാണ് മറ്റുള്ളവർ ഇത്തരത്തിൽ വിമർശനങ്ങൾ ഉന്നയിക്കുന്നത് എന്ന് ലാറ പറയുന്നു. തന്റെ കരിയറിലും ഇത്തരം അസൂയപരമായ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട് എന്ന് ലാറ പറയുകയുണ്ടായി. “കോഹ്ലിയെ ഇത്തരത്തിൽ വിമർശിക്കുന്നവരെല്ലാവരും അയാളോടുള്ള അസൂയകൊണ്ട് മാത്രം ഇങ്ങനെ ചെയ്യുന്നവരാണ്. കോഹ്ലി തന്റെ കരിയറിൽ അടിച്ചുകൂട്ടിയ റൺസൊക്കെയും അവരെ കൂടുതൽ അസൂയക്കാരാക്കുന്നു. എന്റെ കരിയറിലൂടനീളം ഞാൻ ഇത്തരം കാര്യങ്ങൾ നേരിട്ടിട്ടുണ്ട്.”- ലാറ പറഞ്ഞു.

എന്നിരുന്നാലും സച്ചിൻ ടെണ്ടുൽക്കരുടെ 100 സെഞ്ചുറികൾ എന്ന റെക്കോർഡുകൾ മറികടക്കാൻ സാധിക്കുമോ എന്ന് തനിക്ക് സംശയമുണ്ട് എന്ന് ലാറ കൂട്ടിച്ചേർത്തു. “ഇപ്പോൾ കോഹ്ലിക്ക് എത്ര വയസ്സായി? 35 അല്ലേ? ഇതുവരെ അയാൾ 80 സെഞ്ച്വറികൾ നേടി. ഇനി 20 സെഞ്ച്വറികൾ കൂടി ആവശ്യമാണ്. ഒരു വർഷം 5 സെഞ്ച്വറികൾ വീതം സ്വന്തമാക്കിയാലും കോഹ്ലിക്ക് 4 വർഷം വേണ്ടിവരും സച്ചിൻ ടെണ്ടുൽക്കരുടെ റെക്കോർഡിനോപ്പം എത്താൻ. ആ സമയത്ത് കോഹ്ലിയുടെ വയസ്സ് 39 ആവും. വളരെ പ്രയാസമുള്ള ഒരു കാര്യമാണ്. വളരെ പ്രയാസകരമാണ്. ഇത് സാധ്യമാണ് എന്ന് പറയാൻ സാധിക്കില്ല. സച്ചിൻ ടെണ്ടുൽക്കറുടെ 100 സെഞ്ചുറികൾ എന്ന റെക്കോർഡ് കോഹ്ലി മറികടക്കുമെന്ന് പറയുന്നവർ ക്രിക്കറ്റിന്റെ ലോജിക് തന്നെ കണക്കിലെടുക്കുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.”- ലാറ കൂട്ടിച്ചേർക്കുന്നു.

See also  "ഇന്ത്യയിൽ ജയസ്വാളിന് യാതൊരു വീക്നസുമില്ല. പക്ഷേ, ". വെല്ലുവിളികളെ പറ്റി കെവിൻ പീറ്റേഴ്സൺ

“20 സെഞ്ച്വറികൾ എന്നത് ഒരുപാട് ദൂരെയാണ് എന്ന് ഞാൻ കരുതുന്നു. പല കളിക്കാർക്കും തങ്ങളുടെ മുഴുവൻ ക്രിക്കറ്റ് കരിയറിലും 20 സെഞ്ചുറികൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. വിരാട് കോഹ്ലി 100 സെഞ്ച്വറികൾ നേടുമെന്ന് ഞാൻ പറയില്ല. പ്രായം ആർക്കുവേണ്ടിയും നിന്ന് തരില്ല. ഒരുപക്ഷേ കോഹ്ലി ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കുമായിരിക്കും. എന്നാൽ 100 സെഞ്ച്വറികൾ സ്വന്തമാക്കുക എന്നത് അല്പം പ്രയാസകരം തന്നെയാണ്.”- ലാറ പറഞ്ഞു വയ്ക്കുന്നു. ഇതുവരെ കോഹ്ലി 50 ഏകദിന സെഞ്ച്വറികളും 29 ടെസ്റ്റ് സെഞ്ച്വറികളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ഒരു ട്വന്റി20 സെഞ്ച്വറിയും ഇന്ത്യക്കായി കോഹ്ലി നേടി കഴിഞ്ഞു.

Scroll to Top