കോഹ്ലിയും രോഹിതും ലോകകപ്പിൽ കളിക്കണം. വജ്രായുധമായി അവനും ടീമിൽ വേണമെന്ന് അഞ്ചും ചോപ്ര.

virat kohli and rohit sharma

ഇന്ത്യൻ ടീം നിലവിൽ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ടൂർണ്ണമെന്റ് തന്നെയാണ് 2024 ട്വന്റി20 ലോകകപ്പ്. 2023 ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയമറിഞ്ഞ ഇന്ത്യ വളരെ നിരാശയിലായിരുന്നു. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് വളരെ വലിയൊരു അവസരം തന്നെയാണ് കൈവന്നിരിക്കുന്നത്.

എന്നാൽ 2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ടീമിൽ ആരെയൊക്കെ ഉൾപ്പെടുത്തണം എന്നത് സംബന്ധിച്ച് വലിയ ആശങ്കകൾ നിലനിൽക്കുകയാണ്. സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെ സാന്നിധ്യം ലോകകപ്പിനുള്ള ടീമിൽ ഉണ്ടാവുമോ എന്ന ചോദ്യം നിലനിൽക്കുന്നു.

ഇതിനുള്ള ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ വനിത നായിക അഞ്ചും ചോപ്ര. ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും സാന്നിധ്യം വളരെ നിർണായകമാണ് എന്ന് ചോപ്ര പറയുന്നു.

മുൻപ് രോഹിത് ശർമ തന്നെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഉറപ്പു നൽകിയിരുന്നു. ശേഷമാണ് അഞ്ചും ചോപ്ര രംഗത്തെത്തിയത്. രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും സാന്നിധ്യം ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്ക് ഗുണം ചെയ്യും എന്നാണ് ചോപ്ര കരുതുന്നത്.

“വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും പോലെ നിലവാരമുള്ള താരങ്ങൾ നമുക്കൊപ്പം ഉള്ളപ്പോൾ അവരുടെ കഴിവിനെയോ മറ്റു കാര്യങ്ങളെയോ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ അവരുടെ സാന്നിധ്യം മാത്രം മതിയാവും. അത്ര മികച്ച താരങ്ങളാണ് അവർ. ലോക ക്രിക്കറ്റിലെ വമ്പൻമാരാണ് ഇരു താരങ്ങളും. ഉറപ്പായും വിരാട് കോഹ്ലിയേയും രോഹിത് ശർമയേയും ഇന്ത്യയ്ക്ക് ലോകകപ്പിൽ ആവശ്യമാണ്.”- അഞ്ചും ചോപ്ര പറഞ്ഞു.

Read Also -  2025 ലേലത്തിൽ ബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന കീപ്പർമാർ. ജിതേഷ് ശർമ അടക്കം 3 പേർ.

ഇന്ത്യയുടെ മധ്യനിര ബാറ്റർ റിങ്കു സിംഗ് ലോകകപ്പിൽ പ്രധാന ഘടകമായി മാറുമെന്നും ചോപ്ര കൂട്ടിച്ചേർത്തു. “റിങ്കൂ സിംഗ് വളരെ മികച്ച രീതിയിൽ തന്നെ പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. എല്ലാ മത്സരങ്ങളിലും മികവ് പുലർത്താൻ അവന് സാധിക്കുന്നുണ്ട്. എല്ലാ രീതിയിലും സാഹചര്യങ്ങളെ കണക്കിലെടുത്ത് പ്രതികരിക്കാൻ അവന് സാധിക്കുന്നു.”

rinku singh finish

“ഒരു ദിവസം പരാജയപ്പെട്ടാലും അടുത്ത ദിവസം ശക്തമായി റിങ്കു തിരിച്ചുവരവ് നടത്തുന്നുണ്ട് അവൻ ടീമിനും ടീമിന്റെ സിസ്റ്റത്തിനുമൊപ്പം കുറച്ചധികം നാളുകൾ ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്തുള്ള മുഴുവൻ പേരും ഉറ്റുനോക്കുന്ന ഒരു താരമാണ് റിങ്കു.”- ചോപ്ര കൂട്ടിച്ചേർത്തു.

ജയസ്വാളും ഈ ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ഘടകമാവും എന്ന് ചോപ്ര കരുതുന്നു. കഴിഞ്ഞ ഐപിഎല്ലിലടക്കം വളരെ മികച്ച പ്രകടനങ്ങളായിരുന്നു ജയസ്വാൾ കാഴ്ചവെച്ചത്. ഇന്ത്യയുടെ സീനിയർ ടീമിൽ നിലവിൽ മികവ് പുലർത്തുന്ന താരമാണ് ജയസ്വാൾ. വരുന്ന ലോകകപ്പിലും ജയസ്വാൾ ഇത് ആവർത്തിക്കും എന്നാണ് അഞ്ചും ചോപ്ര പറയുന്നത്. എന്തായാലും ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വളരെ നിർണായകമാണ് വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പ്.

Scroll to Top