കൊടുങ്കാറ്റായി കേരളം. മഹാരാഷ്ട്രയെ തച്ചുതകർത്ത് ക്വാർട്ടറിലേക്ക്. 153 റൺസിന്റെ വിജയം.

image 1

വിജയ് ഹസാരെ ട്രോഫി പ്രീക്വാർട്ടർ മത്സരത്തിൽ മഹാരാഷ്ട്ര ടീമിനെതിരെ വമ്പൻ വിജയം സ്വന്തമാക്കി കേരളം. മത്സരത്തിൽ 153 റൺസിന്റെ കൂറ്റൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി ഓപ്പണർമാരായ കൃഷ്ണ പ്രസാദ്, രോഹൻ കുന്നുമ്മലുമാണ് ബാറ്റിംഗിൽ തിളങ്ങിയത്. ഇരുവരും മത്സരത്തിൽ സെഞ്ച്വറി പ്രകടനങ്ങൾ കാഴ്ചവയ്ക്കുകയുണ്ടായി. ബോളിങ്ങിൽ സ്പിന്നർമാരായ വൈശാഖ് ചന്ദ്രനും ശ്രേയസ് ഗോപാലും മികവ് പുലർത്തിയപ്പോൾ കേരളം അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്

മത്സരത്തിൽ ടോസ് നേടിയ മഹാരാഷ്ട്ര ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് കേരളത്തിന് തങ്ങളുടെ ഓപ്പണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ ഒരു പടുകൂറ്റൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ കേരളത്തിന്റെ ഓപ്പണർമാർക്ക് സാധിച്ചു. കൃഷ്ണ പ്രസാദു രോഹൻ കുന്നുമ്മലും മഹാരാഷ്ട്രയെ പൂർണമായും അടിച്ചൊതുക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 218 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. കൃഷ്ണ പ്രസാദ് മത്സരത്തിൽ 137 പന്തുകളിൽ 13 ബൗണ്ടറീകളും 4 സിക്സറുകളുമടക്കം 144 റൺസാണ് നേടിയത്. രോഹൻ കുന്നുമ്മൽ 95 പന്തുകളിൽ 18 ബൗണ്ടറീകളും ഒരു സിക്സറുടക്കം 120 റൺസ് നേടുകയുണ്ടായി.

ഒപ്പം ഇവർക്ക് ശേഷമെത്തിയ കേരള ബാറ്റർമാരും മികവ് പുലർത്തിയതോടെ കേരളം മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്നു. അവസാന ഓവറുകളിൽ കേരളത്തിനായി വിഷ്ണു വിനോദ് 23 പന്തുകളിൽ 43 റൺസും, അബ്ദുൽ ബാസിത് 18 പന്തുകളിൽ 35 റൺസും നേടി. ഇങ്ങനെ കേരളം 383 എന്ന ശക്തമായ സ്കോറിലെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് മികച്ച തുടക്കം തന്നെയായിരുന്നു ഓപ്പണർമാർ നൽകിയത്. ഓപ്പണർമാരായ ബോസ്ലെ(78) താംബെ(50) എന്നിവർ തുടക്കത്തിൽ കേരളത്തിന് ഭീഷണി സൃഷ്ടിച്ചു. എന്നാൽ കൃത്യമായ സമയത്ത് ഇരുവരെയും പുറത്താക്കി സ്പിന്നർമാർ കളം നിറയുകയായിരുന്നു.

Read Also -  രോഹിതിന് പരിശീലനത്തിനിടെ വീണ്ടും പരിക്ക്. പാകിസ്ഥാനെതിരെ കളിക്കുമോ എന്ന് ആശങ്ക.

ശ്രേയസ് ഗോപാലും വൈശാഖ് ചന്ദ്രനും കൃത്യമായി ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കിയത് മഹാരാഷ്ട്രയെ ബാധിച്ചു. മഹാരാഷ്ട്ര ബാറ്റിംഗ് നിരയിലെ മറ്റു ബാറ്റർമാർക്ക് ഒന്നും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല. ഇതോടെ മത്സരം കേരളത്തിന്റെ കൈ പിടിയിലേക്ക് എത്തുകയായിരുന്നു. കേരളത്തിനായി 39 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകളാണ് വൈശാഖ് ചന്ദ്രൻ സ്വന്തമാക്കിയത്. ശ്രേയസ് ഗോപാൽ 35 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 153 റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ഈ വിജയത്തോടെ, വലിയ ആത്മവിശ്വാസത്തോടെ ക്വാർട്ടർ ഫൈനലിലെത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.

Scroll to Top