കിഷനെയും ശ്രേയസിനെയും പുറത്താക്കിയത് നല്ല കാര്യം. ബിസിസിഐയെ പ്രശംസിച്ച് കപിൽ ദേവ്..

kapil dev mic getty 1660639987219 1660639994319 1660639994319

ഇന്ത്യയുടെ സൂപ്പർ താരങ്ങളായ ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും ബിസിസിഐ തങ്ങളുടെ കേന്ദ്ര കരാറിൽ നിന്ന് ഒഴിവാക്കിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ഇരു താരങ്ങൾക്കും ബിസിസിഐ നിർദ്ദേശം നൽകിയിരുന്നു. പക്ഷേ ഇരു താരങ്ങളും ഇത് അംഗീകരിക്കാതെ വരികയാണ് ഉണ്ടായത്.

ശേഷമാണ് ബിസിസിഐ ഇതുതാരങ്ങളുടെയും കരാറുകൾ റദ്ദ് ചെയ്തത്. ബിസിസിഐയുടെ ഈ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. ബിസിസിഐയുടെ ഇത്തരം തീരുമാനങ്ങൾ ആഭ്യന്തര ക്രിക്കറ്റിനെ ഉയർത്തിക്കൊണ്ടു വരാൻ വലിയ സഹായകരമായി മാറും എന്നാണ് കപിൽ ദേവ് പറയുന്നത്.

ബിസിസിഐ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ചില താരങ്ങളെ കൃത്യമായി ബാധിക്കും എന്ന് കപിൽ ദേവ് പറയുന്നു. എന്നിരുന്നാലും രാജ്യത്തെക്കാൾ വലുതല്ല ഒരു വ്യക്തി എന്ന് കപിൽദേവ് അംഗീകരിക്കുന്നു. 2023 നവംബറിലായിരുന്നു ഇഷാൻ കിഷൻ ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. ഇന്ത്യയുടെ വിശാഖപട്ടണത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ അയ്യർ ടീമിൽ കളിച്ചിരുന്നു. എന്നാൽ ഇതിന് ശേഷമാണ് ഇരുവരെയും ബിസിസിഐ മാറ്റിനിർത്തിയത്.

“ഇത്തരം തീരുമാനങ്ങൾ ചില താരങ്ങളെ ബാധിക്കും എന്നതിൽ സംശയമില്ല. ചില താരങ്ങൾക്ക് ഇത് വലിയ വേദന തന്നെ ഉണ്ടാക്കും. പക്ഷേ വ്യക്തിഗത താരങ്ങളാരും തന്നെ ഒരു രാജ്യത്തിനേക്കാൾ മുകളിലല്ല. അതിനാൽ ഞാൻ ഈ തീരുമാനം അംഗീകരിക്കുന്നു.”- കപിൽ ദേവ് പറയുന്നു.

Read Also -  ന്യൂസിലന്‍റ് ആക്രമണം. ആദ്യ ടെസ്റ്റിൽ ഇന്ത്യ ബഹുദൂരം പിന്നിൽ.

ഇത്തരത്തിൽ ആഭ്യന്തര ക്രിക്കറ്റിന്റെ മൂല്യം ഉയർത്തിക്കൊണ്ടു വരാൻ ബിസിസിഐ കാണിച്ച മികവിൽ പ്രശംസകളർപ്പിക്കാനും കപിൽ ദേവ് മറന്നില്ല. “ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം കാത്തുസൂക്ഷിക്കാൻ ബിസിസിഐ കൈക്കൊണ്ട ഈ തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുന്നത് എനിക്ക് സമീപകാലത്ത് വലിയ ദുഃഖം തന്നെ ഉണ്ടാക്കിയിരുന്നു. എന്നാൽ ബിസിസിഐയുടെ ഈ ശക്തമായ ചുവടു വെപ്പോടെ വലിയ മാറ്റങ്ങൾ തന്നെയാണ് ആഭ്യന്തര ക്രിക്കറ്റിൽ വരാനിരിക്കുന്നത്.”- കപിൽ ദേവ് കൂട്ടിച്ചേർത്തു.

“അന്താരാഷ്ട്ര കളിക്കാർ എല്ലായിപ്പോഴും തങ്ങളുടെ സംസ്ഥാനങ്ങൾക്കായി കളിക്കാൻ തയ്യാറാവണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത് അവരുടെ ആഭ്യന്തര കളിക്കാർക്ക് കൂടുതൽ പിന്തുണ നൽകുന്നതിനും കാരണമാകും. മാത്രമല്ല ഒരു താരത്തെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് സംസ്ഥാന അസോസിയേഷനുകളാണ്. അതിനുള്ള പ്രതിഫലമായി താരങ്ങൾ അവർക്കുവേണ്ടി വീണ്ടും കളിക്കാൻ തയ്യാറാവണം.”- കപിൽ ദേവ് പറഞ്ഞു വെക്കുന്നു. എന്തായാലും ഇതേ സംബന്ധിച്ച് വലിയ ചർച്ചകൾ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഉണ്ടായിരിക്കുന്നത്.

Scroll to Top