കിവി ഓൾറൗണ്ടർമാരെ നോട്ടമിട്ട് സഞ്ജുവിന്റെ ടീം. ലേലത്തിന് മുമ്പ് നിർണായക നീക്കങ്ങൾ.

Rajasthan royals ipl final

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസൺ മുന്നോടിയായുള്ള താരലേലം നാളെയാണ് നടക്കുന്നത്. എല്ലാ ടീമുകളും തങ്ങൾക്ക് ആവശ്യമായ താരങ്ങൾക്കായി ഏറ്റുമുട്ടുമ്പോൾ ലേലം കൊഴുക്കും എന്ന കാര്യം ഉറപ്പാണ്. നിലവിൽ താര ലേലത്തിൽ കുറച്ചധികം നല്ല കളിക്കാരെ ആവശ്യമുള്ള ഒരു ടീമാണ്, മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്.

തങ്ങളുടെ ടീമിൽ ശക്തരായ കുറച്ച് ഓൾ റൗണ്ടർമാരെ എത്തിക്കുക എന്നതാണ് സഞ്ജുവിന്റെ ടീം ലക്ഷ്യം വെക്കുന്നത്. അതിനാൽ തന്നെ 2023 ഏകദിന ലോകകപ്പിലടക്കം വലിയ പ്രകടനങ്ങൾ കാഴ്ചവെച്ച താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നോട്ടമിട്ടിരിക്കുന്നത്. ഇതിൽ പ്രധാനിയായി പലരും കണക്കാക്കുന്നത് ന്യൂസിലാൻഡിന്റെ താരം രചിൻ രവീന്ദ്രയാണ്.

രാജസ്ഥാൻ ഇത്തവണത്തെ താര ലേലത്തിന് മുന്നോടിയായി 17 താരങ്ങളെയാണ് ടീമിൽ നിലനിർത്തിയിട്ടുള്ളത്. തങ്ങളുടെ പ്രധാന താരങ്ങളായ ജയിസ്വാൾ, ജോസ് ബട്ലർ, ഹെറ്റ്മയർ, റിയൻ പരഗ്, ട്രെൻഡ് ബോൾട്ട്, അശ്വിൻ, ചാഹൽ, സാമ്പ, പ്രസീദ് കൃഷ്ണ എന്നീ താരങ്ങളെയൊക്കെയും രാജസ്ഥാൻ നിലനിർത്തിയിട്ടുണ്ട്. ഇവർക്കൊപ്പം നായകൻ സഞ്ജു സാംസൺ കൂടി ചേരുമ്പോൾ രാജസ്ഥാൻ ഒരു മികച്ച ടീമായി മാറുന്നു.

എന്നാൽ തങ്ങളുടെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായ ദേവദത്ത് പടിക്കലിനെ ട്രേഡിലൂടെ രാജസ്ഥാൻ വിട്ടു നൽകുകയുണ്ടായി. പകരം ആവേഷ് ഖാനെയാണ് ലക്നൗ ടീമിന്റെ കയ്യിൽ നിന്നും വാങ്ങിയത്. അതുകൊണ്ടു തന്നെ ഒരു ഇടംകയ്യൻ വെടിക്കെട്ട് ബാറ്ററുടെ വിടവ് ടീമിൽ നിലനിൽക്കുന്നുണ്ട്.

Read Also -  "അവർ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ചവർ, അവരുടെ നഷ്ടം ഇന്ത്യയെ ബാധിക്കും"- സനത് ജയസൂര്യ.

ഈ ലേലത്തിൽ മികച്ച ഒരു ഇടംകയ്യൻ ഓൾറൗണ്ടർ ബാറ്ററെ കണ്ടെത്താനാണ് രാജസ്ഥാന്റെ ആദ്യത്തെ ശ്രമം. ഇതിനായി പ്രധാനമായും രണ്ട് ഓപ്ഷനുകളാണ് രാജസ്ഥാന് മുൻപിലുള്ളത്. ഒന്ന് ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കിവി താരം രചിൻ രവീന്ദ്രയാണ്. മറ്റൊരു താരം കിവികളുടെ തന്നെ ജിമ്മി നീഷം.

എന്നിരുന്നാലും ഇതിൽ രചിൻ രവീന്ദ്രയെ സ്വന്തമാക്കണമെങ്കിൽ രാജസ്ഥാൻ വലിയൊരു തുക തന്നെ മുടക്കേണ്ടി വന്നേക്കും. 14.5 കോടി രൂപ മാത്രമാണ് രാജസ്ഥാന്റെ പേഴ്സിൽ ലേലത്തിനായി അവശേഷിക്കുന്നത്. ഈ തുക മുഴുവൻ നൽകിയാലും രചിൻ രവീന്ദ്രയെ ടീമിലെത്തിക്കാൻ രാജസ്ഥാന് സാധിക്കുമോ എന്ന കാര്യം സംശയമാണ്.

രാജസ്ഥാൻ തങ്ങളുടെ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയുള്ള മറ്റൊരു താരം ഷർദുൽ താക്കൂറാണ്. നിലവിൽ ഇന്ത്യൻ ഓൾറൗണ്ടർമാരുടെ ലിസ്റ്റിൽ പ്രധാനി താക്കൂർ തന്നെയാണ്. അതിനാൽ രാജസ്ഥാൻ താക്കൂറിനെ ലക്ഷ്യമിടാനും സാധ്യതയുണ്ട്. ഒപ്പം കിവി ബാറ്റർ ഡാരിൽ മിച്ചൽ, ഇന്ത്യൻ പേസർ ഹർഷൽ പട്ടേൽ എന്നിവരും രാജസ്ഥാൻ ടീമിലെത്തിയാൽ വലിയ അത്ഭുതമില്ല.

പ്രധാനമായും തങ്ങളുടെ വിടവുകളുള്ള എല്ലാ സ്ലോട്ടുകളും മികച്ച താരങ്ങളെ വെച്ച് നിറയ്ക്കാനാണ് രാജസ്ഥാന്റെ ശ്രമം. ഐപിഎല്ലിന്റെ ആദ്യ സീസണിന് ശേഷം രാജസ്ഥാന് കിരീടം ഉയർത്താൻ സാധിച്ചിട്ടില്ല. ഇത്തവണ ആ ചരിത്രം മാറ്റിക്കുറിക്കാനാണ് രാജസ്ഥാൻ തയ്യാറെടുക്കുന്നത്.

Scroll to Top