കമ്മിൻസ് ട്വന്റി20യിൽ പരാജയം. എന്തിന് ഹൈദരാബാദ് നായകനാക്കി? ചോദ്യം ചെയ്ത് പത്താൻ.

pat cummins

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും ഉറ്റുനോക്കുന്ന ഒരു ഫ്രാഞ്ചൈസിയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. 2024 മിനി ലേലത്തിലൂടെ വമ്പൻ താരങ്ങളെ തങ്ങളുടെ ടീമിൽ ചേർക്കാൻ ഹൈദരാബാദിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഇതിനോടകം തന്നെ തങ്ങൾക്കായി ഒരു പുതിയ ക്യാപ്റ്റനെ നിശ്ചയിക്കാനും ഹൈദരാബാദിന് സാധിച്ചു.

ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനെയാണ് സൺറൈസേഴ്സ് തങ്ങളുടെ പുതിയ നായകനായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ദക്ഷിണാഫ്രിക്കൻ താരം മാക്രമായിരുന്നു സൺറൈസേഴ്സിന്റെ ക്യാപ്റ്റൻ. എന്നാൽ മികച്ച രീതിയിൽ ടീമിനെ നയിക്കുന്നതിൽ കഴിഞ്ഞ വർഷം മാക്രം പരാജയപ്പെടുകയുണ്ടായി.

ശേഷമാണ് കമ്മിൻസിനെ ഇത്തവണ ഹൈദരാബാദ് നായകനായി അവതരിപ്പിക്കുന്നത്. എന്നാൽ ഹൈദരാബാദിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ തരം ഇർഫാൻ പത്താൻ.

ട്വന്റി 20 ക്രിക്കറ്റിലെ പാറ്റ് കമ്മിൻസിന്റെ മോശം റെക്കോർഡുകൾ എടുത്തു കാട്ടിയാണ് ഇർഫാൻ പത്താൻ സംസാരിച്ചത്. കമ്മിൻസിനെ നായകനാക്കാനുള്ള ഹൈദരാബാദിന്റെ തീരുമാനം ഉചിതമായിരുന്നില്ല എന്ന് ഇർഫാൻ കരുതുന്നു. “നായകത്വത്തിലേക്ക് വരുമ്പോൾ ഒരിക്കലും നമ്മൾ കമ്മിൻസിന് മുകളിൽ മറ്റൊരു താരത്തെ പ്രതിഷ്ഠിക്കേണ്ടതില്ല. ഓസ്ട്രേലിയ കഴിഞ്ഞ ലോകകപ്പ് സ്വന്തമാക്കിയത് കമ്മിൻസിന്റെ നേതൃത്വത്തിലായിരുന്നു.”

“കഴിഞ്ഞ ഒന്നര വർഷമായി വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനും അവന് സാധിക്കുന്നുണ്ട്. പക്ഷേ പ്രധാന പ്രശ്നം ഇതല്ല. ട്വന്റി 20 നായകത്വത്തിലേക്ക് വരുമ്പോൾ കമ്മിൻസ് മികവ് പുലർത്തിയിട്ടില്ല. ട്വന്റി20 ക്രിക്കറ്റിലെ കമ്മിൻസിന്റെ പ്രകടനങ്ങളും അത്ര മികച്ചതല്ല. ഐപിഎല്ലിലെ കമ്മിൻസിന്റെ പ്രകടനങ്ങളും വളരെ മോശമാണ്.”- പത്താൻ പറയുന്നു.

Read Also -  റിസ്‌വാനെ ധോണിയുമായി താരതമ്യം ചെയ്ത് പാക് ജേർണലിസ്റ്റ്. ഹർഭജന്റെ ചുട്ട മറുപടി.

“അതിനാൽ തന്നെ വരും സീസണിൽ കമ്മിൻസിന് വലിയ വെല്ലുവിളികൾ ഉണ്ടാവും. എന്താണ് ഹൈദരാബാദ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. അവർ വലിയൊരു നീക്കം തന്നെയാണ് നടത്തിയിരിക്കുന്നത്. കമ്മിൻസിനെ നായകനാക്കി നിശ്ചയിച്ചാൽ മാക്രത്തിന്റെ കാര്യം എങ്ങനെയാണ്? കേവലം ഒരു വർഷത്തെ നായകനാവാൻ മാത്രമാണോ നിങ്ങൾ മാക്രത്തെ ക്ഷണിച്ചത്. ശേഷം അവന് ഹൈദരാബാദ് പിന്തുണ നൽകുന്നില്ലേ? ഇതൊരു വലിയ ചോദ്യം തന്നെയാണ്.”- ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.

2024ലെ മിനി ലേലത്തിൽ 6 കളിക്കാരെയാണ് സൺറൈസേഴ്സ് തങ്ങളുടെ ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. നിലവിൽ ടീമിലെ പ്രധാന വിദേശ താരങ്ങൾ ട്രാവിസ് ഹെഡ്, വനിന്തു ഹസരംഗ, മാർക്കോ യാൻസൺ, ഹെൻറിച്ച് ക്ലാസ്സൻ എന്നിവരാണ്. എന്നാൽ ഇവർക്കൊപ്പം കമ്മിൻസ്, മാക്രം എന്നിവർ എത്തുന്നതോടെ ഹൈദരാബാദിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടും എന്നാണ് പത്താൻ കരുതുന്നത്.

കമ്മിൻസിനെയും മാക്രത്തെയും ഒരേസമയം കളിപ്പിക്കേണ്ടി വന്നാൽ ഹൈദരാബാദിന് ഹസരംഗയെയും മാർക്കോ യാൻസനെയും ടീമിൽ നിന്നും മാറ്റി നിർത്തേണ്ടി വരും എന്ന് പത്താൻ വിലയിരുത്തുന്നു. എന്തായാലും വലിയ ആശയക്കുഴപ്പങ്ങളാണ് ഹൈദരാബാദ് ടീമിൽ നിലനിർത്തുന്നത്.

Scroll to Top