ഓസീസ് വനിതകളെ തുരത്തിയടിച്ച് ഇന്ത്യ. 8 വിക്കറ്റുകളുടെ ആധികാരിക വിജയം.

20231224 125403 scaled

ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ടെസ്റ്റ് മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യ. ഏക ടെസ്റ്റ് മത്സരത്തിൽ 8 വിക്കറ്റിന്റെ ആധികാരികമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ നാലാം ദിവസം ശക്തമായ പ്രകടനം പുറത്തെടുത്തായിരുന്നു ഇന്ത്യ വിജയം നുണഞ്ഞത്. മുൻപ് ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരത്തിലും റെക്കോർഡ് വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ വനിതകൾ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തങ്ങളുടെ ആദ്യ ഇന്നിങ്സിൽ ശക്തമായ തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ നിരയിൽ അർത്ഥ സെഞ്ച്വറി നേടിയ മഗ്രാത്താണ് ബാറ്റിംഗിൽ തിളങ്ങിയത്.

മഗ്രാത്തിന്റെ മികവിൽ 219 റൺസാണ് ഓസ്ട്രേലിയക്ക് ആദ്യ ഇന്നിങ്സിൽ നേടാൻ സാധിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി തട്ടുപൊളിപ്പൻ പ്രകടനമായിരുന്നു ബാറ്റർമാർ കാഴ്ചവച്ചത്. സ്മൃതി മന്ദന(74) ദീപ്തി ശർമ(78) റോഡ്രിഗസ്(73) എന്നിവർ കളം നിറഞ്ഞപ്പോൾ ഇന്ത്യ ആദ്യ ഇന്നിങ്സിൽ ശക്തമായ ഒരു ലീഡ് കണ്ടെത്തി. ആദ്യ ഇന്നിങ്സിൽ 406 റൺസാണ് ഇന്ത്യൻ നിര നേടിയത്. ഇതോടെ മത്സരത്തിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. പിന്നാലെ മഗ്രാത്ത്(73) ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ നെടുംതൂണായി. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 73 റൺസാണ് മഗ്രാത്ത് നേടിയത്. ഇതോടെ ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു.

See also  ഇനി അവന്റെ കാലമാണ്. ജയ്‌സ്വാൾ യുഗം. അതുല്യ പ്രതിഭയെന്ന് മുൻ ഇന്ത്യൻ താരം.

പക്ഷേ നാലാം ദിവസം കൃത്യമായ രീതിയിൽ വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യ ഓസ്ട്രേലിയയെ ഒതുക്കുന്നതാണ് കാണാൻ സാധിച്ചത്. നാല് വിക്കറ്റുകളുമായി സ്നേഹ് റാണ ഇന്ത്യയുടെ പടക്കോപ്പായി മാറി. ഇങ്ങനെ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ കേവലം 261 റൺസിന് പുറത്താവുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം കേവലം 75 റൺസ് മാത്രമായി മാറി. എന്നിരുന്നാലും ദുഷ്കരമായ പിച്ചിൽ റൺസ് കണ്ടെത്തുക എന്നതും ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു. എന്നാൽ പക്വതയാർന്ന ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ വനിതകൾ പുറത്തെടുത്തത്. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഷഫാലി വർമയുടെ(4) വിക്കറ്റ് നഷ്ടമായി. പക്ഷേ ഒരു വശത്ത് സ്മൃതി മന്ദന ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് വലിയ ആശ്വാസം നൽകി.

ഓസ്ട്രേലിയൻ ബോളർമാർക്കെതിരെ ചെറുത്തുനിൽക്കാൻ മന്ദനയ്ക്ക് സാധിച്ചു. രണ്ടാം ഇന്നിങ്സിൽ 61 പന്തുകളിൽ നിന്ന് 38 റൺസാണ് ഈ സൂപ്പർ താരം നേടിയത്. ഇതോടെ മത്സരത്തിൽ ഇന്ത്യ എട്ടു വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഇരട്ടിമധുരമാണ് ഈ വിജയം നൽകുന്നത്. മുൻപ് ശക്തരായ ഇംഗ്ലണ്ടിനെതിരെ റെക്കോർഡ് വിജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ള വക ഈ വിജയത്തിലുമുണ്ട്.

Scroll to Top