ഓരോ മത്സരം കഴിയുമ്പോളും റിങ്കു ആളിക്കത്തുന്നു. എന്തും സാധിക്കുന്ന ബാറ്റർ എന്ന് സുനിൽ ഗവാസ്കർ.

rinku singh finish

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഒരു ശക്തമായ അർധ സെഞ്ച്വറി തന്നെയാണ് റിങ്കു സിംഗ് സ്വന്തമാക്കിയത്. കഴിഞ്ഞ പരമ്പരകളിലെല്ലാം മികച്ച പ്രകടനം ഇന്ത്യക്കായി പുറത്തെടുത്ത് റിങ്കുവിന്റെ മറ്റൊരു അവിശ്വസനീയ ഇന്നിംഗ്സാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. മത്സരത്തിൽ 39 പന്തുകൾ നേരിട്ട റിങ്കു 68 റൺസാണ് നേടിയത്.

ഇന്നിംഗ്സിൽ 9 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു. മാത്രമല്ല ഇന്നിംഗ്സിൽ കൃത്യമായ രീതിയിൽ സമ്മർദ്ദം കൈകാര്യം ചെയ്യാനും സ്കോറിങ് റേറ്റ് ഉയർത്താനും റിങ്കുവിന് സാധിച്ചിരുന്നു. മത്സരത്തിലെ റിങ്കു സിംഗിന്റെ ഈ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാമത്തെ മത്സരത്തിൽ അർധ സെഞ്ച്വറി സ്വന്തമാക്കാൻ സാധിച്ചത് റിങ്കുവിനെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നൽകും എന്നാണ് ഗവാസ്കർ പറഞ്ഞിരിക്കുന്നത്. മത്സരത്തിലെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പോസിറ്റീവ് റിങ്കുവായിരുന്നു എന്നും ഗവാസ്കർ പറയുകയുണ്ടായി. “അവൻ തന്നെയാണ് മത്സരത്തിൽ ഇന്ത്യക്കായി മികവ് പുലർത്തിയത്. ഓരോ തവണ മൈതാനത്ത് എത്തുമ്പോഴും റിങ്കു മെച്ചപ്പെട്ട താരമായി മാറുന്നത് നമുക്ക് കാണാൻ സാധിക്കും. പല സമയത്തും അവന് ക്രീസിൽ ഒരുപാട് സമയം ചിലവഴിക്കാൻ അവസരങ്ങൾ ലഭിക്കാറില്ല. പലപ്പോഴും കുറച്ച് ഓവറുകൾ മാത്രമാണ് റിങ്കുവിന് ലഭിക്കുന്നത്. അതുപോലും വളരെ നന്നായി ഉപയോഗിക്കാൻ റിങ്കുവിന് സാധിക്കുന്നുണ്ട്.”- ഗവാസ്കർ പറഞ്ഞു.

See also  രാജ്കോട്ടില്‍ കത്തികയറി ജയ്സ്വാള്‍. ഡബിള്‍ സെഞ്ചുറി. ലീഡ് 500 കടന്നു

“ബുക്കിലുള്ള എല്ലാ ഷോട്ടുകളും കളിക്കാൻ റിങ്കുവിന് സാധിക്കുന്നു. ഫ്രണ്ട് ഫുട്ടിൽ ബോളർമാരെ അടിച്ചകറ്റാൻ അവന് സാധിക്കും. ബാക്ക് ഫുട്ടിലും ഇത്തരം ഷോട്ടുകൾ റിങ്കു കളിക്കും. ലോഫ്റ്റഡ് ഷോട്ടുകളും റിങ്കുവിന്റെ ബുക്കിലുണ്ട്. അങ്ങനെ ലെഗ് സൈഡിലും ഓഫ് സൈഡിലും കളിക്കാനാവുന്ന ഷോട്ടുകളൊക്കെയും റിങ്കു കളിക്കാറുണ്ട്. അവൻ ക്രീസിലുറച്ച് ബോളർമാരെ നേരിടാൻ തുടങ്ങിയാൽ, പിന്നീട് പിടിച്ചു കെട്ടുക എന്നത് അല്പം പ്രയാസകരമാണ്. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ തന്റെ ആദ്യ അർത്ഥസെഞ്ച്വറി റിങ്കു സിംഗിന് കൂടുതൽ ആത്മവിശ്വാസം നൽകും എന്നാണ് ഞാൻ കരുതുന്നത്.”- സുനിൽ ഗവാസ്കർ പറഞ്ഞു.

മത്സരത്തിൽ ഇന്ത്യ അതിയായ സമ്മർദത്തിൽ നിൽക്കുന്ന സമയത്തായിരുന്നു റിങ്കു സിംഗ് ക്രീസിൽ എത്തിയത്. ശേഷം സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് ഇന്ത്യക്കായി ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ റിങ്കുവിന് സാധിച്ചു.

എന്നിരുന്നാലും മത്സരത്തിൽ ദക്ഷിണാഫ്രിക്ക 5 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയിരുന്നു. മഴമൂലം മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി മാറുകയായിരുന്നു. ഈ വിജയത്തോടെ പരമ്പരയിൽ 1-0ന് മുൻപിലെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ അടുത്ത മത്സരത്തിൽ വിജയം നേടി പരമ്പര സമനിലയിലാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

Scroll to Top