ഒരുപാട് സമ്മർദ്ദമുണ്ടായി. പക്ഷേ ഞങ്ങളുടെ യുവതാരങ്ങൾ കസറി. രോഹിത് ശർമയുടെ വാക്കുകൾ.

jurel and kuldeep e1708773435104

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ 5 വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന ഇന്നിങ്സിൽ 192 റൺസായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. മികച്ച തുടക്കം രോഹിത് ശർമയും ജയിസ്വാളും ഇന്ത്യയ്ക്ക് നൽകി. എന്നാൽ പിന്നീട് ഇന്ത്യയുടെ ബാറ്റർമാർ ഇംഗ്ലണ്ട് സ്പിന്നർമാർക്ക് മുൻപിൽ പരാജയപ്പെട്ടു.

തുടരെ 5 വിക്കറ്റുകൾ നഷ്ടപ്പെട്ടത് ഇന്ത്യയെ സന്ദർഭത്തിൽ ആക്കിയിരുന്നു. ഈ സമയത്ത് ജൂറലും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യക്കായി ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയും, ഇന്ത്യ മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയുമാണ് ചെയ്തത്. മത്സരത്തിലെ ഇന്ത്യയുടെ വിജയത്തെ പറ്റി നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

“ഞങ്ങളെ സംബന്ധിച്ച് ഒരുപാട് പോരാട്ടങ്ങൾ ആവശ്യമായിരുന്ന ഒരു പരമ്പര തന്നെയായിരുന്നു ഇത് എന്ന് നിസംശയം പറയാനാവും. മാത്രമല്ല നാലാം ടെസ്റ്റ് മത്സരത്തിന് ശേഷം ഒരുപാട് സന്തോഷവും ഞങ്ങൾക്കുണ്ട്. ഡ്രസിങ് റൂമിലുള്ള ഓരോ താരങ്ങൾക്കും വലിയ അഭിമാനം തന്നെയാണ് ഇപ്പോഴുള്ളത്. പരമ്പരയ്ക്കിടെ ഒരുപാട് വെല്ലുവിളികൾ ഞങ്ങൾക്ക് നേരിടേണ്ടി വന്നു. ഞങ്ങൾ നന്നായി തന്നെ പ്രതികരിച്ചു എന്നാണ് ഞാൻ കരുതുന്നത്

വ്യത്യസ്ത ടെസ്റ്റ് മത്സരങ്ങളിൽ വ്യത്യസ്തമായ വെല്ലുവിളികളാണ് ഞങ്ങൾക്ക് മുൻപിലേക്ക് വന്നത്. എന്നാൽ മൈതാനത്ത് ഇതിനൊക്കെയും എതിരെ ഞങ്ങൾക്കാവശ്യമായ രീതിയിൽ പ്രകടനം പുലർത്തി വിജയം സ്വന്തമാക്കാൻ സാധിച്ചു.”- രോഹിത് പറയുന്നു.

“യുവതാരങ്ങളൊക്കെയും മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവർ കഴിഞ്ഞ സമയത്ത് നൽകിയ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ എല്ലാവരും കാഴ്ച വയ്ക്കുകയുണ്ടായി. ഇവിടെ വരെ എത്തുക എന്നത് തന്നെ വലിയൊരു വെല്ലുവിളിയാണ്. അവരോട് കാര്യങ്ങൾ സംസാരിക്കുമ്പോൾ അവരിൽ നിന്ന് കിട്ടുന്ന പ്രതികരണങ്ങൾ ഒരുപാട് സന്തോഷം നൽകുന്നതാണ്.

അവർക്ക് ആവശ്യമായ ചുറ്റുപാടുകൾ ഉണ്ടാക്കുക എന്നതാണ് എന്റെയും രാഹുൽ ഭായുടെയും പ്രധാന ജോലി. മൈതാനത്ത് എത്തുമ്പോൾ ഈ യുവ താരങ്ങൾക്ക് വലിയ സമ്മർദ്ദമില്ലാതെ കളിക്കാൻ പറ്റുക എന്നതാണ് ഞങ്ങളുടെ ആദ്യ ചിന്ത. ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കാതെ തന്നെ അവർക്ക് വ്യക്തത വരുത്തുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്.”- രോഹിത് കൂട്ടിച്ചേർത്തു.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

“തന്റെ രണ്ടാം ടെസ്റ്റ് മത്സരം കളിക്കുന്ന ജൂറൽ ശാന്തതയോടെ മത്സരത്തിൽ മികവ് പുലർത്തി. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും എല്ലാത്തരം ഷോട്ടുകളും കളിക്കാൻ സാധിക്കുന്ന ഒരു താരമാണ് ജൂറൽ. ആദ്യ ഇന്നിങ്സിൽ അവൻ നേടിയ 90 റൺസ് ഞങ്ങൾക്ക് വളരെ നിർണായകമായിരുന്നു. അത് ഇംഗ്ലണ്ടിന്റെ സ്കോറിന് അടുത്തെത്താൻ ഞങ്ങളെ സഹായിച്ചു. രണ്ടാം ഇന്നിങ്സിലും അവൻ ഗില്ലിനൊപ്പം പക്വതയോടെ ബാറ്റ് വീശി.

പ്രധാനപ്പെട്ട താരങ്ങളെ നഷ്ടപ്പെടുക എന്നത് അത്ര സന്തോഷകരമായ കാര്യമല്ല. പക്ഷേ യുവതാരങ്ങൾ ഇത്തരത്തിൽ മികവു പുലർത്തുന്നത് ഒരുപാട് സന്തോഷം നൽകുന്നു. ഞങ്ങൾക്ക് പുറത്തു നിന്ന് ഒരുപാട് സമ്മർദ്ദം ഉണ്ടായിരുന്നു. അതിനൊക്കെയുമെതിരെ നന്നായി പ്രതികരിക്കാൻ സാധിച്ചു എന്നാണ് ഞാൻ കരുതുന്നത്.”- രോഹിത് പറയുന്നു.

“യുവതാരങ്ങളൊക്കെയും മികവ് പുലർത്തുന്നുണ്ട്. അവരുടെ കരിയറിന് വലിയൊരു ബിൽഡ് അപ്പാണ് ലഭിച്ചിരിക്കുന്നത്. ഇത്തരം പ്രകടനങ്ങൾ അവർക്ക് ഒരുപാട് ഊർജ്ജം പകരും. എല്ലായിപ്പോഴും അവസരങ്ങൾ ലഭിക്കുമ്പോൾ അവർ തയ്യാറായിരിക്കും. മുൻപ് എന്ത് സംഭവിച്ചു എന്ന് കരുതാതെ ഓരോ ടെസ്റ്റ് മത്സരവും വിജയിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് ഇത് വളരെ വലിയൊരു പരമ്പര തന്നെയായിരുന്നു.

എന്നിരുന്നാലും പരമ്പരയിലെ അഞ്ചാം മത്സരത്തിലും ഞങ്ങൾക്ക് വിജയം കണ്ടെത്തേണ്ടതുണ്ട്. അതിനായി എന്തൊക്കെ വേണമോ അതൊക്കെയും ഞങ്ങൾ ചെയ്യും. ടീമിനുള്ള പല താരങ്ങളും ഇത്തരത്തിൽ അഞ്ചു ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര കളിച്ചിട്ടില്ല. പക്ഷേ അവർക്ക് ശാന്തത പുലർത്താൻ സാധിക്കുന്നുണ്ട്. അവസാന ടെസ്റ്റ്‌ മത്സരത്തിലും ഞങ്ങൾ മികവ് പുലർത്തുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.”- രോഹിത് പറഞ്ഞു വെക്കുന്നു.

Scroll to Top