“ഐപിഎൽ കളിക്കാനല്ല, ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കാനാണ് എന്നോട് പിതാവ് പറഞ്ഞത്”.. മുഷീർ ഖാന്റെ വാക്കുകൾ..

ezgif 1 d205bb92d7

ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചർച്ചാ വിഷയം ആയിരിക്കുകയാണ് ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാൻ. ഇന്ത്യക്കായി അണ്ടർ 19 ലോകകപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു മുഷീർ കാഴ്ചവച്ചത്. ശേഷം ഇപ്പോൾ രഞ്ജി ട്രോഫിയുടെ ഫൈനലിൽ മുംബൈ ടീമിനായി മിന്നും പ്രകടനം കാഴ്ചവെക്കാൻ ഈ യുവതാരത്തിന് സാധിച്ചു.

രഞ്ജി ട്രോഫിയുടെ ഫൈനലിലെ താരമായി മുഷീറിനെ തിരഞ്ഞെടുത്തിരുന്നു. എന്നിരുന്നാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ മുഷീറിന് അവസരം ലഭിച്ചിട്ടില്ല. പക്ഷേ തനിക്ക് ഇക്കാര്യത്തിൽ നിരാശയില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുഷീർ ഇപ്പോൾ. തന്റെ സഹോദരനെ പോലെ തന്നെ ഇന്ത്യയെ ടെസ്റ്റ് ലെവലിൽ പ്രതിനിധീകരിക്കണം എന്നതാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യം എന്ന് മുഷീർ പറയുന്നു.

നാളെ ഒരിക്കൽ തന്റെ പേരും ഐപിഎല്ലിലെ കോൺട്രാക്ട് ലിസ്റ്റിൽ ഉണ്ടാവും എന്ന് മുഷിർ വിശ്വസിക്കുന്നു. “ഇപ്പോൾ എന്റെ പേര് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇല്ല. പക്ഷേ അക്കാര്യത്തിൽ എനിക്ക് യാതൊരു നിരാശയുമില്ല. എന്റെ പിതാവ് എപ്പോഴും പറയുന്നത് ടെസ്റ്റ് ക്രിക്കറ്റ് നന്നായി കളിക്കാനാണ്. ഒപ്പം ടെസ്റ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും അദ്ദേഹം പറയാറുണ്ട്. ഐപിഎൽ കോൺട്രാക്ട് ഭാവിയിൽ ഉറപ്പായും എന്റെ അടുത്തെത്തും. ഇന്നല്ലെങ്കിൽ നാളെ അത് ഉണ്ടാവും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- മുഷീർ പറയുന്നു.

Read Also -  2025 മെഗാലേലത്തിൽ മുംബൈ ലക്ഷ്യം വയ്ക്കുന്ന ഓപ്പണർമാർ. രാഹുൽ അടക്കം 3 പേർ ലിസ്റ്റിൽ.

ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ അവസരം ലഭിക്കാത്തത് മറ്റൊരു തരത്തിൽ തനിക്ക് അനുഗ്രഹമാണ് എന്നാണ് മുഷീർ വിശ്വസിക്കുന്നത്. “ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കുന്നതിനായി എനിക്ക് ഒരു വർഷം കൂടി തയ്യാറാകാൻ ലഭിച്ചിട്ടുണ്ട്. അത് എന്നെ സംബന്ധിച്ച് വലിയൊരു കാര്യമായി ഞാൻ എടുക്കുകയാണ്. ആ സമയത്ത് എനിക്ക് ട്വന്റി20 ക്രിക്കറ്റിനെ പറ്റി കൂടുതൽ മനസ്സിലാക്കാനും സാധിക്കും. ഈ ഫോർമാറ്റിനായി ഏതുതരത്തിൽ തയ്യാറാവണം എന്നതിനുള്ള സൂചനയും ഇതിലൂടെ ലഭിക്കും.”- മുഷീർ കൂട്ടിച്ചേർത്തു. തന്റെ ക്രിക്കറ്റ് ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുള്ള വ്യക്തി തന്റെ സഹോദരനായ സർഫറാസ് തന്നെയാണ് എന്ന് മുഷീർ പറയുന്നു. സർഫറാസിന്റെ ഉപദേശങ്ങളെപറ്റിയും മുഷീർ സംസാരിച്ചു.

“ഞാനെന്റെ സഹോദരനിൽ നിന്ന് ഒരുപാട് ഉപദേശങ്ങൾ കൈക്കൊണ്ടിട്ടുള്ള വ്യക്തിയാണ്. സർഫറാസിന്റെ ക്രിക്കറ്റ് ജീവിതമാണ് എന്റെ പ്രചോദനം. കാരണം അവൻ ബാറ്റ് ചെയ്യുന്ന രീതിയും ക്രിക്കറ്റിനോട് കാട്ടുന്ന ആത്മാർത്ഥതയും എന്നെ അത്ഭുതപ്പെടുത്തുന്നതാണ്. ഞങ്ങളുടെ ബാറ്റിംഗ് ശൈലി സാമ്യമുള്ളതാണ്. രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിന് മുൻപായി സർഫറാസ് എനിക്ക് ഒരു ഉപദേശം തന്നിരുന്നു. അതൊരു സാധാരണ മത്സരമായി കാണാനും സമ്മർദ്ദം ഒഴിവാക്കി കളിക്കാനുമാണ് സർഫറാസ് പറഞ്ഞത്.”- മുഷീർ ഖാൻ പറഞ്ഞു വെക്കുന്നു.

Scroll to Top