എന്റെ കരിയറിലെ ഏറ്റവും മികച്ച സ്പെൽ. വിശാഖപട്ടണത്തെ സ്പെല്ലിനെ പറ്റി അശ്വിൻ.

ashwin

നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയിൽ ഒരുപാട് റെക്കോർഡുകൾ വാരി കൂട്ടാനും അശ്വിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ വമ്പൻ വിജയത്തിൽ പ്രധാന പങ്കുതന്നെ അശ്വിൻ വഹിച്ചിരുന്നു.

മാത്രമല്ല ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന പതിനേഴാമത്തെ താരമായി മാറാനും അശ്വിന് സാധിച്ചു. പരമ്പരയിൽ 26 വിക്കറ്റുകളാണ് അശ്വിൻ സ്വന്തമാക്കിയത്. 24.8 ശരാശരിയിൽ ആയിരുന്നു അശ്വിന്റെ ഈ നേട്ടം. തന്റെ ടെസ്റ്റ് കരിയറിലെ തന്നെ ഏറ്റവും മികച്ച സ്പെല്ലുകളിൽ ഒന്നാണ് വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ താൻ എറിഞ്ഞത് എന്ന് അശ്വിൻ പറയുകയുണ്ടായി.

വിശാഖപട്ടണത്ത് നടന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 72 റൺസ് വിട്ടു നൽകി 3 വിക്കറ്റുകൾ അശ്വിൻ സ്വന്തമാക്കിയിരുന്നു. ഡക്കറ്റ്, റൂട്ട്, ഓലി പോപ്പ് എന്നിവരുടെ വിക്കറ്റുകളാണ് അശ്വിൻ സ്പെല്ലിൽ സ്വന്തമാക്കിയത്. ഇതിനെപ്പറ്റിയാണ് അശ്വിൻ പറഞ്ഞത്.

“ആ സ്പെല്ലിൽ ഞാൻ ജോ റൂട്ടിന്റെയും ഓലി പോപ്പിന്റെയും വിക്കറ്റുകൾ സ്വന്തമാക്കി. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു സ്പെൽ തന്നെയായിരുന്നു അത്. എന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഞാൻ എറിഞ്ഞതിൽ ഏറ്റവും മികച്ച സ്പെല്ലുകളിൽ ഒന്നുതന്നെയാണ് അത്. 3 വിക്കറ്റുകൾ ഞാൻ സ്വന്തമാക്കിയിരുന്നു.”- അശ്വിൻ പറയുന്നു.

Read Also -  വീണ്ടും കൊല്ലം സ്വാഗ്. കാലിക്കറ്റിനെ വിറപ്പിച്ച് കെസിഎല്ലിന്റെ പ്ലേയോഫിൽ.

“ടോം ഹാർട്ലിയായിരുന്നു അന്ന് എന്റെ 500ആം വിക്കറ്റായി മാറേണ്ടിയിരുന്നത്. എന്നാൽ റിവ്യൂ അവനെ രക്ഷിച്ചു. ശേഷം ജെയിംസ് ആൻഡേഴ്സൺ വഴി എനിക്ക് മറ്റൊരു വിക്കറ്റ് കൂടി നഷ്ടമായി. എന്നാൽ ഇതൊന്നും തന്നെ എന്നെ തളർത്തിയില്ല. ആ മത്സരത്തിൽ എനിക്ക് 5 വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചേനെ. പക്ഷേ 3 വിക്കറ്റുകളിൽ എനിക്ക് ഒതുങ്ങേണ്ടിവന്നു. പക്ഷേ അക്കാര്യത്തിൽ എനിക്ക് യാതൊരു വിഷമവുമില്ല.”- അശ്വിൻ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനേതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഒരു വമ്പൻ റെക്കോർഡും അശ്വിൻ സ്വന്തമാക്കുകയുണ്ടായി. ക്രിക്കറ്റിൽ ഏറ്റവുമധികം 5 വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിൽ റിച്ചാർഡ് ഹാർഡ്‌ലിക്കൊപ്പം എത്താൻ അശ്വിന് സാധിച്ചിട്ടുണ്ട്. ഇരുവരും 36 തവണയാണ് അഞ്ചു വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്.

37 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള ഷെയിൻ വോണും, 67 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള മുത്തയ്യ മുരളീധരനുമാണ് അശ്വിന്റെ മുൻപിൽ ഇനിയുള്ളത്. ഇന്ത്യയ്ക്കായി സ്വന്തം നാട്ടിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡിൽ അനിൽ കുംബ്ലെയെ മറികടക്കാനും അശ്വിന് പരമ്പരയ്ക്കിടെ സാധിച്ചിരുന്നു.

Scroll to Top