“ഇവിടെ രാഷ്ട്രീയമാണ് വലുത്. കഷ്ടപ്പാടിന് വിലയില്ല”. രഞ്ജിയിലെ അനീതി തുറന്നുകാട്ടി ഹനുമ വിഹാരി.

hanuma

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലെ രാഷ്ട്രീയ അനീതികൾ തുറന്നുകാട്ടി ഇന്ത്യൻ താരം ഹനുമാ വിഹാരി. ഇത്തവണത്തെ രഞ്ജി ട്രോഫി ടൂർണമെന്റിൽ തനിക്ക് നേരിടേണ്ടിവന്ന വലിയ പ്രശ്നം തുറന്നു പറഞ്ഞുകൊണ്ടാണ് ഹനുമാ വിഹാരി രംഗത്ത് എത്തിയിരിക്കുന്നത്. ആന്ധ്ര ടീമിന്റെ നായകനായി സീസൺ ആരംഭിച്ച ഹനുമാ വിഹാരിയെ ചില രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ നായക സ്ഥാനത്തു നിന്ന് ക്രിക്കറ്റ് അസോസിയേഷൻ നീക്കം ചെയ്തു എന്ന് അദ്ദേഹം പറയുന്നു.

ഇക്കാരണത്താൽ ഇനിയൊരിക്കലും താൻ ആന്ധ്ര ടീമിനായി കളിക്കില്ല എന്നും ഹനുമാ വിഹാരി കുറിച്ചു. താൻ വളരെയധികം അപമാനിതനായി എന്നാണ് ഹനുമാ വിഹാരി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത്.

ആന്ധ്ര ടീമിലെ ഒരു താരത്തിനെതിരെ താൻ ദേഷ്യപ്പെട്ടതിന്റെ പേരിലാണ് തന്നെ നായക സ്ഥാനത്തുനിന്ന് നീക്കിയത് എന്ന് ഹനുമാ വിഹാരി പറയുന്നു. “ബംഗാളിനെതിരായ ആദ്യ മത്സരത്തിൽ ഞാനായിരുന്നു ആന്ധ്രപ്രദേശിന്റെ നായകൻ. മത്സരത്തിനിടെ ടീമിലെ പതിനേഴാമത്തെ താരത്തിനെതിരെ എനിക്ക് ദേഷ്യം പ്രകടിപ്പിക്കേണ്ടിവന്നു. ആ താരം രാഷ്ട്രീയ നേതാവായ തന്റെ പിതാവിനോട് ഇക്കാര്യം പരാതിയായി പറയുകയും ചെയ്തു.”

“അതിന് പകരമായി ആ താരത്തിന്റെ പിതാവ് എനിക്കെതിരെ നിയമ നടപടിയെടുക്കാൻ അസോസിയേഷനോട് ആവശ്യപ്പെട്ടു. അന്ന് ഞങ്ങൾ ബംഗാളിനെതിരെ 410 എന്ന വമ്പൻ സ്കോർ പിന്തുടർന്നിരുന്നു. എന്നാൽ ശേഷം എന്നോട് നായക സ്ഥാനം രാജിവെക്കാനാണ് ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടത്. അത് എന്റെ തെറ്റുമായിരുന്നില്ല.”- വിഹാരി പറഞ്ഞു.

Read Also -  രോഹിതും കോഹ്ലിയുമല്ല, ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററെ തിരഞ്ഞെടുത്ത് ബാബർ ആസം.

“ആ താരത്തിനോട് ഞാൻ വ്യക്തിപരമായി യാതൊന്നും തന്നെ പറഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോഴും ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ കരുതുന്നത്, കഴിഞ്ഞവർഷം ശരീരത്തിന് പൂർണ്ണമായി പരിക്കേറ്റിട്ടും, ഇടംകയ്യനായി ടീമിനു വേണ്ടി പൊരുതിയ എന്നെക്കാളും പ്രധാനം അവർക്ക് ആ താരമാണ് എന്നാണ്.”

“കഴിഞ്ഞ ഏഴ് സീസണുകളിൽ അഞ്ചു തവണയും ആന്ധ്രയെ നോകൗട്ട് സ്റ്റേജിൽ എത്തിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കായി 16 ടെസ്റ്റ് മത്സരങ്ങളും ഞാൻ കളിച്ചിട്ടുണ്ട്. എന്നാൽ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ ഇതൊക്കെയും മറക്കുകയാണ് ചെയ്തത്.”- വിഹാരി കൂട്ടിച്ചേർത്തു.

“ഇക്കാര്യത്തിൽ ഞാൻ വളരെയധികം അപമാനിതനായിരുന്നു. എന്നിരുന്നാലും ഞാൻ ഇതുവരെ ടീമിനൊപ്പം തുടർന്നത് ഞാൻ ഈ മത്സരത്തെയും എന്റെ ടീമിനെയും ഒരുപാട് ബഹുമാനിക്കുന്നത് കൊണ്ട് മാത്രമാണ്. ഇപ്പോഴും ആന്ധ്ര അസോസിയേഷൻ കരുതുന്നത് തങ്ങളുടെ കളിക്കാരൊക്കെയും തങ്ങളെ പൂർണമായും അനുസരിക്കണം എന്ന് തന്നെയാണ്. അവർ പറയുന്നത് പൂർണമായും യോജിക്കണം എന്നാണ്.”

“അതുകൊണ്ടാണ് ഞാൻ ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ഞാൻ ഇവിടെ പൂർണമായും അപമാനിതനായി എനിക്ക് തോന്നുന്നു. പക്ഷേ ഇന്നീ നിമിഷം വരെ ഞാൻ അത് മറ്റൊരിടത്തും പങ്കുവെച്ചിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ സ്വയ ബഹുമാനം പോലും നഷ്ടപ്പെടുകയുണ്ടായി. അതിനാൽ ഞാൻ ഇനിയും ആന്ധ്ര ടീമിനായി കളിക്കില്ല എന്ന് ഉറപ്പു പറയുന്നു. ഞാൻ എന്റെ ടീമിനെ സ്നേഹിക്കുന്നു. അവർ ഓരോ സീസണിലും വളർന്നുവരുന്ന രീതിയിൽ ഞാൻ സന്തോഷിക്കുന്നു.”- വിഹാരി പറഞ്ഞു വെക്കുന്നു.

Scroll to Top