“ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്”. വിജയത്തിന് ശേഷം ഋതുരാജ്.

rutu

കൊൽക്കത്തക്കെതിരായ ഐപിഎൽ മത്സരത്തിൽ ശക്തമായ വിജയം തന്നെയായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ കേവലം 137 റൺസിൽ ഒതുക്കാൻ ചെന്നൈയുടെ ബോളർമാർക്ക് സാധിച്ചു.

ചെന്നൈക്കായി ബോളിങ്ങിൽ 3 വിക്കറ്റുകൾ വീതം വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തത് രവീന്ദ്ര ജഡേജയും തുഷാർ ദേശ്പാണ്ടെയുമാണ്. ശേഷം മറുപടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈയ്ക്കായി നായകൻ ഋതുരാജ് ക്രീസിലുറച്ച് പക്വതയാർന്ന പ്രകടനം കാഴ്ചവച്ചു. ശിവം ദുബെ അടക്കമുള്ളവർ ബാറ്റിംഗിൽ മികവ് പുലർത്തിയപ്പോൾ ചെന്നൈ 7 വിക്കറ്റുകളുടെ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. വിജയത്തിന് ശേഷം ചെന്നൈ നായകൻ ഋതുരാജ് സംസാരിക്കുകയുണ്ടായി.

ചെന്നൈ ടീമിൽ ഒരു കളിക്കാരനോടും ഏത് രീതിയിൽ കളിക്കണമെന്ന് പറഞ്ഞു കൊടുക്കേണ്ടതില്ല എന്നാണ് ഋതുരാജ് പറയുന്നത്. അത്രമാത്രം വ്യക്തതയോടെയാണ് ടീം മൈതാനത്ത് അണിനിരക്കുന്നത് എന്നാണ് ഋതുരാജ് ചൂണ്ടിക്കാട്ടുന്നത്. “ഈ വിജയം അല്പം മധുരമേറിയതാണ്. ഞാൻ ആദ്യമായി ഐപിഎല്ലിൽ അർദ്ധസെഞ്ച്വറി നേടിയ നിമിഷമാണ് ഞാൻ ഓർത്തത്. അന്ന് എന്നോടൊപ്പം മഹിഭായി ഫിനിഷിംഗ് ലൈനിൽ ഉണ്ടായിരുന്നു. ഇതേപോലൊരു സാഹചര്യമായിരുന്നു അന്നും ഉണ്ടായിരുന്നത്. ഇന്ന് രഹാനെയ്ക്ക് ചെറിയ പരിക്ക് പറ്റിയിരുന്നു. അതിനാൽ തന്നെ മത്സരത്തിന്റെ അവസാനം വരെ ക്രീസിൽ തുടരേണ്ടത് എന്റെ ഉത്തരവാദിത്തമായി ഞാൻ കരുതി. പിച്ച് അല്പം ട്രിക്കിയായിരുന്നു.”- ഋതുരാജ് പറഞ്ഞു.

Read Also -  "അവർ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ചവർ, അവരുടെ നഷ്ടം ഇന്ത്യയെ ബാധിക്കും"- സനത് ജയസൂര്യ.

“ഒരു 150-160 റൺസ് പിറക്കുന്ന വിക്കറ്റ് ആയിരുന്നു ഇവിടുത്തെത്. മാത്രമല്ല സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിച്ചാൽ ഇടയ്ക്ക് ബൗണ്ടറികളും ലഭിക്കുമായിരുന്നു. ഒരിക്കലും ഒരു സിക്സ് ഹിറ്റിങ് പിച്ച് ആയിരുന്നില്ല ഇത്. വർഷങ്ങളായി ഞങ്ങൾ ഇത് പിന്തുടരുന്നതാണ്. ജഡേജ എല്ലായിപ്പോഴും പവർപ്ലേയ്ക്കു ശേഷമാണ് ബോളിംഗ് ക്രീസിൽ എത്താറുള്ളത്. ഇത്തരമൊരു ടീമിൽ ആരോടും എന്തുചെയ്യണമെന്ന് പറഞ്ഞു കൊടുക്കേണ്ട ആവശ്യം എനിക്കില്ല. എല്ലാവരും അത് കൃത്യമായി അറിയാവുന്നവരാണ്. മാത്രമല്ല മഹി ഭായ് ഇപ്പോഴും ഇവിടെയുണ്ട്, ഫ്ലെമിങ്ങും ഇവിടെയുണ്ട്.”- ഋതുരാജ് കൂട്ടിച്ചേർക്കുന്നു.

“എനിക്ക് ഈ ഐപിഎല്ലിൽ പതിഞ്ഞ തുടക്കമാണ് ലഭിച്ചത് എന്ന് ഞാൻ കരുതുന്നില്ല. ട്വന്റി20 ക്രിക്കറ്റിൽ ചില സമയങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവും. ചില മത്സരങ്ങളിൽ കുറച്ചു പന്തുകൾ മാത്രമേ ലഭിക്കു. അതോടൊപ്പം കൂടുതൽ ഭാഗ്യവും നമുക്ക് ആവശ്യമാണ്. ഇന്ന് എന്നെ സംബന്ധിച്ച് എല്ലാത്തരത്തിലും മികച്ച സാഹചര്യമായിരുന്നു. ഞാൻ എന്റേതായ സമയം മൈതാനത്ത് ചിലവഴിക്കാനാണ് ശ്രമിച്ചത്. എന്റെ സ്ട്രൈക്ക് റേറ്റിനെ സംബന്ധിച്ചും പിന്നീടുള്ള ദിവസങ്ങളിൽ ചർച്ച വന്നേക്കും. എന്നിരുന്നാലും വിജയം സ്വന്തമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.”- ഋതുരാജ് പറഞ്ഞു വയ്ക്കുന്നു.

Scroll to Top