ചരിത്രം സൃഷ്ടിച്ച് ഉഗാണ്ട, 2024 ലോകകപ്പിലേക്ക് യോഗ്യത നേടി.. ഇന്ത്യയ്ക്കൊപ്പം കളിക്കും..

GAL8BcjbsAAi Fm

ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ഉഗാണ്ട ടീം 2024 ട്വന്റി20 ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കിയാണ് ഉഗാണ്ട ടീം ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ട്വന്റി20 ലോകകപ്പിന്റെ ആഫ്രിക്കൻ ക്വാളിഫയറിൽ ര്വാണ്ട ടീമിനെ പരാജയപ്പെടുത്തിയാണ് ഉഗാണ്ട യോഗ്യത സ്വന്തമാക്കിയിരിക്കുന്നത്.

ഇതോടെ സിംബാബ്വെ ടീമിന്റെ ലോകകപ്പ് സ്വപ്നങ്ങളാണ് പൊലിഞ്ഞിരിക്കുന്നത്. അടുത്തവർഷം വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിൽ വമ്പൻ ടീമുകൾക്കൊപ്പം ഉഗാണ്ടയാവും അണിനിരക്കുക. വലിയ പ്രതീക്ഷയോടെ ക്വാളിഫയറിലേക്ക് എത്തിയ സിംബാബ്വെയ്ക്ക് നിരാശയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.

ഉഗാണ്ടയെ കൂടാതെ നമിബിയയാണ് ലോകകപ്പിന് യോഗ്യത നേടിയിരിക്കുന്ന മറ്റൊരു ടീം. ഈ രണ്ടു ടീമുകളുമാണ് ക്വാളിഫിക്കേഷൻ റൗണ്ടിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഉള്ളത്. അവസാന മത്സരത്തിൽ ര്വാണ്ട ടീമിനെതിരെ ഒരു വിജയമായിരുന്നു ഉഗാണ്ടയ്ക്ക് യോഗ്യത നേടാൻ വേണ്ടിയിരുന്നത്. ഇത് വളരെ അനായാസം സ്വന്തമാക്കാൻ ഉഗാണ്ടയ്ക്ക് സാധിച്ചു. മറുവശത്ത് സിംബാബ്വെയെ സംബന്ധിച്ച് വളരെ മോശം പ്രകടനങ്ങളാണ് ക്വാളിഫയറിലും കാഴ്ചവച്ചിരുന്നത്.

മുൻപ് 2019ലും 2023ലും ഏകദിന ലോകകപ്പുകളിൽ സ്ഥാനം കണ്ടെത്താൻ സിംബാബ്വെ ടീമിന് സാധിച്ചിരുന്നില്ല. ശേഷം 2021 ട്വന്റി20 ലോകകപ്പിൽ പങ്കാളികളാകുന്നതിലും സിംബാബ്വേ പരാജയപ്പെട്ടു. 2022 ട്വന്റി20 ലോകകപ്പിൽ കളിക്കനായെങ്കിലും അത്ര മികച്ച പ്രകടനമായിരുന്നില്ല സിംബാബ്വെ പുറത്തെടുത്തത്. ഇതിനു ശേഷമാണ് ഇപ്പോൾ ലോകകപ്പിന്റെ ക്വാളിഫയർ താണ്ടാതെ സിംബാബ്വെ പുറത്തായിരിക്കുന്നത്.

Read Also -  "സ്പിന്നർമാരാണ് ലോകകപ്പിൽ ഞങ്ങളെ രക്ഷിച്ചത്, ഒരാളെങ്കിലും കുറവായിരുന്നെങ്കിൽ.."- പരസ് മാമ്പ്രെ..

അവസാന മത്സരത്തിൽ ടോസ് നേടിയ ഉഗാണ്ട ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച ബോളിംഗ് പ്രകടനമാണ് ഉഗാണ്ടയുടെ ബോളർമാർ നടത്തിയത്. തുടക്കത്തിൽ തന്നെ ര്വാണ്ട ടീമിനെ എറിഞ്ഞിടാൻ ഉഗാണ്ടയ്ക്ക് സാധിച്ചു. കേവലം രണ്ട് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. മറുവശത്ത് ഉഗാണ്ടയ്ക്കായി റംജാനി, നാക്രാണി, സെന്യൂണ്ടോ, മസാബ എന്നീ ബോളർമാർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി മികവ് പുലർത്തി. ഇതോടെ ര്വാണ്ടാ ടീം 65 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഉഗാണ്ടയ്ക്ക് കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. ഓപ്പണർമാരായ റോണക്ക് പട്ടേൽ, സെസാസി എന്നിവർ തുടക്കത്തിൽ തന്നെ ഉഗാണ്ടയ്ക്ക് വേണ്ടി മികവ് പുലർത്തി. 21 പന്തുകളിൽ 26 റൺസാണ് സെസാസി നേടിയത്. ശേഷം മൂന്നാമനായി എത്തിയ മുഖാസ 8 പന്തുകളിൽ 13 റൺസ് സ്വന്തമാക്കുകയുണ്ടായി. മത്സരത്തിന്റെ ഒമ്പതാം ഓവറിൽ തന്നെ ഉഗാണ്ട വിജയം നേടുകയായിരുന്നു. ലീഗിൽ 6 മത്സരങ്ങൾ കളിച്ച ഉഗാണ്ട 5 മത്സരങ്ങളിലും വിജയം നേടിയാണ് 2024 ട്വന്റി20 ലോകകപ്പിലേക്ക് യോഗ്യത നേടിയത്. എന്തായാലും സിംബാബ്വെയെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ് ഉഗാണ്ടയുടെ ഈ മികച്ച പ്രകടനം.

Scroll to Top