ഇന്ത്യ അന്ന് ജയിച്ചത് കള്ളകളിയിലൂടെ. രോഹിത് കാട്ടിയത് നിയമവിരുദ്ധമെന്ന് അഫ്ഗാൻ താരം.

a968f21d 77aa 4b25 9bdb a9103b881b47

ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരം വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. നാടകീയമായ മത്സരത്തിൽ 2 സൂപ്പർ ഓവറുകളാണ് ഉണ്ടായിരുന്നത്. മത്സരം സമനിലയിൽ എത്തിയതിന് പിന്നാലെ ആദ്യ സൂപ്പർ ഓവർ നടക്കുകയുണ്ടായി. ഇതിനിടെ രോഹിത് ശർമ റിട്ടയേഡ് ഔട്ടായി മടങ്ങിയിരുന്നു.

പിന്നാലെ രണ്ടാം സൂപ്പർ ഓവറിലും രോഹിത് ശർമ ബാറ്റിംഗിന് ഇറങ്ങിയതാണ് വിവാദങ്ങൾക്ക് വഴി വച്ചത്. ഐസിസിയുടെ നിയമപ്രകാരം ഒരു സൂപ്പർ ഓവറിൽ പുറത്തായ ബാറ്റർ മറ്റൊരു സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാൻ പാടില്ല. അത്തരത്തിൽ ഒരു ബാറ്റർക്ക് രണ്ടാം സൂപ്പർ ഓവറിലും ബാറ്റ് ചെയ്യണമെങ്കിൽ എതിർ ടീമിന്റെ അനുമതി ആവശ്യമായിരുന്നു. എന്നാൽ ഈ നിയമം അമ്പയർമാർ പോലും കണക്കിലെടുത്തില്ല എന്നതാണ് വസ്തുത. ഇതേ സംബന്ധിച്ചാണ് അഫ്ഗാനിസ്ഥാൻ താരം കരീം ജനത് പറയുന്നത്.

മത്സരത്തിൽ രോഹിത് ശർമ ചെയ്തത് യാതൊരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല എന്ന രീതിയിലാണ് ജനത് സംസാരിച്ചത്. ഐസിസി നിയമപ്രകാരം ഒരു സൂപ്പർ ഓവറിൽ ബാറ്റര്‍ക്ക് പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായാൽ അടുത്ത സൂപ്പർ ഓവറിൽ കളിക്കാൻ സാധിക്കും. എന്നാൽ രോഹിത് അന്ന് ക്രീസ് വിട്ടത് റിട്ടയേഡ് ഔട്ടായി ആയിരുന്നു. അതിനാൽ രണ്ടാം സൂപ്പർ ഓവറിൽ സ്വമേധയാ ഇറങ്ങാൻ സാധിക്കുമായിരുന്നില്ല. ഇതേ സംബന്ധിച്ചാണ് ജനത് സംസാരിച്ചത്.

“ഞങ്ങൾക്ക് അക്കാര്യത്തെക്കുറിച്ച് കൂടുതലായി ഒന്നും തന്നെ അറിയില്ലായിരുന്നു. ഞങ്ങളുടെ ടീം മാനേജ്മെന്റ് ഇക്കാര്യം കൃത്യമായി അമ്പയർമാരുമായി സംസാരിക്കുകയുണ്ടായി. എന്നാൽ ആദ്യ സൂപ്പർ ഓവറിൽ പിന്മാറിയ രോഹിത് രണ്ടാം സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാൻ വന്നു. അദ്ദേഹത്തെ അത് അനുവദിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്ന് ഞങ്ങൾക്ക് പിന്നീടാണ് മനസ്സിലായത്.”- ജനത് പറഞ്ഞു.

Read Also -  സഞ്ജുവല്ല, ആ 2 പേരാണ് ട്വന്റി20യിലെ ഇന്ത്യയുടെ ഭാവി നായകർ. മുൻ ഇന്ത്യൻ താരം പറയുന്നു.

“അക്കാര്യത്തിൽ ഞങ്ങൾക്ക് ഇപ്പോൾ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല. കാരണം അത് സംഭവിച്ചു കഴിഞ്ഞ കാര്യമാണ്. ഞങ്ങളുടെ ടീം നായകനും പരിശീലകനും തമ്മിൽ ഇതേ സംബന്ധിച്ച് പിന്നീട് ചർച്ചകൾ നടത്തിയിരുന്നു. ആ ചർച്ചകൾ അവർക്കിടയിൽ തന്നെയായിരുന്നു നിന്നത്.”- ജനത് കൂട്ടിച്ചേർക്കുന്നു.

വളരെ നാടകീയമായി രംഗങ്ങളായിരുന്നു ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനിടെ നടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 212 എന്ന കൂറ്റൻ സ്കോറാണ് സ്വന്തമാക്കിയത്. എന്നാൽ അഫ്ഗാനിസ്ഥാനും അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുകയുണ്ടായി. ഇതോടെയാണ് മത്സരം സമനിലയിൽ കലാശിച്ചത്.

ശേഷം ആദ്യ സൂപ്പർ ഓവറിൽ 16 റൺസാണ് അഫ്ഗാനിസ്ഥാൻ നേടിയത്. ഇത് ചെയ്സ് ചെയ്ത ഇന്ത്യയും 16 റൺസ് നേടിയതോടെ മത്സരം അടുത്ത സൂപ്പർ ഓവറിലേക്ക് കടക്കുകയായിരുന്നു. രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 11 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്ഥാൻ കേവലം ഒരു റണ്ണിന് പുറത്താവുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ മത്സരത്തിൽ വിജയം നേടിയത്. പരമ്പര 3-0 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു എന്നാൽ മത്സരത്തിനു പിന്നാലെ ഒരുപാട് വിമർശനങ്ങളും ഇന്ത്യയെ തേടിയെത്തി.

Scroll to Top