ഇന്ത്യയെ ഞെട്ടിച്ച് ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ആക്രമണം.. രണ്ടാം ദിവസം അടിപതറി ഇന്ത്യൻ ബോളർമാർ..

BAZBALL AND INDIA

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ശക്തമായി തിരിച്ചടിച്ച് ഇംഗ്ലണ്ട്. ഇന്ത്യ ആദ്യ ഇന്നിങ്സിൽ ഉയർത്തിയ 445 എന്ന സ്കോറിനെതിരെ ഒരു വമ്പൻ ബാസ്ബോൾ പ്രതികരണമാണ് ഇംഗ്ലണ്ട് നടത്തിയത്. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്.

സെഞ്ച്വറി നേടിയ ബെൻ ഡക്കറ്റാണ് ഇംഗ്ലണ്ടിന് ഇത്ര മികച്ച തുടക്കം നൽകിയത്. 133 റൺസ് നേടിയ ഡെക്കറ്റ് മത്സരത്തിൽ പുറത്താവാതെ നിൽക്കുന്നു. ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചാണ് കൃത്യമായ ആധിപത്യം ഇംഗ്ലണ്ട് മത്സരത്തിൽ സ്ഥാപിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മോശം തുടക്കം ആയിരുന്നു ലഭിച്ചത്. എന്നാൽ നായകൻ രോഹിത് ശർമയും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റുന്നതാണ് ബാറ്റിംഗിൽ കണ്ടത്. ഇരുവരും മത്സരത്തിൽ തകർപ്പൻ സെഞ്ച്വറികൾ സ്വന്തമാക്കി.

രോഹിത് ശർമ 131 റൺസും, ജഡേജ 112 റൺസുമാണ് ഇന്ത്യക്കായി നേടിയത്. ഒപ്പം അർത്ഥ സെഞ്ച്വറി നേടിയ സർഫറാസ് ഖാനും മികവ് പുലർത്തിയപ്പോൾ മത്സരത്തിൽ ഇന്ത്യ ശക്തമായ ഒരു സ്കോറിലേക്ക് കുതിക്കുകയായിരുന്നു. ഇങ്ങനെ ശക്തമായി തന്നെ ആദ്യ ദിവസത്തെ മത്സരം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

Read Also -  "കോഹ്ലിയുടെയും രോഹിതിന്റെയും നിഴലിനടിയിലാണ് അവന്റെ കരിയർ", ഇന്ത്യൻ താരത്തെ പറ്റി ആകാശ് ചോപ്ര.

മത്സരത്തിന്റെ രണ്ടാം ദിവസം തുടക്കത്തിൽ തന്നെ വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യയെ ഇംഗ്ലണ്ട് വിറപ്പിക്കുകയുണ്ടായി. പക്ഷേ തുടക്കക്കാരനായ ജൂറലും അശ്വിനും ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് ആശ്വാസമായി. ജൂറൽ 46 റൺസും അശ്വിൻ 38 റൺസുമാണ് നേടിയത്. ഒപ്പം ബൂമ്ര 26 റൺസുമായി കളം നിറഞ്ഞതോടെ ഇന്ത്യ 445 എന്ന സ്കോറിൽ എത്തുകയായിരുന്നു.

മറുവശത്ത് ഇംഗ്ലണ്ടിനായി പേസർ മാർക്ക് വുഡ് 4 വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് യഥാർത്ഥത്തിൽ ഇന്ത്യയെ ഞെട്ടിച്ചു കൊണ്ടാണ് തുടങ്ങിയത്. തങ്ങളുടെ ബാസ്ബോൾ ശൈലിയിൽ തന്നെ മുൻപോട്ടു പോവാനാണ് മത്സരത്തിൽ ഇംഗ്ലണ്ട് ശ്രമിച്ചത്.

ആദ്യ ബോൾ മുതൽ ഇംഗ്ലണ്ടിന്റെ ഓപ്പണർമാർ ഇന്ത്യയെ ആക്രമിക്കുകയുണ്ടായി. കൃത്യമായി ഇന്ത്യൻ സ്പിന്നർമാരെ ലക്ഷ്യം വെച്ചാണ് ഡക്കറ്റ് ആരംഭിച്ചത്. മത്സരത്തിൽ ഒരു അതിവേഗ സെഞ്ച്വറി സ്വന്തമാക്കാനും ഡക്കറ്റിന് സാധിച്ചു. ഇത് ഇന്ത്യയെ വലിയ രീതിയിൽ പ്രതിരോധത്തിൽ ആക്കുകയും ചെയ്തു.

രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോർ മറികടക്കാൻ ഇനി ഇംഗ്ലണ്ടിന് 238 റൺസ് ആവശ്യമുള്ളൂ. 118 പന്തുകളിൽ 21 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 133 റൺസ് സ്വന്തമാക്കിയ ഡക്കറ്റ് പുറത്താവാതെ ക്രീസിലുണ്ട്.

Scroll to Top