ഇന്ത്യയുടെ രക്ഷകനായി കോഹ്ലിയുടെ ഇന്നിങ്സ്. എലൈറ്റ് ക്ലബ്ബിൽ സച്ചിനൊപ്പം.

20240101 132110

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം മത്സരത്തിന്റെ ആദ്യ ദിവസം ആധിപത്യം പുലർത്താൻ സാധിച്ചെങ്കിലും വലിയ നിരാശ തന്നെയാണ് ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്. ആദ്യ ഇന്നിംഗ്സിൽ മുഹമ്മദ് സിറാജിന്റെ മികവിൽ ദക്ഷിണാഫ്രിക്കയെ കേവലം 55 റൺസിന് പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിൽ 6 വിക്കറ്റുകളാണ് സിറാജ് നേടിയത്. എന്നാൽ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കും ചുവടു പിഴച്ചു.

മുൻനിര മികച്ച തുടക്കം നൽകിയിട്ടും അത് മധ്യനിരയ്ക്ക് മുതലെടുക്കാൻ സാധിക്കാതെ വന്നത് ഇന്ത്യയെ ബാധിക്കുകയായിരുന്നു. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി എന്നിവർ മികവ് പുലർത്തിയിട്ടും ഇന്ത്യയ്ക്ക് 200 റൺസ് പിന്നിടാൻ സാധിച്ചില്ല. 46 റൺസ് സ്വന്തമാക്കിയ കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഈ ഇന്നിങ്സിലൂടെ ഒരു അപൂർവ്വ റെക്കോർഡും കോഹ്ലി സ്വന്തമാക്കുകയുണ്ടായി.

ഇന്ത്യൻ ടീം 200 റൺസിനുള്ളിൽ ഓൾഔട്ടായ മത്സരങ്ങളിൽ ഏറ്റവുമധികം തവണ ടോപ് സ്കോറററായ താരം എന്ന റെക്കോർഡിൽ മുൻപിലെത്താൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമാണ് കോഹ്ലി ഈ പ്രകടനത്തോടെ എത്തിയിരിക്കുന്നത്.

ഒമ്പതാമത്തെ തവണയാണ് കോഹ്ലി ഇന്ത്യ 200നുള്ളിൽ ഓൾഔട്ടായ മത്സരങ്ങളിൽ ടോപ് സ്കോറർ ആകുന്നത്. സച്ചിൻ 9 തവണ ടോപ് സ്കോറർ ആയിരുന്നു. 10 തവണ ഈ നേട്ടം കൈവരിച്ചിട്ടുള്ള സുനിൽ ഗവാസ്കറാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. മത്സരത്തിൽ ഇന്ത്യയ്ക്ക് അനിവാര്യമായ ഒരു ഇന്നിംഗ്സ് തന്നെയായിരുന്നു കോഹ്ലി കളിച്ചത്.

Read Also -  അവസാന ഓവറിൽ സൽമാൻ നിസാറിന്റെ ഉഗ്രൻ സേവ്. തൃശൂരിനെ ത്രില്ലറിൽ പൂട്ടി കാലിക്കറ്റ്.

മറ്റ് ബാറ്റർമാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോളും തന്റേതായ ശൈലിയിൽ തന്നെയാണ് കോഹ്ലി കളിച്ചത്. ഒരു ഏകദിന മത്സരത്തിൽ എന്ന പോലെയാണ് കോഹ്ലി ബാറ്റ് ചെയ്തത്. കേവലം 59 പന്തുകൾ നേരിട്ടായിരുന്നു കോഹ്ലി 46 റൺസിലെത്തിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു.

എന്നാൽ കോഹ്ലി പുറത്തായ ശേഷം ഇന്ത്യയുടെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് കാണാൻ സാധിച്ചത്. പിന്നീട് ഒരു റൺ പോലും സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കാൻ ഇന്ത്യയുടെ മധ്യനിര- വാലറ്റ ബാറ്റർമാർക്ക് സാധിച്ചില്ല. ഇത് ഇന്ത്യയെ മത്സരത്തിൽ ബാധിക്കുകയും ചെയ്തു. ഇങ്ങനെ ഇന്ത്യ കേവലം 153 റൺസിന് മത്സരത്തിൽ ഓൾഔട്ട്‌ ആവുകയായിരുന്നു.

ശേഷം മത്സരത്തിൽ മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനമാണ് ഇതുവരെ കാഴ്ച വെച്ചിട്ടുള്ളത്. ഓപ്പണർ മാക്രം ദക്ഷിണാഫ്രിക്കയ്ക്കായി രണ്ടാം ഇന്നിങ്സിൽ മികവ് പുലർത്തുന്നുണ്ട്.

ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 62ന് 3 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യയെക്കാൾ 36 റൺസ് പിന്നിലാണ് ഇപ്പോഴും ദക്ഷിണാഫ്രിക്ക. രണ്ടാം ദിവസം എത്രയും പെട്ടെന്ന് ദക്ഷിണാഫ്രിക്കയെ പുറത്താക്കിയാൽ മാത്രമേ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാൻ സാധിക്കൂ. പിച്ച് രണ്ടാം ദിവസവും ബോളിങ്ങിന് അനുകൂലമാവും എന്നാണ് പ്രവചനങ്ങൾ.

Scroll to Top