“ഇത്തവണ ഐപിഎൽ കിരീടം അവർ നേടും. അത്രയ്ക്ക് ശക്തരാണവർ.” ഹർഭജൻ പറയുന്നു.

Harbhajan Singh

2024 ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. നിലവിൽ ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളാണ് 2024 ഐപിഎല്ലിന്റെ ക്വാളിഫയറിലേക്ക് യോഗ്യത നേടിയിട്ടുള്ളത്.

വരാനിരിക്കുന്ന മത്സരങ്ങളിലെ ഫലമാകും മറ്റ് പ്ലേയോഫ് ടീമുകളെ നിശ്ചയിക്കുക. എന്നാൽ ഇത്തവണത്തെ ഐപിഎല്ലിൽ ആര് കിരീടം സ്വന്തമാക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഈ ഐപിഎല്ലിൽ കിരീടം സ്വന്തമാക്കാൻ ഏറ്റവും സാധ്യതയുള്ള ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് എന്ന് ഹർഭജൻ പറയുന്നു. എല്ലാ മേഖലകളിലും അവർ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികവ് പുലർത്തി കഴിഞ്ഞു എന്നാണ് ഹർഭജൻ ചൂണ്ടിക്കാട്ടുന്നത്.

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും കൃത്യമായി മികവ് പുലർത്തി മുൻപിലേക്ക് പോകാൻ കൊൽക്കത്തയ്ക്ക് സാധിക്കുന്നുണ്ട് എന്ന് ഹർഭജൻ പറയുന്നു. അതുകൊണ്ടുതന്നെ പ്ലേയോഫിലെത്തുന്ന മറ്റു ടീമുകൾ കൊൽക്കത്തയെ ഭയക്കണം എന്നാണ് ഹർഭജൻ കൂട്ടിച്ചേർത്തിരിക്കുന്നത്.

“കൊൽക്കത്ത വളരെ മികച്ച ടീമായതിനാൽ തന്നെ, അവർക്ക് കിരീടം സ്വന്തമാക്കാൻ വലിയ സാധ്യതയുണ്ട്. പൂർണ്ണമായും സന്തുലിതാവസ്ഥയിലുള്ള ടീം തന്നെയാണ് കൊൽക്കത്ത. അവരുടെ ടീമിൽ എന്തെങ്കിലും കുറവുകൾ പ്രതിഫലിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. അവരുടെ ഓപ്പണിംഗ് സ്ലോട്ടുകളും, മധ്യനിരയും, ഫാസ്റ്റ് ബോളിംഗും,സ്പിൻ ബോളിങ്ങുമൊക്കെ സെറ്റാണ്. ഒരു മികച്ച ടീമിന് വേണ്ട എല്ലാ ഓപ്ഷനുകളും കൊൽക്കത്തയ്ക്കുണ്ട്. അതുകൊണ്ടാണ് അവർ പോയിന്റ്സ് ടേബിൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും.”- ഹർഭജൻ പറഞ്ഞു.

Read Also -  അവനെ നാട്ടിലേക്ക് തിരിച്ചയക്കൂ. ശ്രീശാന്തിനോട് ദേഷ്യപ്പെട്ട് ധോണി. കാരണം ചൂണ്ടിക്കാട്ടി അശ്വിൻ.

“ഇത്തവണ കിരീടം സ്വന്തമാക്കാൻ സാധ്യതയുള്ള ശക്തമായ ടീം കൊൽക്കത്ത തന്നെയാണ് എന്ന് ഞാൻ കരുതുന്നു. ഒരുപാട് മാച്ച് വിന്നർമാർ കൊൽക്കത്തയുടെ ടീമിലുണ്ട്. കൊൽക്കത്തയെ പരാജയപ്പെടുത്തണമെങ്കിൽ എതിർ ടീമിന് ഒരു വളരെ നല്ല ദിവസം തന്നെ ആവശ്യമാണ്. ഈ സീസണിൽ അവരെ പരാജയപ്പെടുത്തുക എന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമായാണ് ഞാൻ കരുതുന്നത്. പേപ്പറിലെ കരുത്ത് മൈതാനത്ത് കാട്ടാനും അവർക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്.”- ഹർഭജൻ സിംഗ് കൂട്ടിച്ചേർക്കുന്നു.

ഗൗതം ഗംഭീറിന്റെ നായകത്വത്തിന് കീഴിലായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 2012ൽ തങ്ങളുടെ പ്രാഥമിക ഐപിഎൽ കിരീടം സ്വന്തമാക്കിയത്. ശേഷം 2014ൽ വീണ്ടും കിരീടം സ്വന്തമാക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചു. 2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലും കൊൽക്കത്തയുടെ മെന്ററായി ഗംഭീർ തുടരുന്നുണ്ട്. ഇത്തവണയും ടീമിനെ മികച്ച നിലയിൽ കിരീടം ചൂടിക്കാൻ തനിക്ക് സാധിക്കും എന്ന് പ്രതീക്ഷയിലാണ് ഗംഭീർ. 2024 ഐപിഎല്ലിൽ എല്ലാ മേഖലകളിലും മികവ് പുലർത്തിയ ചുരുക്കം ചില ടീമുകളിൽ ഒന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.

Scroll to Top