“ആറാം നമ്പറിൽ അവനൊരു സംഹാരമൂർത്തിയാണ്”. ഇന്ത്യ അവനെ കൈവിടരുതെന്ന് കാലിസ്.

rinku singh finish

ഇന്ത്യക്കായി കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിലൊക്കെയും മികച്ച ഫിനിഷിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് റിങ്കു സിംഗ്. തനിക്ക് ലഭിച്ച അവസരങ്ങൾ അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കാൻ ഇതുവരെ റിങ്കുവിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ട്വന്റി20 ടീമിൽ ഒരു ഫിനിഷറുടെ റോളിലാണ് റിങ്കൂ സിംഗ് കളിക്കുന്നത്.

റിങ്കു ഇന്ത്യൻ ടീമിൽ ഒരു ഫിനിഷറായി ആറാം നമ്പറിൽ തന്നെ കളിക്കണമെന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്സ് കാലിസ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ആറാം നമ്പരിൽ എന്തുകൊണ്ടും വളരെ യോജിച്ച ബാറ്ററാണ് റിങ്കു സിംഗ് എന്ന് കാലിസ് പറയുന്നു. മത്സരത്തിലെ സാഹചര്യത്തിനനുസരിച്ച് തന്റെ കളിയുടെ മോഡൽ മാറ്റാൻ റിങ്കുവിന് കഴിവുണ്ട് എന്നും കാലിസ് പറയുകയുണ്ടായി.

എന്തുകൊണ്ട് റിങ്കു സിംഗ് ആറാം നമ്പരിൽ ബാറ്റ് ചെയ്യണം എന്നാണ് കാലിസ് പറഞ്ഞത്. “റിങ്കു സിങ് ഒരു ക്ലാസ് കളിക്കാരനാണ്. എന്താണ് കഴിഞ്ഞ കുറച്ച് മാസങ്ങളിലായി അവൻ ഇന്ത്യക്കായി ചെയ്യുന്നത് എന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. വളരെ നന്നായി മത്സരം ഫിനിഷ് ചെയ്യാൻ റിങ്കുവിന് സാധിക്കുന്നുണ്ട്. വെറുമൊരു കളിക്കാരനായല്ല അവൻ കളിക്കുന്നത്.

ക്രീസിലെത്തിയാൽ വളരെ മികച്ച ക്രിക്കറ്റിങ് ഷോട്ടുകൾ കളിക്കാൻ റിങ്കുവിന് സാധിക്കുന്നുണ്ട്. ആവശ്യമുള്ളപ്പോഴൊക്കെയും റിങ്കു ഇത്തരത്തിൽ മികവ് പുലർത്തുന്നു. ഇന്നിംഗ്സിന്റെ അവസാന സമയത്ത് വമ്പൻ ഷോട്ടുകൾ ആവശ്യമുള്ളപ്പോൾ അത് തുടർച്ചയായി കളിക്കാൻ റിങ്കുവിന് സാധിക്കുന്നു. ആറാം നമ്പറിൽ എന്തുകൊണ്ടും ഇന്ത്യയ്ക്ക് യോജിച്ച ബാറ്റർ തന്നെയാണ് റിങ്കു സിംഗ്.”- ജാക്സ് കാലിസ് പറഞ്ഞു.

Read Also -  ആദ്യ ട്വന്റി20യിൽ സഞ്ജുവിന് പകരം റിഷഭ് പന്ത് ടീമിൽ ? ഗംഭീറിന്റെ കണക്കുകൂട്ടലുകൾ ഇങ്ങനെ.

“ടീമിലെ മറ്റുള്ള ബാറ്റർമാരോടൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത് ഇന്നിംഗ്സ് ഫിനിഷ് ചെയ്യാൻ റിങ്കുവിന് എല്ലായിപ്പോഴും സാധിക്കുന്നുണ്ട്. ടീമിലെ ഒരു ബാറ്റർക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിൽ മറ്റൊരു ബാറ്റർ മുൻപോട്ട് വന്ന മികവ് പുലർത്തുന്നതും ഇന്ത്യൻ ടീമിൽ കാണുന്നു. അതിനാൽ തന്നെ റിങ്കൂ സിംഗ് ആറാം നമ്പറിൽ കളിക്കണം എന്നതാണ് എന്റെ അഭിപ്രായം. അയാൾക്ക് കൃത്യമായി അവസരങ്ങളും നൽകാൻ ഇന്ത്യ തയ്യാറാവണം.”- കാലിസ് കൂട്ടിച്ചേർത്തു.

ഇതുവരെ ഇന്ത്യക്കായി 10 ട്വന്റി20 മത്സരങ്ങളാണ് റിങ്കു കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 180 റൺസ് സ്വന്തമാക്കാൻ റിങ്കുവിന് സാധിച്ചു. 187.5 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് റിങ്കുവിന്റെ ഈ നേട്ടം. ഒപ്പം 60 റൺസ് ശരാശരിയും റിങ്കുവിന് ട്വന്റി20കളിലുണ്ട്. നിലവിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ നിറസാന്നിധ്യമാണ് റിങ്കു സിംഗ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം നാളെയാണ് നടക്കുന്നത്. മത്സരത്തിൽ റിങ്കൂ സിങ് മികവ് പുലർത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Scroll to Top